ഇ-ഫാര്‍മസി റെഗുലേഷന്‍റെ പുരോഗതി 6 മാസത്തിനുള്ളില്‍ അറിയിക്കണം: ഡെല്‍ഹി ഹൈക്കോടതി
- 2018 ഓഗസ്റ്റിലാണ് കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത്
- ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍
ഇ-ഫാർമസികളുടെ നിയന്ത്രണത്തിനായുള്ള കരട് ചട്ടങ്ങളിൽ നടത്തിയ കൂടിയാലോചനകളുടെയും ചർച്ചകളുടെയും ഫലത്തെക്കുറിച്ച് അറിയിക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് ആറാഴ്ചത്തെ സമയം അനുവദിച്ചു. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് ചട്ടങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഓൺലൈൻ ഫാർമസികൾ വഴി ലൈസൻസില്ലാതെ മരുന്നുകൾ വിൽക്കുന്നതു തടഞ്ഞുകൊണ്ടുള്ള 2018 ഡിസംബർ 12ലെ ഇടക്കാല ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന്, കരട് ചട്ടങ്ങളില്‍ തീർപ്പാക്കുന്നതു വരെ മാറിനില്‍ക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
2018 ഓഗസ്റ്റിലെ കരട് വിജ്ഞാപനത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അന്തിമരൂപം നൽകിയിട്ടില്ലെന്നും കൂടിയാലോചനകളും ചര്‍ച്ചകളും തുടരുകയാണെന്നുമാണ് ഏറ്റവും പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. ഇതു പരിഗണിച്ചാണ് 6 മാസത്തിനകം ഈ വിഷയങ്ങളിലെ പുരോഗതി സംബന്ധിച്ച് അറിയിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2018 ഓഗസ്റ്റ് 28ലെ വിജ്ഞാപനത്തിലാണ് മരുന്നുകളുടെ ഓൺലൈൻ വിൽപ്പന നിയന്ത്രിക്കുന്നതിനുള്ള കരട് നിയമങ്ങള്‍ പ്രസിദ്ധീകരിക്കുകയും തല്‍പ്പര കക്ഷികളായവരില്‍ നിന്ന് അഭിപ്രായം ആരായുകയും ചെയ്തത്.
ലഭിച്ച അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, അവ ഉചിതമായി പരിഗണിച്ച ശേഷം ചട്ടങ്ങൾക്ക് അന്തിമരൂപം നൽകാമെന്നാണ് മന്ത്രാലയം സ്റ്റാറ്റസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഹര്‍ജിക്കാരും തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിഗണനയിലാണെന്നും സര്‍ക്കാര്‍ പറയുന്നു.
കരട് വിജ്ഞാപനത്തിനു മേല്‍ വളരെയധികം അഭിപ്രായങ്ങളും പരിഗണനകളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ലഭിച്ചിരിക്കുന്ന അഭിപ്രായങ്ങളില്‍ ഏറെയും മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയെ എതിര്‍ക്കുന്നതാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.