ഏഷ്യൻ കോൺക്രീറ്റ് ആൻഡ് സിമന്റിനെ പൂർണമായും ഏറ്റെടുത്ത് എസിസി

  • മൊത്തം ഏറ്റെടുക്കൽ തുക 775 കോടി രൂപ
  • ഈ ഏറ്റെടുക്കലോടെ എസിസിയുടെ സിമന്റ് ശേഷി വർധിക്കും.
  • ശേഷിക്കുന്ന 55 ശതമാനം ഓഹരികളുടെ ഏറ്റെടുക്കലായിരുന്നു

Update: 2024-01-08 10:16 GMT

ഏഷ്യൻ കോൺക്രീറ്റ് ആൻഡ് സിമന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ACCCPL) പൂർണമായും ഏറ്റെടുത്ത് എസിസി. ഇതോടെ മൊത്തം ഏറ്റെടുക്കൽ തുക 775 കോടി രൂപയായി.

അംബുജ സിമന്റ്‌സിന്റെ അനുബന്ധ സ്ഥാപനമായ എസിസിക്ക് മുൻപ് എസിസിസിപിഎല്ലിൽ 45 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. ശേഷിക്കുന്ന 55 ശതമാനം അതായത് 425.96 കോടി രൂപയുടെ ഓഹരികൾ പ്രമോട്ടറിൽ നിന്നും ഏറ്റെടുത്തതോടെ, എസിസിസിപിഎല്ലിന്റെ മൊത്ത ഉടമസ്ഥതയും എസിസിയുടെ കീഴിലായി.

എന്നാൽ ഇന്നത്തെ തുടക്കവ്യപാരത്തിൽ എസിസി ഓഹരികൾ ഇടിവിലായിരുന്നു.

എസിസിസിപിഎല്ലിന് നളഗാറിൽ (ഹിമാചൽ പ്രദേശ്) 1.3 എംടിപിഎ സിമന്റ് ശേഷിയുണ്ട്, അതേസമയം കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഏഷ്യൻ ഫൈൻ സിമന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് (AFCPL) രാജ്പുരയിൽ (പഞ്ചാബ്) 1.5 എംടിപിഎ സിമന്റ് ശേഷിയുണ്ട്.

മുഴുവൻ ഏറ്റെടുക്കലുകളും ഫണ്ട് ചെയ്യുന്നത് കയ്യിൽ സ്വരൂപിച്ച പണം വഴിയാണ്, ഇതോടെ മികച്ചു നിൽക്കുന്ന ഉത്തരേന്ത്യൻ വിപണിയിൽ കൂടുതൽ ശക്തി പ്രാപിക്കാൻ എസിസിക്കും അതിന്റെ മാതൃ കമ്പനിയായ അംബുജയിക്കും സഹായകമാവും.

ഈ ഏറ്റെടുക്കലോടെ എസിസിയുടെ സിമന്റ് ശേഷി വർധിക്കും. ഇത് 2028 ഓടെ അദാനിയുടെ സിമന്റ് ബിസിനസിന്റെ 140 എംടിപിഎ എന്ന ലക്ഷ്യത്തിന് സഹായകമാവും.

നിലവിൽ എസിസി ഓഹരികൾ എൻഎസ്ഇ യിൽ 1.13 ശതമാനത്തിന്റെ ഇടിവോടെ 2,350.50 രൂപയിൽ വ്യാപാരം തുടരുന്നു.

എസിസിക്ക് നിലവിൽ നളഗാറിലുള്ള യൂണിറ്റിൽ ടോളിങ് സൗകര്യമുണ്ട്. രാജ്പുര പ്ലാന്റിന്റെ അധിക ശേഷിയായ 1.5 എംടിപിഎ മൂന്ന് (ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്) സംസ്ഥാനങ്ങളിലെ ഉപഭോക്തൃ അടിത്തറയെ മെച്ചപ്പെടുത്തും. 

ആഗോള ബ്രോക്കറേജ് സ്ഥാപനമായ CLSA 2024-ൽ സിമന്റിന്റെ ഡിമാൻഡ് കുറയുമെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാൽ നിർമ്മാതാക്കൾക്ക് ഇൻപുട്ട് ചെലവ് കുറയുന്നതായാണ് നിലവിൽ കാണിക്കുന്നത്. ഈ പ്രതീക്ഷകൾ കണക്കിലെടുത്ത്, പ്രമുഖ സിമൻറ് കമ്പനികളുടെ ഓഹരി വിലയിൽ ബ്രോക്കറേജ് സ്ഥാപനം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

അദാനി ഗ്രൂപ്പിന്റെ രണ്ട് സിമന്റ് ഓഹരികളായ എസിസി, അംബുജ സിമന്റ്‌സ് എന്നിവയുടെ മോശം പ്രകടനം കണക്കിലെടുത്ത് ഓഹരികൾ " അണ്ടർ പെർഫോർമർ" വിഭാഗത്തിലാണ് ബ്രോക്കറേജ് സ്ഥാപനം ഉൾപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല സെൽ റെക്കമെൻഡേഷനും സ്ഥാപനം നൽകുന്നുണ്ട്. ഇരു ഓഹരികളുടെ ലക്ഷ്യ വില യഥാക്രമം 2,430 രൂപയായും 490 രൂപയായും സിഎൽഎസ്എ ഉയർത്തിയിട്ടുണ്ട്. 2024-ലെ രണ്ട് അദാനി കമ്പനികളുടെയും വിപുലീകരണ പദ്ധതികൾ ശ്രദ്ധയോടെ വിലയിരുത്തുമെന്നും ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.

Tags:    

Similar News