സിമന്റ് മേഖലയുടെ കുതിപ്പ്: വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നത് ആര്?
- സിമന്റ് മേഖല തുടര്‍ന്നും പോസിറ്റീവായ വളര്‍ച്ച പ്രകടിപ്പിക്കുമെന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
- വിപണിയെ അത്ഭുതപ്പെടുത്തിയത് ജെ കെ സിമന്റ്‌സ് ആണ്.
- സിമന്റ് കമ്പനികള്‍ക്കു ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഇന്ത്യന്‍ സിമന്റ് മേഖല മികച്ച പ്രകടനം കാഴ്ചവച്ചു. ഈ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങള്‍ സ്ഥിരതയാര്‍ന്നതും ഉയര്‍ന്നതുമായ ഡിമാന്‍ഡ്, ലാഭക്ഷമതയിലെ വളര്‍ച്ച, മാനേജ്‌മെന്റ് മികച്ച രീതിയില്‍ ചെലവ് കൈകാര്യം ചെയ്തതുമാണ്. സിമന്റ് മേഖല തുടര്‍ന്നും പോസിറ്റീവായ വളര്‍ച്ച പ്രകടിപ്പിക്കുമെന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും, ഈ മേഖലയ്ക്ക് ഭീഷണിയായേക്കാവുന്ന ചില ആശങ്കകളും അവര്‍ പ്രകടിപ്പിച്ചു.
റീട്ടെയില്‍ ഹൗസിംഗ്, സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയിലെ ഉയര്‍ന്ന ഡിമാന്‍ഡ് സിമന്റ് വില്‍പ്പനയില്‍ ഏഴ് ശതമാനം വര്‍ധന രേഖപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും ജിഡിപിയുടെ 3.4 ശതമാനം ഇതിനായി നീക്കിവയ്ക്കാന്‍ പദ്ധതിയിടുമെന്നും അടുത്തിടെയുള്ള ഇടക്കാല ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതും സിമന്റിന്റെ ഡിമാന്‍ഡ് ഉയരുന്നതിലേക്ക് നയിച്ചേക്കാം.
കമ്പനികളുടെ ലക്ഷ്യം കൂടുതല്‍ വളര്‍ച്ച
വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ സിമന്റ് കമ്പനികള്‍ക്കു ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2024 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പ്രകടമായ ചെലവഴിക്കലിലെ കുറവ് ഒരു പൊതു പ്രവണതയായി നാലാം പാദത്തിലും നിലനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന വിലക്കിഴിവ് വാഗ്ദാനം ചെയ്ത് സിമന്റ് കമ്പനികള്‍ തങ്ങളുടെ വില്‍പന വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ചു പാദങ്ങളായി വൈദ്യുതി, ഇന്ധനം, ചരക്കു കൂലി എന്നിവയുടെ ചെലവിലെ കുറവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു പ്രയോജനമായി.
സിമന്റ് വ്യവസായ മേഖല വരും വര്‍ഷങ്ങളില്‍ നിലവിലെ വളര്‍ച്ചയെ മറികടക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ഈ മേഖലയിലെ കമ്പനികള്‍ കോടിക്കണക്കിനു രൂപയുടെ മൂലധന വിനിയോഗം (capex) നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ക്രൂഡ് പോലുള്ള ഇന്‍പുട്ട് വസ്തുക്കളുടെ ചെലവ് വര്‍ധനവും വിതരണ ശൃംഖല പ്രശ്നങ്ങളും മൂലം അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്നതിലെ കാലതാമസവും ഈ മേഖലയ്ക്ക് ഭീഷണിയാണ്.
വളര്‍ച്ചയില്‍ ആരാണ് മുന്നില്‍
ഇനിവ വളര്‍ച്ചയില്‍ മുന്നില്‍ നിന്ന കമ്പനികള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഈ കമ്പനികളെ അവയുടെ വില്‍പ്പന, പ്രവര്‍ത്തന ലാഭം, അറ്റാദായം, ROE (Return on Equity) എന്നിവയുടെ അടിസ്ഥാനത്തിലും ഒരു വര്‍ഷത്തെ റിട്ടേണ്‍ അടിസ്ഥാനത്തിലും താരതമ്യം ചെയ്യാം.
വില്പന
മൂന്നാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തിയ മൂന്ന് കമ്പനികള്‍ ഗ്രാസിം സിമന്റ്‌സ്, അള്‍ട്രാടെക് സിമന്റ്‌സ്, ശ്രീ സിമന്റ്‌സ് എന്നിവയാണ്. ഗ്രാസിം 31,956 കോടി രൂപയുടെ വില്‍പ്പന നടത്തി ഇത് മുന്‍പാദത്തേക്കാള് 5.77 ശതമാനം കൂടുകലാണ്. രണ്ടാം സ്ഥാനത്തെത്തിയ അള്‍ട്രാടെക് 16,740 കോടി രൂപയുടെ വില്‍പ്പന നടത്തി. ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് 4.55 ശതമാനം വര്‍ധനയാണ്. ശ്രീ സിമന്റ്‌സ്് 4,901 കോടി രൂപയുടെ വില്‍പ്പന നടത്തി ഇത് 6.89 ശതമാനം മുന്‍ മാസത്തെക്കാള്‍ കൂടുതലാണ്.
