പാപ്പരത്വം ഫയൽ ചെയ്ത് ബോഡി ഷോപ്പ്; യുഎസിലെ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടുന്നു
- യുഎസ് രാജ്യത്തെ ബോഡി ഷോപ്പിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ചു
- 1976-ൽ മനുഷ്യാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രചാരകയുമായ അനിതാ റോഡിക്കാണ് ദി ബോഡി ഷോപ്പ് സ്ഥാപിച്ചത്
- പണപ്പെരുപ്പം ഷോപ്പിംഗ് മാളുകളെ പ്രധാനമായും ആശ്രയിക്കുന്ന റീറ്റെയ്ൽ വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു
പ്രമുഖ ബ്രിട്ടീഷ് സൗന്ദര്യവർധക വസ്തു കമ്പനിയായ ദി ബോഡി ഷോപ്പ്, യുഎസ് പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുകയും, കാനഡയിൽ നിരവധി കടകൾ അടച്ചുപൂട്ടുകയും ചെയ്യുന്നു. കമ്പനി ബാങ്കറപ്റ്റ്സി ഫയൽ ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് 1 മുതൽ യുഎസ് രാജ്യത്തെ ബോഡി ഷോപ്പിന്റെ പ്രവർത്തനങ്ങൾ നിലച്ചു. കാനഡയിലെ 105 ഷോപ്പുകളിൽ 33 എണ്ണം ഉടൻ ലിക്വിഡേഷൻ വിൽപന ആരംഭിക്കും. കാനഡയിലെ ഓൺലൈൻ വിൽപ്പന നിർത്തലാക്കും, മറ്റുള്ള ഷോപ്പുകൾ നിലവിൽ പ്രവർത്തനം തുടരും. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉയർന്ന നിരക്കിലുള്ള പണപ്പെരുപ്പം ഷോപ്പിംഗ് മാളുകളെ പ്രധാനമായും ആശ്രയിക്കുന്ന റീറ്റെയ്ൽ വ്യാപാരികളെ, പ്രത്യേകിച്ച് ദി ബോഡി ഷോപ്പ് പോലുള്ള കമ്പനികളെ പ്രതികൂലമായി ബാധിച്ചു.
1976-ൽ മനുഷ്യാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രചാരകയുമായ അനിതാ റോഡിക്കാണ് ദി ബോഡി ഷോപ്പ് സ്ഥാപിച്ചത്. നൈസർഗികവും, പരിസ്ഥിതി സൗഹൃദവും, ധാർമ്മികവും മൃഗങ്ങളിൽ പരീക്ഷണം നടത്താത്തതുമായ ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട കമ്പനിയാണിത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദി ബോഡി ഷോപ്പ് ലോറിയൽ, നാച്വുറ എന്നീ വിവിധ കമ്പനികളുടെ ഉടമസ്ഥതയിലുമായിരുന്നു. ലോറിയൽ ഒരു ബില്യൺ ഡോളറിലധികം നൽകിയാണ് ഈ ബ്രാൻഡ് വാങ്ങിയത്. പിന്നീട് 2017-ൽ, ബില്യൺ ഡോളറിന് ബ്രസീലിയൻ കമ്പനിയായ നാച്ചുറ ഈ ബ്രാൻഡ് ഏറ്റെടുത്തു.
2023-ലെ ആദ്യ റിപ്പോർട്ടിൽ, ദി ബോഡി ഷോപ്പ് 2022-ൽ 13.5% വരുമാന ഇടിവ് നേരിട്ടതായി നാച്ചുറ വെളിപ്പെടുത്തി. കോവിഡ്-19 കാലഘട്ടത്തിൽ നേട്ടം കൈവരിച്ചതിന് ശേഷം, ദി ബോഡി ഷോപ്പിൻ്റെ നേരിട്ടുള്ള ഉപഭോക്തൃ ചാനലുകൾ പ്രീ പാൻഡെമിക് ലെവലിലേക്ക് തിരിച്ചെത്തിയതായി നാച്ചുറ ചൂണ്ടിക്കാണിച്ചു.
സി എൻ എൻ റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, 2023-ലെ അവസാനത്തോടെ ഏകദേശം 266 മില്യൺ ഡോളറിന് അസറ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പായ ഔറേലിയസിന് ഈ ബ്രാൻഡ് വിറ്റു.