ലക്ഷത്തിലധികം താല്‍ക്കാലിക തൊഴിലവസരങ്ങളുമായി ഫ്‌ളിപ്കാര്‍ട്ട്

  • വിതരണശൃംഖലയിലാണ് അവസരങ്ങള്‍ ലഭ്യമാകുക
  • പ്രാദേശിക കിരാന ഡെലിവറി പങ്കാളികള്‍ക്കും സ്ത്രീകള്‍ക്കും അവസരങ്ങള്‍
  • ഈ വര്‍ഷം 19 ലക്ഷം ചതുരശ്ര അടിയില്‍ കൂടുതല്‍ സ്ഥലം ഫളിപ്കാര്‍ട്ട് കൂട്ടിച്ചേര്‍ത്തു

Update: 2023-09-05 05:44 GMT

ഉത്സവ സീസണിനു മുന്നോടിയായി ഒരു ലക്ഷത്തിലധികം സീസണല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഫ്ളിപ്കാർട്ട്.  കേന്ദ്രങ്ങള്‍, സോര്‍ട്ടിംഗ് സെന്ററുകള്‍, ഡെലിവറി ഹബ് എന്നിവയുള്‍പ്പെടെയുള്ള വിതരണശൃംഖലകളിലാണ് തൊഴിലവസരങ്ങള്‍ ലഭ്യമാകുകയെന്ന് ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു.

 പ്രാദേശിക കിരാന ഡെലിവറി പങ്കാളികള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളിലുള്‍പ്പെടെയുള്ളവർക്ക് നേരിട്ടും അല്ലാതെയും  തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കമ്പനി പറയുന്നത്.

'ബിഗ് ബില്യണ്‍ ഡേയ്സ് എന്നത് ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ ഇ-കൊമേഴ്സിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്ന ഒരു വില്‍പ്പനമേളയാണ്. ഈ പദ്ധതി ഇന്ത്യയുടെ ആവാസ വ്യവസ്ഥയെ വരെ സ്വാധീനിക്കും-ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ഹേമന്ത് ബദ്രി പറഞ്ഞു. മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച കിഴിവ് നല്‍കുന്ന ഫ്ളിപ്കാർട്ട്. വില്‍പ്പന സമയമാണ് ബിഗ് ബില്യണ്‍ ഡേയ്സ്.

ഈ വില്‍പ്പന മേളയക്കായി കമ്പനിക്ക് തയ്യാറാകേണ്ടതുണ്ട്. ശേഷി, സംഭരണം, പ്ലെയ്സ്മെന്റ്, സോര്‍ട്ടിംഗ്, പാക്കേജിംഗ്, ഹ്യൂമന്‍ റിസോഴ്സ്, പരിശീലനം, ഡെലിവറി തുടങ്ങി നിരവധി മേഖലകളില്‍ തിരക്കേറും. വില്‍പ്പനമേളയുടെ സമയത്ത് വിതരണ ശൃംഖല മൊത്തത്തില്‍ മികവ് പുലര്‍ത്തേണ്ടതുണ്ട്. ചെറിയ പിഴവുപോലും കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കും. അപ്പോള്‍ അധിക സ്റ്റാഫിന്റെ ആവശ്യകത ഉണ്ടാകും.

ബദ്രിയുടെ അഭിപ്രായത്തില്‍, ഈ വര്‍ഷം, കിരാന ഡെലിവറി പ്രോഗ്രാമിലൂടെ 40 ശതമാനത്തിലധികം ഷിപ്പ്മെന്റുകളാണ് വിതരണം ചെയ്യാന്‍ കമ്പനി പദ്ധതിയിടുന്നത്.  ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലായി 19 ലക്ഷം ചതുരശ്ര അടി സ്ഥലം ഫളിപ്കാര്‍ട്ട്  അധികമായി കൂട്ടിച്ചേര്‍ത്തതായും കമ്പനി അറിയിച്ചു.

അതേസമയം, 2023 ന്റെ ആദ്യ പകുതിയില്‍ യുഎസ് റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിലെ ഓഹരികള്‍ ഉയര്‍ത്തി. ഇതിനായി 28,953 കോടി രൂപയാണ് വാള്‍മാര്‍ട്ട് ചെലവഴിച്ചത്.

2023-ന്റെ ആദ്യ പകുതിയില്‍, ഫ്‌ളിപ്കാര്‍ട്ട് അതിന്റെ അനുബന്ധ സ്ഥാപനമായ ഫോണ്‍പേയുടെ പുതിയ റൗണ്ട് ഇക്വിറ്റി ഫണ്ടിംഗുമായി ബന്ധപ്പെട്ട് 700 ദശലക്ഷം ഡോളര്‍ സ്വീകരിച്ചതായി യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ഫയലിംഗില്‍ വാള്‍മാര്‍ട്ട് പറഞ്ഞു

Tags:    

Similar News