റോഡ് അപകടത്തിൽപ്പെട്ടവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ
- അപകട തീയതി മുതൽ ഏഴ് ദിവസം വരെ പരമാവധി 1.5 ലക്ഷം രൂപ വരെ ചികിത്സ സൗജന്യമായി ലഭിക്കും
- ആശുപത്രികൾ ഉന്നയിക്കുന്ന ക്ലെയിമുകൾ മോട്ടോർ വാഹന അപകട ഫണ്ടിൽ നിന്ന് തിരികെ നൽകും
- പദ്ധതിയുടെ വിജയത്തെ തുടർന്ന് ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു
റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ചികിത്സയ്ക്കായി പണമില്ലാതെ ബുദ്ധിമുട്ടേണ്ട അവസ്ഥ ഇനി ഉണ്ടാവില്ല. ചണ്ഡീഗഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ അപകടത്തിൽപ്പെട്ടവർക്ക് 1.5 ലക്ഷം രൂപ വരെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ ഏറ്റെടുക്കും. പദ്ധതിയുടെ വിജയത്തെ തുടർന്ന് ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു.
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം അപകടത്തിൽപ്പെട്ടവർക്ക് സുവർണ്ണ മണിക്കൂർ എന്നറിയപ്പെടുന്ന ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ ചികിത്സ ലഭ്യമാക്കുക വഴി മരണനിരക്ക് കുറയ്ക്കുക എന്നതാണ്.
'ആയുഷ്മാൻ ഭാരത് പിഎം-ജയ്' പദ്ധതിയുടെയും നാഷണൽ ഹെൽത്ത് അതോറിറ്റിയുടെയും (NHA) കീഴിൽ നടപ്പിലാക്കുന്ന ഈ പൈലറ്റ് പ്രോഗ്രാമിൽ ഏതുതരം വാഹനാപകടങ്ങളിൽപ്പെടുന്നവർക്കും ചികിത്സ ലഭിക്കും. അപകടത്തിന് ശേഷമുള്ള ആദ്യത്തെ ഏഴ് ദിവസം വരെ 1.5 ലക്ഷം രൂപ വരെയാണ് ഒരാൾക്ക് ചികിത്സയ്ക്കായി ലഭിക്കുക.
കൂടാതെ, ട്രോമ, പോളിട്രോമ എന്നിവയ്ക്കുള്ള ആയുഷ്മാൻ ഭാരത് പിഎം-ജെയ് പാക്കേജുകൾക്കായുള്ള ചികിത്സയും ഇരകൾക്ക് തിരഞ്ഞെടുക്കാം. ചികിത്സ നൽകുന്ന ആശുപത്രികൾ ഉന്നയിക്കുന്ന ക്ലെയിമുകൾ മോട്ടോർ വാഹന അപകട ഫണ്ടിൽ നിന്ന് തിരികെ നൽകും.
റോഡ് ഗതാഗത, ഹൈവേകൾ മന്ത്രാലയത്തിന്റെ (MoRTH) ഇ-ഡീറ്റെയിൽഡ് ആക്സിഡന്റ് റിപ്പോർട്ട് (eDAR) അപ്ലിക്കേഷന്റെയും NHA യുടെ ട്രാൻസാക്ഷൻ മാനേജ്മെന്റ് സിസ്റ്റത്തിന്റെയും (TMS) പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് ഒരു ഐടി പ്ലാറ്റഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം 2022 ൽ 4,61,312 റോഡ് അപകടങ്ങളാണ് നടന്നതെന്നും ഇതിൽ 1,68,491 പേർ മരിച്ചതായും 4,43,366 പേർക്ക് പരിക്കേറ്റതായും പറയുന്നു,
പരിക്കേറ്റവർക്ക് സൗജന്യവും പണരഹിതവുമായ വൈദ്യസഹായം പരിഷ്കരിച്ച മോട്ടോർ വാഹന നിയമത്തിൻ്റെ ഭാഗമാണെന്ന് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ സെക്രട്ടറി അനുരാഗ് ജെയിൻ അടുത്തിടെ പറഞ്ഞിരുന്നു. ചില സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ചേർന്ന് റോഡ് മന്ത്രാലയം രാജ്യത്തുടനീളം ഇത് പൂർണ്ണമായും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.