ഓഫര്‍ കണ്ട് തള്ളിക്കയറ്റം; ഫ്ലിപ്‍കാര്‍ട്ട് ഗ്രോസറി പണിമുടക്കി
- ആപ്പിലും വെബ്ബിലും പലചരക്ക് വിഭാഗത്തില്‍ വാങ്ങാനാകാതെ ഉപഭോക്താക്കള്‍
- ഉപഭോക്താക്കളോട് നാളെ വരാന്‍ അഭ്യര്‍ത്ഥിച്ച് ഫ്ലിപ്‍കാര്‍ട്ട് ഗ്രോസറി
'ബിഗ് ബില്യണ്‍ ഡെയ്സ്' ഓഫറുകള്‍ സ്വന്തമാക്കാന്‍ ഇ- ഉപഭോക്താക്കള്‍ തള്ളിക്കയറിയതോടെ ഫ്ലിപ്‍കാർട്ടിന്‍റെ ഗ്രോസറി വിഭാഗം പണിമുടക്കി. പല ഉപഭോക്താക്കള്‍ക്കും ഫ്ലിപ്പ്കാർട്ട് ഗ്രോസറി സേവനം ആപ്പിലും വെബിലും ലഭ്യമായില്ല. “ദയവായി നാളെ വരൂ. ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യകത വളരേ ഉയര്‍ന്ന അളവിലാണ്,” എന്ന ബാനറാണ് ഗ്രോസറി വിഭാഗത്തിലെത്തിയ മിക്ക ഉപഭോക്താക്കള്‍ക്കും കാണാനായത്.
ആമസോണും വാള്‍മാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്‍കാര്‍ട്ടും തങ്ങളുടെ വാർഷിക ഇ-കൊമേഴ്‌സ് ഉത്സവ വിൽപ്പന ഒക്ടോബർ 8നാണ് ആരംഭിച്ചത്. ഒക്ടോബർ 7 മുതല്‍ തന്നെ ഇരു പ്ലാറ്റ്‍ഫോമുകളുടെ തങ്ങളുടെ പ്രൈം അംഗങ്ങള്‍ക്ക് ഈ വില്‍പ്പനയിലേക്ക് പ്രവേശനം നല്‍കിയിരുന്നു.
മിന്ത്രയുടെ ബിഗ് ഫാഷൻ ഫെസ്റ്റിവലും ഇതേ സമയത്താണ് നടക്കുന്നത്, സ്‌നാപ്‍ഡീലിന്‍റെ ഉല്‍സവകാല വില്‍പ്പനയായ 'തൂഫാനി സെയിൽ-ഫെസ്റ്റീവ് ധമാക്ക' യും ഒക്ടോബർ 8-15 തീയതികളില്‍ നടക്കുന്നു.
ഓൺലൈൻ ഉത്സവ വിൽപ്പന മൂന്നാം ദിവസത്തിലേക്ക് എത്തുമ്പോള്‍ ഡിസ്കൗണ്ടുകളും പ്രൊമോഷണൽ ഓഫറുകളും കുറച്ചിട്ടുണ്ട്. പല ബ്രാൻഡുകളും ഓൺലൈൻ വിൽപ്പനക്കാരും തങ്ങളുടെ വില്‍പ്പന ലക്ഷ്യങ്ങൾ ഇതിനകം മറികടന്നതാണ് ഇതിന് കാരണം. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിൽപ്പനയുടെ ഏറ്റവും വലിയ സമയമായാണ് ഓരോ വര്‍ഷവും ഈ ഉല്‍സവകാല വില്‍പ്പനയെ കണക്കാക്കുന്നത്. ഈ സീസണിൽ മൊത്ത വ്യാപാര മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വിൽപ്പന 970 കോടി ഡോളറിനും 1100 കോടി ഡോളറിനും ഇടയിൽ എത്തുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്, മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 15-16% വർധനയാണിത്.