ഏറ്റവും കൂടതല്‍ ഗുണനിലവാരമില്ലാത്ത ആയുര്‍വേദ ഉത്പന്നങ്ങള്‍ കേരളത്തില്‍

  • ഗുണനിലവാരമില്ലാത്ത മരുന്നുകളില്‍ ഭൂരിഭാഗവും വരുന്നത് കേരളത്തിനു പുറത്തുനിന്നാണെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ രാജു തോമസ്

Update: 2022-12-21 09:00 GMT

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ നിലവാരമില്ലാത്ത ആയുര്‍വ്വേദ പ്രൊഡക്ടുകള്‍ (എന്‍എസ്‌ക്യു-നോട്ട് ഓഫ് സ്റ്റാന്റേഡ് ക്വാലിറ്റി) റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ എന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന 113ആയുര്‍വ്വേദ മരുന്നുകള്‍ ഗുണനിലവാരമില്ലാത്തവയാണെന്നാണ് റിപ്പോര്‍ട്ട്. 21 ഉത്പന്നങ്ങളുമായി കേരളത്തിനു പിന്നാലെ ഉള്ളത് മഹാരാഷ്ട്രയാണ്. രമ്യ ഹരിദാസ് എംപി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആണ് ഇക്കാര്യം പറഞ്ഞത്.

2019 മുതല്‍ 22 വരെ വിവിധ സംസ്ഥാനങ്ങളിലെ ഡ്രഗ് കണ്‍ട്രോളര്‍മാര്‍ നടത്തിയ നടപടികളും അദ്ദേഹം ചൂണ്ടിക്കാട്ടി. 1940 ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്ട് പ്രകാരം അസമിലെ ഡ്രഗ് കണ്‍ട്രോളര്‍ 2020-21 ഇടയില്‍ 52 സാമ്പിളുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലും 13 കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുമായി ബന്ധപ്പെട്ട ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പട്ടിക സമഗ്രമല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ മികച്ച രീതിയില്‍ തന്റെ ജോലി നിര്‍വ്വഹിക്കുന്നുണ്ടെന്നും നിലവാരമില്ലാത്ത ആയുര്‍വ്വേദ മരുന്നുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റി ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകനായ ഡോ ബാബു കെ വി പറഞ്ഞു.

ഗുണനിലവാരമില്ലാത്ത മരുന്നുകളില്‍ ഭൂരിഭാഗവും വരുന്നത് കേരളത്തിനു പുറത്തുനിന്നാണെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ രാജു തോമസ് പറഞ്ഞു. ഇവിടെയുള്ളത് വളരെ നല്ല സംവിധാനങ്ങളാണെന്നും എന്നാല്‍ വിപണിയിലെത്തുന്ന എല്ലാ മരുന്നുകളും പരിശോധിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News