ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നികുതി കുറയ്ക്കുമെന്ന് സൂചന
- ഫുഡ് ഡെലിവറി നികുതി 5% ആയി കുറച്ചേക്കും
- ഈ മാസം 21 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നികുതി 5% ആയി കുറച്ചേക്കും. ഈ മാസം 21 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന സൂചന.
ജിഎസ്ടി കൗണ്‍സില്‍ നോമിനേറ്റഡ് ഫിറ്റ്‌മെന്റ് കമ്മിറ്റി നല്‍കിയ ശുപാര്‍ശകള്‍ കൗണ്‍സില്‍ അംഗീകരിക്കുകയാണെങ്കില്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചാര്‍ജുകളില്‍ നിരക്ക് കുറച്ചേക്കും. നിലവില്‍ 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്.
തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ 2022 ജനുവരി ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാകും നടപ്പാകുക. റസ്റ്റോറന്റ് സേവനങ്ങള്‍ക്ക് തുല്യമായി ഡെലിവറി നിരക്കുകള്‍ കുറയ്ക്കണമെന്ന് ഇ-കൊമേഴ്സ് കമ്പനികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം 2019 ഒക്ടോബര്‍ 29 നും 2022 മാര്‍ച്ച് 31 നും ഇടയിലുള്ള കാലയളവിലെ ഡെലിവറി ചാര്‍ജുകളില്‍ ജിഎസ്ടി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട് സൊമാട്ടോക്കെതിരെ ജിഎസ്ടി കൗണ്‍സില്‍ നോട്ടീസ് അയച്ചിരുന്നു. പുതിയ തീരുമാനം നടപ്പില്‍ വന്നാലും അവസാന മൂന്ന് മാസത്തെ നികുതിയില്‍ മാത്രമായിരിക്കും സൊമാറ്റോയ്ക്ക് ഇളവ് ലഭിക്കുക.