രാജ്യത്തെ എട്ട് അടിസ്ഥാന സൗകര്യ മേഖലയിലെ ഉത്പാദനം നവംബറില്‍ 5.4 ശതമാനം വര്‍ധിച്ചു. കല്‍ക്കരി, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ വിഭാഗങ്ങളിലാണ് ഉത്പാദനം വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3.2 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എങ്കിലും ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍ എന്നിവയില്‍ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. എട്ട് പ്രധാന മേഖലയിലെ ഉത്പാദന വളര്‍ച്ച ഒക്ടോബറില്‍ 0.9 ശതമാനമായി കുറഞ്ഞിരുന്നു.
ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കല്‍ക്കരി, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി മേഖലകളില്‍ 8 ശതമാനം വളര്‍ച്ച നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13.9 ശതമാനമായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കല്‍ക്കരി ഉത്പാദനം 12.3, വളം ഉത്പാദനം 6.4, സ്റ്റീല്‍ ഉത്പാദനം 10.8, സിമന്റ് ഉത്പാദനം 28.6, വൈദ്യുതി ഉത്പാദനം 12.1 ശതമാനം വീതം വര്‍ധിച്ചു.
വ്യാവസായിക ഉത്പാദന സൂചിക (ഐഐപി)യുടെ 40.27 ശതമാനത്തെ ഉള്‍ക്കൊള്ളുന്നതാണ് ഇത്. ഐഐപി നവംബറില്‍ നേരിയ തോതില്‍ വളരുമെന്നാണ് ഇന്ത്യ റേറ്റിംഗ്സ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം ഇത് കുറഞ്ഞിരുന്നു.