നേപ്പാളില്‍ ബിആര്‍ഐ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ചൈന

  • 2017ലാണ് കരാര്‍ നേപ്പാളും ചൈനയും തമ്മില്‍ ഒപ്പിട്ടത്
  • ബിആര്‍ഐ പദ്ധതികള്‍ രാജ്യങ്ങളെ കടക്കെണിയില്‍ കുടുക്കുമെന്ന് ആശങ്ക
  • പ്രസിഡന്റ് ഷിയുടെ ഫ്്‌ളാഗ്ഷിപ്പ് പ്രോജക്റ്റ് കോവിഡ് കാലത്ത് തടസപ്പെട്ടിരുന്നു

Update: 2023-07-11 11:13 GMT

2018ലും 2019-ലും ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കാന്‍ നേപ്പാളും ചൈനയും തമ്മില്‍ ധാരണയിലെത്തിയതായി മാധ്യമറിപ്പോര്‍ട്ട്. വിവാദമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് കീഴിലാണ് ഇത് നടപ്പാക്കുക.

നേപ്പാള്‍ ദേശീയ ആസൂത്രണ കമ്മീഷന്‍ (എന്‍പിസി) വൈസ് ചെയര്‍മാന്‍ ഡോ.മിന്‍ ബഹാദൂര്‍ ശ്രേഷ്ഠയും ചൈനീസ് സര്‍ക്കാരിന്റെ നാഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് റിഫോം കമ്മീഷന്‍ (എന്‍ഡിആര്‍സി) വൈസ് ചെയര്‍മാന്‍ ചോങ് ലിയാംഗും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയിലെത്തിയത്.

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ സെപ്തംബറില്‍ ചൈന സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏഷ്യയിലും അതിനപ്പുറവുമുള്ള സമ്പദ് വ്യവസ്ഥകള്‍ക്ക് അടിസ്താന സൗകര്യവികസനത്തിനായി ചൈന നിക്ഷേപങ്ങളാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്. അവിടെ ചൈന വ്യാപാരവും വര്‍ധിപ്പിക്കുന്നു. ഒപ്പം വലിയ പലിശ നല്‍കേണ്ട വായ്പകള്‍ രാജ്യങ്ങളെ കടക്കെണിയിലാക്കുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഇന്ന് നിലവിലുണ്ട്.

കൂടിക്കാഴ്ചയില്‍, ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പരിപാടികളും പദ്ധതികളും നടപ്പാക്കുന്നതിലെ പുരോഗതിയെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. മുമ്പ് തീരുമാനിച്ച പ്രധാന കണക്റ്റിവിറ്റി പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് ഇരുവശത്തുമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തിയതായി ഒരു വാര്‍ത്താ പോര്‍ട്ടലും റിപ്പോര്‍ട്ടു ചെയ്തു.

ബെയ്ജിംഗില്‍ നടന്ന കൂടിക്കാഴ്ചയില്‍ നേപ്പാള്‍, ചൈന സര്‍ക്കാരുകള്‍ നിര്‍വഹിക്കേണ്ട മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇരുപക്ഷവും സമഗ്രമായ ചര്‍ച്ച നടത്തി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ചൈന നേപ്പാളില്‍ സജീവമായി നിക്ഷേപം നടത്തുന്നുണ്ട്.

ബല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് കരാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും എന്നാല്‍ അത് നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രി എന്‍ പി സൗദ് പറഞ്ഞു.

നേപ്പാളും ചൈനയും 2017 മെയ് 12-നാണ്് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ഫ്‌ളാഗ്ഷിപ്പ് സംരംഭമായ ബിആര്‍ഐയില്‍ ഒപ്പുവെച്ചത്. ട്രാന്‍സിറ്റ് ഗതാഗതം, ലോജിസ്റ്റിക്‌സ്, ഗതാഗത ശൃംഖലയുടെ സുരക്ഷ, അനുബന്ധ അടിസ്ഥാന സൗകര്യ വികസനം എന്നിവ സുഗമമാക്കാനും റെയില്‍വേ, റോഡ്, സിവില്‍ ഏവിയേഷന്‍, പവര്‍ ഗ്രിഡ്, ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയാണ് പദ്ധതിക്കുകീഴില്‍ വരുന്നത്.

2013-ല്‍ പ്രസിഡന്റ് ഷിയാണ് ബിആര്‍ഐ നിര്‍ദ്ദേശിച്ചത്. തെക്കുകിഴക്കന്‍ ഏഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ കര, കടല്‍ പാതകളുടെ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

60 ബില്യണ്‍ യുഎസ് ഡോളര്‍ചെലവുള്ള ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) ആണ് ബിആര്‍ഐയുടെ പ്രധാന പദ്ധതികളിലൊന്ന്.സിപിഇസി പാക് അധീന കശ്മീരിലൂടെയാണ് നടപ്പാക്കുന്നത്. അതിനാല്‍ ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായി ചെറിയ രാജ്യങ്ങള്‍ക്ക് വലിയ വായ്പകള്‍ നല്‍കുന്ന ചൈനയുടെ കട നയതന്ത്രത്തില്‍ ആഗോള ആശങ്കകള്‍ സൃഷ്ടിച്ച ബിആര്‍ഐയെ ഇന്ത്യയും വിമര്‍ശിക്കുന്നു.

Tags:    

Similar News