ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ്: ഇന്ത്യന്‍ കയറ്റുമതിക്കാരുടെ വില്‍പ്പന എട്ട് ബില്യണ്‍ കടക്കും
- കഴിഞ്ഞവര്‍ഷം കയറ്റുമതി അഞ്ച് ബില്യണ്‍ ഡോളര്‍ കടന്നു
- ഗ്ലോബല്‍ സെല്ലിംഗ് 1.25 ലക്ഷം കയറ്റുമതിക്കാരെ ഉള്‍പ്പെടുത്തി വളരുന്നു
- യുഎസ്, യുകെ, യുഎഇ, കാനഡ, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയവ പ്രധാന വിപണികള്‍
ഇ-കൊമേഴ്സ് എക്സ്പോര്‍ട്ട് പ്രോഗ്രാമായ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗിന് കീഴില്‍ ഇന്ത്യന്‍ കയറ്റുമതിക്കാരുടെ മൊത്തം വിദേശ വില്‍പ്പന 2023-ല്‍ എട്ട് ബില്യണ്‍ യുഎസ് ഡോളര്‍ മറികടക്കുമെന്ന് ആമസോണ്‍ പറയുന്നു.
ഇതേ പ്രോഗ്രാമിനു കീഴില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തുനിന്നുള്ള കയറ്റുമതി അഞ്ച് ബില്യണ്‍ ഡോളറിന്റേതായിരുന്നുവെന്ന് ആമസോണ്‍ അതിന്റെ എക്സ്പോര്‍ട്ട് ഡൈജസ്റ്റ് 2023 ല്‍ പറഞ്ഞു.
2015-ല്‍ ആരംഭിച്ചതുമുതല്‍, ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് 1.25 ലക്ഷം കയറ്റുമതിക്കാരെ ഉള്‍പ്പെടുത്തി വളരുകയാണ്. പ്ലാറ്റ്ഫോമിലെ ഏകദേശം 1,200 ഇന്ത്യന്‍ കയറ്റുമതിക്കാരുടെ വരുമാനം കഴിഞ്ഞവര്‍ഷം ഒരു കോടി കവിഞ്ഞിരുന്നു.
പ്ലാറ്റ്‌ഫോമില്‍ കളിപ്പാട്ടങ്ങളുടെ വില്‍പ്പന പൊടിപൊടിച്ചു. ഏതാണ്ട് 50ശതമാനം ആയിരുന്നു ഇവയുടെ കയറ്റുമതി. വീട്ടിലും അടുക്കളയിലും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കയറ്റുമതി 35ശതമാനവും സൗന്ദര്യ വര്‍ധക വസ്തുക്കളും കയറ്റുമതിചെയ്യപ്പെട്ടു.
കയറ്റുമതിയിലെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകളിലേക്ക് അവസരം വിപുലീകരിക്കുകയും ചെയ്യുന്നതാണ് ആമസോണിന്റെ ഈ നടപടി. ഇത് ചെറുകിടക്കാര്‍ക്ക് വലിയ അവസരമാണ് തുറന്നു നല്‍കുന്നത്.
2025-ഓടെ ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതിയില്‍ 20 ബില്യണ്‍ യുഎസ് ഡോളര്‍ നേടുകയാണ് ലക്ഷ്യമെന്ന് ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭൂപേന്‍ വകങ്കര്‍ പറഞ്ഞു.
യുഎസ്, യുകെ, യുഎഇ, കാനഡ, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ വിപണികളിലെ ആഗോള ഉപഭോക്താക്കള്‍ക്ക് ഈ പ്രോഗ്രാമിലൂടെ 266 ദശലക്ഷത്തിലധികം ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണ് ഈ പ്രോഗ്രാം വഴി കയറ്റുമതി ചെയ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2023-ല്‍ ഡെല്‍ഹിയാണ് പ്ലാറ്റ്ഫോമില്‍ ഏറ്റവും അധികം കയറ്റുമതി നടത്തിയത്. തുടര്‍ന്ന് രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് പ്ലാറ്റ്ഫോമില്‍ മുന്‍നിര കയറ്റുമതി സംസ്ഥാനങ്ങളായി ഉയര്‍ന്നുവരുന്നു, റിപ്പോര്‍ട്ട് പറയുന്നു.
വന്‍കിടക്കാര്‍ക്കൊപ്പം അസംഘടിതരായ ചെറുകിട ഉല്‍പ്പാദകരെയും വില്‍പ്പനക്കാരെയും ഒരു പ്ലാറ്റ്‌ഫോമിനുകീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് ഈ പ്രോഗ്രാം കൊണ്ടുണ്ടായ നേട്ടങ്ങളിലൊന്ന്. ഇത് വിദൂരപ്രദേശങ്ങളില്‍ ഉള്ളവരെ പോലും ഒരു ശൃംഖലയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചു. അവര്‍ക്കുണ്ടായ സാമ്പത്തിക നേട്ടവും എടുത്തുപറയേണ്ടതാണ്.