പ്രവര്‍ത്തന ലാഭം
മുന്‍പ് പറഞ്ഞതുപോലെ മിക്ക കമ്പനികള്‍ക്കും കുറഞ്ഞ ഇന്‍പുട്ട് ചെലവുകളില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിഞ്ഞു. ഗ്രാസിമിന്റെ ശരാശരി ചെലവ് 25,000 കോടി രൂപയായിരിക്കെ 6,839 കോടി രൂപയുടെ എബിറ്റിഡ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്‍ പാദത്തേക്കാള്‍ ഏകദേശം 14 ശതമാനം കൂടുതലാണ്. അള്‍ട്രാടെക്കിന്റെ പ്രവര്‍ത്തന ലാഭം 3,255 കോടി രൂപയാണ്, കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 27.6 ശതമാനം വര്‍ധനവ്. ശ്രീ സിമന്റസ് 1,234 കോടി രൂപയുടെ എബിറ്റിഡ രേഖപ്പെടുത്തി ഇതും പാദാടിസ്ഥാനത്തില്‍ ഏകദേശം 42 ശതമാനം കൂടുതലാണ്.
നികുതിക്ക് ശേഷമുള്ള ലാഭം
മൂന്നാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന ലാഭം (PAT) നേടിയത് ഗ്രാസിം സിമന്റ്‌സ് ആണ്, 2,603 കോടി രൂപയാണ് നേടിയത്. ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് ഏകദേശം 27 ശതമാനം വര്‍ധിച്ചു. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് അള്‍ട്രാടെക് സിമന്റ്‌സാണ്, 1,775 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് ഏകദേശം 39 ശതമാനം വര്‍ധനവാണ്. ശ്രീ സിമന്റ്‌സ് 734 കോടി രൂപയുടെ ലാഭം റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് 49 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി
മുന്‍ പറഞ്ഞ മെട്രിക്‌സുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന ഗ്രാസിം, അള്‍ട്രാടെക്, ശ്രീ സിമന്റ്‌സ് എന്നീ കമ്പനികള്‍ യഥാക്രമം 9.63, 8.85, 7.45 എന്നീ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി മൂല്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വില്‍പ്പനയുംഎബിറ്റിഡയും കുറവായിരുന്നിട്ടും, ജെ കെ, ലക്ഷ്മി സിമന്റ് എന്നിവര്‍ 13.1 ശതമാനം ROE റിപ്പോര്‍ട്ട് ചെയ്തതോടെ മേഖലയിലെ ഏറ്റവും ഉയര്‍ന്ന റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയായി ഇത് മാറി.
1 വര്‍ഷത്തെ റിട്ടേണ്‍
ഗ്രാസിം സിമന്റ്‌സും അള്‍ട്രാടെക് സിമന്റ്‌സും നിക്ഷേപകര്‍ക്ക് ഏകദേശം 40 ശതമാനത്തോളം റിട്ടേണ്‍ നല്‍കി. എന്നാല്‍ വിപണിയെ അത്ഭുതപ്പെടുത്തിയത് ജെ കെ സിമന്റ്‌സ് ആണ്. വില്‍പ്പന, എബിറ്റിഡ, ലാഭം എന്നിവ മേഖലയുടെ ശരാശരിയേക്കാള്‍ കുറവായിരുന്നിട്ടും 25 ശതമാനത്തോളം ഈ ഓഹരി വില ഉയര്‍ന്നു.
ശ്രീ സിമന്റിന്റെ നിക്ഷേപ വരുമാനം വെറും 3.78 ശതമാനം മാത്രമായിരുന്നതിനാല്‍ നിക്ഷേപകരെ ഇത് നിരാശപ്പെടുത്തി. 2024 ജനുവരി ആദ്യം കമ്പനിക്കെതിരെ ആദായ നികുതി (INCOME TAX) വകുപ്പ് നടത്തിയ നികുതി വെട്ടിപ്പിന്റെ ആരോപണമാണ് ഇതിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു. കമ്പനി നേടിയ നികുത കിഴിവുകളും മറ്റും പരിഗണിച്ച് 4,000 കോടി രൂപയുടെ നികുതി, പലിശ, പിഴ എന്നിവ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ സിമന്റ്‌സിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി എന്ന വിവരമാണ് ഇതിനു കാരണമായത്.