ഷെയിന്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്
- അജിയോ പ്ലാറ്റ്ഫോം വഴിയാണ് ചൈനീസ് ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡ് വീമ്ടും ഇന്ത്യയിലെത്തുന്നത്
- ഷെയിന്‍ സുഡിയോയുമായും മിന്ത്രയുമായും നേരിട്ട് മത്സരിക്കും
- 2020 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ആപ്പ് നിരോധിച്ചിരുന്നു
റിലയന്‍സിന്റെ അജിയോ ലോഞ്ചിലൂടെ ഷെയിന്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്. റിലയന്‍സ് റീട്ടെയില്‍ വഴി അജിയോ പ്ലാറ്റ്ഫോമില്‍ ഷെയ്നിന്റെ കാഷ്വല്‍ വിമന്‍സ് വെസ്റ്റേണ്‍ വെയറിന്റെ പൈലറ്റ് ലോഞ്ചിന് നേതൃത്വം നല്‍കുന്നത് മുകേഷ് അംബാനിയും മകള്‍ ഇഷ അംബാനിയും ചേര്‍ന്നാണ്. ഏകദേശം നാലര വര്‍ഷത്തെ നിരോധനത്തിനു ശേഷമാണ് ചൈനീസ് ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.
ദി ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഷെയിന്‍ അജിയോയില്‍ അതിന്റെ ശേഖരം പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് പിന്നീട് മറ്റ് പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിച്ചേക്കാം. എന്നാല്‍ പൂര്‍ണ്ണ തോതിലുള്ള വില്‍പ്പനയ്ക്കായി ഒരു നിശ്ചിത സമയപരിധി സജ്ജീകരിച്ചിട്ടില്ല.
ഇപ്പോള്‍ സിംഗപ്പൂരില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെയിന്‍, താങ്ങാനാവുന്ന ഫാസ്റ്റ് ഫാഷന്‍ വിഭാഗത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ സുഡിയോയുമായും ഫ്‌ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്രയുമായും നേരിട്ട് മത്സരിക്കും.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ശ്രേണി അവതരിപ്പിക്കുന്നതിനായി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡുമായി കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച കരാറിനെ തുടര്‍ന്നാണ് ബ്രാന്‍ഡിന്റെ റീ-എന്‍ട്രി.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയില്‍ 2020 ജൂണില്‍ സര്‍ക്കാര്‍ അതിന്റെ ആപ്പ് നിരോധിച്ചതോടെ ഷെയ്നിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിരുന്നു. ചൈനീസ് ആപ്പുകള്‍ക്കെതിരായ വിപുലമായ നടപടിയുടെ ഭാഗമായിരുന്നു നിരോധനം.
അടുത്തിടെ, വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍, ഷെയ്നിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു തദ്ദേശീയ റീട്ടെയില്‍ പ്ലാറ്റ്ഫോമില്‍ ആതിഥേയത്വം വഹിക്കുമെന്ന് സ്ഥിരീകരിച്ചു. അതേസമയം പ്ലാറ്റ്ഫോമിന്റെ ഡാറ്റയില്‍ ഷെയ്നിന് ആക്സസ്സ് അല്ലെങ്കില്‍ അവകാശം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലണ്ടനില്‍ ഒരു സ്റ്റോക്ക് മാര്‍ക്കറ്റ് ലിസ്റ്റിംഗിനായി തയ്യാറെടുക്കുന്ന ഷെയ്നിന്റെ വരുമാന വളര്‍ച്ച ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 23 ശതമാനമായി കുറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
ഇന്ത്യന്‍ ഫാസ്റ്റ് ഫാഷന്‍ വിപണി 2031 സാമ്പത്തിക വര്‍ഷത്തോടെ 50 ബില്യണ്‍ ഡോളര്‍ വില്‍പ്പന കൈവരിക്കുമെന്ന് റെഡ്‌സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്‌സ് പറയുന്നു. അസംഘടിതരായ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് ഈ മേഖല കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും ഫാസ്റ്റ് ഫാഷന്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള ഫാഷന്‍ റീട്ടെയില്‍ വിപണിയിലേക്ക് 25-30 ശതമാനം സംഭാവന നല്‍കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ചൈനയിലെ നാന്‍ജിംഗില്‍ ക്രിസ് സു 2008-ല്‍ സ്ഥാപിച്ചതാണ് ഷെയ്ന്‍. ഇത് ഫാസ്റ്റ് ഫാഷന് പേരുകേട്ട ഒരു പ്രമുഖ ആഗോള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. ബ്രാന്‍ഡ് പ്രാഥമികമായി ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു.