റെയില്‍വേയില്‍നിന്ന് നൂറുകോടിയുടെ കരാറുമായി എംഎസ്എല്‍

  • വന്ദേഭാരത് എക്സ്പ്രസിന് ആവശ്യമായ ഘടകങ്ങള്‍ എംഎസ്എല്‍ വിതരണം ചെയ്യും
  • ഈ സാമ്പത്തികവര്‍ഷത്തില്‍ ഡെലിവറി പൂര്‍ത്തിയാക്കുമെന്ന് കമ്പനി
  • പുതിയറൂട്ടുകളില്‍ വന്ദേ ഭാരത് എക്സ്പ്രസിനായുള്ള ആവശ്യം ശക്തം

Update: 2023-06-14 11:19 GMT

വന്ദേ ഭാരത് എക്സ്പ്രസിന് ആവശ്യമായ നിരവധി ഘടകങ്ങള്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് 100 കോടി രൂപയുടെ കരാര്‍ നേടിയതായി മൊബിലിറ്റി സൊല്യൂഷന്‍സ് ലിമിറ്റഡ് (എംഎസ്എല്‍) അറിയിച്ചു.

ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനും നിറവേറ്റുന്നതിനുമുള്ള പ്രക്രിയയിലാണ് കമ്പനിയെന്ന് എംഎസ്എല്‍ പ്രസ്താവനയില്‍ അറിയിച്ചു. ജെസിബിഎല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് എംഎസ്എല്‍.

എഫ്ആര്‍പി (ഫൈബര്‍-റൈന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്), ഗ്ലാസ് റൈന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (ജിആര്‍പി), ഷീറ്റ് മെറ്റല്‍, വിവിധ റെയില്‍വേ ഇന്റീരിയര്‍ സൊല്യൂഷനുകള്‍ എന്നിവ കമ്പനി നിര്‍മ്മിക്കുന്നു. കോച്ചുകളിലേക്കുള്ള നിരവധി സാധനങ്ങള്‍ കമ്പനി വിതരണം ചെയ്യും. ടോയ്‌ലറ്റിലെ ഇന്റീരിയര്‍ പാനലിംഗ് ഇതില്‍ ഉള്‍പ്പെടുന്നു.

കോച്ചുകളുടെ മുകള്‍ ഭാഗം, വശങ്ങള്‍, പാര്‍ട്ടീഷനുകള്‍ എന്നിവയ്ക്കായുള്ള എഫ്ആര്‍പി ഇന്റീരിയര്‍ പാനലുകളുടെ വികസനം, വിതരണം എന്നിവയ്ക്കുപുറമേ അതിന്റെ ഇന്‍സ്റ്റലേഷനും കമ്പനി നിര്‍വഹിക്കും.

ടോയ്ലറ്റ്, ആക്സസറികള്‍, റോളര്‍ ബ്ലൈന്റുകള്‍, മറ്റ് നിര്‍ണായക ഉപകരണങ്ങള്‍ എന്നിവയും കമ്പനി വിതരണം ചെയ്യുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) നടപ്പ് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഡെലിവറി പൂര്‍ത്തിയാകുമെന്നതിനാല്‍ തങ്ങളുടെ ഉല്‍പ്പാദന യൂണിറ്റുകള്‍ പൂര്‍ണ്ണമായി മുന്നോട്ട് നീങ്ങുകയാണെന്നും കമ്പനി അറിയിച്ചു.

'കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങുമ്പോള്‍, അവ കൂട്ടിച്ചേര്‍ക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള ഘടകങ്ങള്‍ എത്തിക്കേണ്ടത് അടിയന്തിരമായി ആവശ്യമാണ്,' ജെസിബിഎല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഋഷി അഗര്‍വാള്‍ പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും പുതിയ കരാര്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ മൊത്തത്തിലുള്ള കാര്യക്ഷമതയും വിശ്വാസ്യതയും സുരക്ഷയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

സീറ്റുകള്‍, വിന്‍ഡോകള്‍, മറ്റ് ഘടകങ്ങള്‍ എഫ്ആര്‍പി,ജിആര്‍പി ഭാഗങ്ങള്‍, സീറ്റുകള്‍ തുടങ്ങിയവ കമ്പനി നിര്‍മ്മിക്കുന്നു. ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്കും (ഒഇഎം) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കസ്റ്റമൈസ്ഡ് സൊല്യൂഷനുകള്‍ വഴി രമ്പരാഗത സാമഗ്രികള്‍ മാറ്റി സ്ഥാപിക്കാനും കമ്പനി പദ്ധതി തയ്യാറാക്കുന്നതായി എംഎസ്എല്‍ പറഞ്ഞു.

കൂടുതല്‍ വന്ദേ ഭാരത് ട്രെയ്‌നുകള്‍ രാജ്യത്ത് പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അതനുസരിച്ച് നിരവധി റൂട്ടുകളില്‍ ഇപ്പോള്‍ ഈ സെമി ഹൈസ്പീഡ് ട്രെയ്ന്‍ സര്‍വീസ് നടത്തുന്നുണ്ട്.

പാളങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികളും രാജ്യവ്യാപകമായി നടക്കുന്നു. ഈ ജോലി പൂര്‍ത്തിയായാല്‍ മാത്രമെ വന്ദേഭാരതിന് അതിന്റെ യഥാര്‍ത്ഥ വേഗത പുറത്തെടുക്കാനാകു. പുതിയറൂട്ടുകളില്‍ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags:    

Similar News