രാജ്യത്ത് സിമന്റ് വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്
- ധാതു സമ്പത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താമെന്ന സുപ്രീംകോടതി വിധി തിരിച്ചടി
- ഇതുപ്രകാരം റോയല്‍റ്റിക്ക് പുറമേ ചുണ്ണാമ്പ് കല്ലിനും ഖനനം ചെയ്യുന്ന ഭൂമിയ്ക്കും നികുതി ചുമത്താം
- തമിഴ്‌നാട് ധാതുനികുതി ഏര്‍പ്പെടുത്തിക്കഴിഞ്ഞു
;
രാജ്യത്ത് സിമന്റ് വില കുതിച്ചുയരും. സിമന്റിന് ധാതുനികുതി കൂടി ചുമത്താനുള്ള തീരുമാനമാണ് വില വര്‍ധനയ്ക്ക് കാരണമാകുകയെന്ന് ജെഎം ഫിനാന്‍ഷ്യല്‍സ്.
ധാതു സമ്പത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താമെന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയാണ് നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാവുന്നത്. 2024 ജൂലൈയില്‍ വന്ന വിധി പ്രകാരം റോയല്‍റ്റിക്ക് പുറമേ സിമന്റിന് ഉപയോഗിക്കുന്ന ചുണ്ണാമ്പ് കല്ലിനും ഖനനം ചെയ്യുന്ന ഭൂമിയ്ക്കും ധാതു നികുതി ഏര്‍പ്പെടുത്താം. വിധിയ്ക്ക് പിന്നാലെ തമിഴ്നാട് ധാതു നികുതി നിയമം കൊണ്ടുവരികയായിരുന്നു.
ഈ നിയമപ്രകാരം കഴിഞ്ഞ മാസം 25 മുതല്‍ ചുണ്ണാമ്പ് കല്ലിന് ഒരു ടണ്ണിന് 160 രൂപ അധിക നികുതി പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇത് പ്രകാരം സിമന്റിന് ചാക്കിന് 8 രൂപ മുതല്‍ 10 രൂപ വരെ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. തമിഴ്‌നാട്ടില്‍ നിര്‍മാണം നടത്തുന്ന പ്രധാന ബ്രാന്റുകളായ രാംകോ, ഡാല്‍മിയ, അള്‍ട്രാടെക്, എസിസി, ചെട്ടിനാട് തുടങ്ങിയവയെയാണ് നികുതി കൂടുതല്‍ ബാധിക്കുക.
കര്‍ണാടക സര്‍ക്കാര്‍ ചുണ്ണാമ്പ് കല്ലിന് ടണ്ണിന് 25 രൂപയും അധിക നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം പുതിയ നികുതി നിയമത്തിനുള്ള ചര്‍ച്ചയും നടക്കുകയാണ്. മറ്റ് ധാതു സമ്പന്ന സംസ്ഥാനങ്ങള്‍ സമാനമായ നടപടികള്‍ പരിഗണിക്കുന്നതിനാല്‍, വര്‍ധിച്ചുവരുന്ന ചെലവുകള്‍ നികത്താന്‍ സിമന്റ് കമ്പനികള്‍ നികുതി ഭാരം ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് സാധ്യത. അതായത് സിമന്റ് വില ഉയര്‍ത്തുമെന്നാണ് ജെ എം ഫിനാന്‍ഷ്യല്‍ പറയുന്നത്. വരും ദിനങ്ങളില്‍ കെട്ടിട നിര്‍മാണത്തിന് ചെലവേറുമെന്ന് ചുരുക്കം.