ഇന്ത്യയിൽ 8,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ വിപ്രോ ജിഇ ഹെൽത്ത് കെയർ
- ആഗോളതലത്തിൽ ലോക വിപണികൾക്കുമായി മെഡ്‌ടെക് ഇന്നൊവേഷൻ ആൻഡ് മാനുഫാക്ചറിംഗ് ഹബ് എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ത്വരിതപ്പെടുത്തുക എന്നതാണ് പ്രഖ്യാപനത്തിന്റെ ലക്‌ഷ്യം
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 8,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വിപ്രോ ജിഇ ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. രാജ്യത്തെ നിർമ്മാണ മേഖലയും ഗവേഷണ വികസന പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുന്നതിനായി ഈ നിക്ഷേപം.
മെഡിക്കൽ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ ഡയഗ്നോസ്റ്റിക്സ്, ഡിജിറ്റൽ സൊല്യൂഷൻസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ലോകപ്രശസ്ത കമ്പനിയാണ് വിപ്രോ ജിഇ ഹെൽത്ത് കെയർ.
ഈ നിക്ഷേപത്തിന്റെ ഭാഗമായി, കമ്പനിയുടെ “മേക്ക് ഇൻ ഇന്ത്യ” പിഇടി സിടി ഡിസ്കവറി ഐക്യു സ്കാനർ 15 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഇതുകൂടാതെ, “ഇൻ ഇന്ത്യ ഫോർ ദി വേൾഡ്” എന്ന പദ്ധതി പ്രകാരം, സ്ഥാപനത്തിൽ നിർമ്മിക്കുന്ന റെവല്യൂഷൻ ആസ്പയർ സിടി, റെവല്യൂഷൻ ആക്ട്, എംആർ ബ്രെസ്റ്റ് കോ എന്നിവയും കയറ്റുമതി ചെയ്യും.
ഈ തന്ത്രപരമായ നിക്ഷേപം വർദ്ധിച്ചുവരുന്ന ആഭ്യന്തര വിദേശ വിപണികളെ ലക്ഷ്യമിട്ട് കമ്പനിയുടെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുകയും സപ്ലൈ ചെയിൻ കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഇന്ത്യയുടെ ആരോഗ്യരംഗത്ത് വൻ വളർച്ചയാണ് അനുഭവപ്പെടുന്നതെന്നും മെഡ്‌ടെക് മേഖല വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും വിപ്രോ ജിഇ ഹെൽത്‌കെയർ ചെയർമാൻ അസീം പ്രേംജി പറഞ്ഞു.
ആഗോളതലത്തിൽ ലോക വിപണികൾക്കുമായി മെഡ്‌ടെക് ഇന്നൊവേഷൻ ആൻഡ് മാനുഫാക്ചറിംഗ് ഹബ് എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ത്വരിതപ്പെടുത്തുക എന്നതാണ് പ്രഖ്യാപനത്തിന്റെ ലക്‌ഷ്യം.
ജിഇ പ്രിസിഷൻ ഹെൽത്ത്‌കെയർ എൽഎൽസി, യുഎസ്എ, വിപ്രോ എൻ്റർപ്രൈസസ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമാണ് വിപ്രോ ജിഇ ഹെൽത്ത്‌കെയർ. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ ഇതിൻ്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു.