ബ്രാന്‍ഡ് പരസ്യങ്ങളേക്കാള്‍ 'പവര്‍', ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ചില്ലറക്കാരല്ല: സര്‍വേ

  • ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം പെരുകുന്നു.

Update: 2023-02-17 08:28 GMT

ഡെല്‍ഹി: ഉത്പന്ന വിപണിയില്‍ പരസ്യങ്ങളേക്കാള്‍ 'പവര്‍' സമൂഹ മാധ്യമങ്ങളിലെ മിന്നും താരങ്ങളായ 'ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്' ആണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുമായി അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്‌സിഐ). ഇത്തരത്തിലുള്ള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ഒരു ഉത്പന്നത്തെ പ്രമോട്ട് ചെയ്താല്‍ അത് കാണുന്ന ഇന്ത്യക്കാരിലെ 70 ശതമാനവും ഉത്പന്നം വാങ്ങുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

18 വയസിന് മുകളിലുള്ള 820 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേ അടിസ്ഥാനമാക്കി തയാറാക്കിയ ഇന്‍ഫ്‌ളുവന്‍സര്‍ ട്രസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതില്‍ 79 ശതമാനം പേരും പറയുന്നത് ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ വിശ്വാസമാണെന്നാണ്. ഇതില്‍ 30 ശതമാനം പേരും പറയുന്നത് ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ പൂര്‍ണവിശ്വാസമാണെന്നാണ്. ഇത്തരത്തില്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സില്‍ നിന്നുള്ള റിവ്യു കണ്ട് ഒരു ഉത്പന്നമെങ്കിലും വാങ്ങിയിട്ടുണ്ടെന്ന് 90 ശതമാനം പേരും സമ്മതിക്കുന്നു.

മാത്രമല്ല മൂന്നിലധികം ഉത്പന്നങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് 60 ശതമാനം പേര്‍ പറയുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങിയതില്‍ ഭൂരിഭാഗവും 25നും 44നും ഇടയില്‍ പ്രായമുള്ളവരാണ്. വിശ്വാസ്യത ഉറപ്പാക്കി മാത്രമാണ് ഉത്പന്നങ്ങള്‍ വാങ്ങുന്നതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ചില ഇന്‍ഫ്‌ളുവന്‍സേഴ്‌സിലുള്ള വിശ്വാസ്യത കുറയുന്നുണ്ടെന്നും, ചില ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ മാത്രം തുടര്‍ച്ചയായി പ്രമോട്ട് ചെയ്യുന്നത് സംശയം ജനിപ്പിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍ഫ്‌ളുവന്‍സേഴിനെ പറ്റി പരാതികള്‍ ലഭിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും എഎസ്‌സിഐയുടെ റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News