ആരോഗ്യ മേഖലയില്‍ മുന്നേറ്റം ലക്ഷ്യം; 3.5 ദശലക്ഷം ഡോളര്‍ സമാഹരിച്ച് ദി ഗുഡ് ബഗ്

  • ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ നിലവില്‍ ദി ഗുഡ് ബഗിനുണ്ട്.

Update: 2023-09-19 08:30 GMT

പ്രമുഖ പ്രോ ബയോട്ടിക് ബ്രാന്‍ഡായ ദി ഗുഡ് ബഗ് 3.5 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ഫയര്‍സൈഡ് വെഞ്ച്വറില്‍ നിന്നാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്.

വിപണി വിപുലീകരണം, കൂടുതല്‍ ആരോഗ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുക, റിക്രൂട്ടിംഗ്-മാര്‍ക്കറ്റിംഗ് എന്നിവ വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി  തുക വിനിയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ ഇത് വരെ കാര്യമായി ഉപയോഗപ്പെടുത്താത്ത ഗട്ട് ഹെല്‍ത്ത് (ഉദര ആരോഗ്യം) വിഭാഗത്തിന് തുടക്കമിടാനും വിപുലീകരിക്കാനും പദ്ധതിയിടുന്നതായി ദി ഗുഡ് ബഗ് വ്യക്തമാക്കി.

കാതലായ ആരോഗ്യ പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്താനും അവ സമഗ്രമായി പരിഹരിക്കാൻ  ആളുകളെ സഹായിക്കുന്നതിനായി  ഗട്ട് ഹെല്‍ത്ത് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതായി ദി ഗുഡ് ബഗിന്റെ സഹസ്ഥാപകനായ കേശവ് ബിയാനി പറഞ്ഞു. 2022 ല്‍ പ്രഭു കാര്‍ത്തികേയനും കേശവ് ബിയാനിയും ചേര്‍ന്നാണ് കമ്പനിക്ക് രൂപം നല്‍കിയത്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ കിഷോര്‍ ബിയാനിയുടെ അനന്തരവനാണ് കേശവ് ബിയാനി.

വയറുവേദന, മലബന്ധം,ശരീരഭാരം കുറയ്ക്കല്‍ തുടങ്ങിയ ഉദര-ആരോഗ്യവുമായി (ഗട്ട് ഹെല്‍ത്ത്) ബന്ധപ്പെട്ട ജീവിതശൈലി പ്രശ്‌നങ്ങള്‍ക്കുള്ള യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ) അംഗീകരിച്ച ഉത്പന്നങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നു.

'ഉപഭോക്താക്കള്‍ കൂടുതല്‍ ആരോഗ്യ ബോധമുള്ളവരാകുകയും ദീര്‍ഘകാല ആരോഗ്യ നേട്ടങ്ങല്‍ കൈവരിക്കുകയും സുരക്ഷിതവും ഫലപ്രദവുമായ പരിഹാരങ്ങള്‍ തേടുകയും ചെയ്യുന്നതിനാല്‍ ഉദര ആരോഗ്യത്തിന് വലിയൊരു സാധ്യതയാണ് നമ്മള്‍ കാണുന്നത്. നൂതനവും ഫലപ്രദവുമായ ഉത്പന്നങ്ങളുമായി കുതിച്ചുയരുന്ന ഈ സെഗ്മെന്റില്‍ ഗുഡ് ബഗ് മുന്‍പന്തിയിലാണ്,'' ഫയര്‍സൈഡ് വെഞ്ചേഴ്സിന്റെ പ്രിന്‍സിപ്പല്‍ അങ്കുര്‍ ഖൈതാന്‍ പറഞ്ഞു.

കിഷോര്‍ ബിയാനിയുടെ പെണ്‍മക്കളായ അഷ്നി ബിയാനിയും അവ്നി ബിയാനിയു൦ അവരുടെ സ്ഥാപനമായ  തിങ്ക്9 കണ്‍സ്യൂമര്‍ ടെക്നോളജീസും ഈ സ്ഥാപനത്തിന് പിന്തുണ നല്‍കുന്നുണ്ട്. സാങ്കേതികവിദ്യ, ഡാറ്റ, മാര്‍ക്കറ്റിംഗ് സൊല്യൂഷനുകള്‍ എന്നിവ ഉപയോഗിച്ച് ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നു.


Tags:    

Similar News