ബീഹാർ പിടിക്കാൻ അദാനി; 8,700 കോടി രൂപയുടെ അധിക നിക്ഷേപം

    ;

    Update: 2023-12-14 13:17 GMT
    adani group to invest rs 8,700 crore in bihar
    • whatsapp icon

    ബിഹാറില്‍ സിമന്റ് നിര്‍മ്മാണം, ലോജിസ്റ്റിക്സ്, കാര്‍ഷിക വ്യവസായം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ 8,700 കോടി രൂപയുടെ അധിക നിക്ഷേപം നടത്താന്‍ പദ്ധതിയിട്ട് അദാനി ഗ്രൂപ്പ്. നിലവില്‍ 850 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുള്ളതായി അദാനി എന്റര്‍പ്രൈസസ് ഡയറകര്‍ പ്രണവ് അദാനി പറഞ്ഞു.

    വ്യാഴാഴ്ച സമാപിച്ച ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടിയായ ബിഹാര്‍ ബിസിനസ് കണക്ട്-2023ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    'ബീഹാറില്‍ 8,700 കോടി രൂപ അധിക മേഖലകളില്‍ നിക്ഷേപിക്കാന്‍ ഞങ്ങളുടെ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്ത് ഏകദേശം 10,000 പേര്‍ക്ക് നേരിട്ടോ അല്ലാതെയോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും,' അദാനി പറഞ്ഞു.

    ഉച്ചകോടിയില്‍ ബീഹാര്‍ ലോജിസ്റ്റിക്‌സ് നയം 2023 ഉം സംസ്ഥാന വ്യവസായ വകുപ്പിന്റെ കോഫി ടേബിള്‍ ബുക്കും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രകാശനം ചെയ്തു. എന്നാല്‍ ചടങ്ങില്‍ നിതീഷ് കുമാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തില്ല. വ്യാവസായികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് 'അന്താരാഷ്ട്ര നിലവാരമുള്ള' അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് നയം ലക്ഷ്യമിടുന്നത്.

    'ബിഹാര്‍ ഇപ്പോള്‍ രാജ്യത്തെ ഒരു ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാണ്. ഞങ്ങള്‍ നിലവില്‍ ലോജിസ്റ്റിക്‌സ്, ഗ്യാസ് വിതരണം, കാര്‍ഷിക ലോജിസ്റ്റിക്‌സ് എന്നിവയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. 850 കോടി രൂപയുടെ നിക്ഷേപമാണ് മുന്‍പ് നടത്തിയത്. 3,000 വ്യക്തികള്‍ക്ക് നേരിട്ടോ അല്ലാതെയോ സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇപ്പോള്‍, ഞങ്ങളുടെ നിക്ഷേപം ഏകദേശം 10 മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു,'' അദാനി പറഞ്ഞു.

    സിറ്റി ഗ്യാസ് വിതരണ ശൃംഖല 

    വെയര്‍ഹൗസ് മേഖലയില്‍ 2,000 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിച്ചുകൊണ്ട് 1,200 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി സംസ്ഥാനത്തെ ഭാവി നിക്ഷേപങ്ങളുടെ പദ്ധതിയെക്കുറിച്ച്് അദ്ദേഹം പറഞ്ഞു.

    പുര്‍ണിയ, ബെഗുസാരായി, ദര്‍ഭംഗ, സമസ്തിപൂര്‍, കിഷന്‍ഗഞ്ച്, അരാരിയ എന്നിവ അടക്കമുള്ള ജില്ലകളിലാണ് നിക്ഷേപം. ഗയയിലെയും നളന്ദയിലെയും സിറ്റി ഗ്യാസ് വിതരണ ശൃംഖല മെച്ചപ്പെടുത്താന്‍ ഗ്രൂപ്പ് 200 കോടി രൂപ അനുവദിക്കുമെന്നും അദാനി പറഞ്ഞു.

    'ഞങ്ങള്‍ കംപ്രസ് ചെയ്ത ബയോഗ്യാസ്, ഇവി ചാര്‍ജറുകള്‍ എന്നിവയുടെ ഉത്പാദനം ആരംഭിക്കാന്‍ പദ്ധതിയിടുകയാണ്. ഈ സംരംഭം സംസ്ഥാനത്ത് ഏകദേശം 1500 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അദാനി വില്‍മറെ ബീഹാറിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചും അദാനി ഗ്രൂപ്പ് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    2,500 കോടി രൂപ ചെലവില്‍ വാര്‍സാലിഗഞ്ചിലും മഹാവലിലും യൂണിറ്റുകള്‍ സ്ഥാപിക്കാനും സിമന്റ് നിര്‍മാണ മേഖലയിലേക്കും പ്രവേശിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ബിഹാര്‍ സര്‍ക്കാരിന്റെ വികസനപരവും സാമൂഹികവുമായ പദ്ധതികളെയും അദാനി അഭിനന്ദിച്ചു.

    Tags:    

    Similar News