ബാങ്ക്- ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന ബന്ധം അപകടകരം, ദാസ്
ബാങ്കുകള്‍ അവയുടെ ആസ്തി ബാധ്യത മാനേജ് (അസെറ്റ് ലയബലിറ്റി മാനേജ്‌മെന്റ്) ചെയ്യുന്നത് ശക്തിപ്പെടുത്തേണ്ടതുണ്ട്
ധനകാര്യ മേഖല മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ, എല്ലാത്തരത്തിലുമുള്ള ധാരാളിത്തവും ഒഴിവാക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എങ്കിലെ വായ്പാ വളര്‍ച്ച ത്വരിതപ്പെടുത്താനാകുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലായിരിക്കാം. പക്ഷേ, ബാങ്കുകളും ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഫിക്കി-ഐബിഎ ബാങ്കിംഗ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സാമ്പത്തിക മേഖല ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ഓര്‍മ്മപ്പെടിത്തി. ഒന്നാമതായി നിലവിലെ വായ്പാ വളര്‍ച്ച ത്വരിതപ്പെടുമ്പോള്‍ മൊത്തത്തിലുള്ള മേഖലകളിലും ഉപമേഖലകളിലും സുസ്ഥിരമായ വളര്‍ച്ച നേടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാങ്കുകളും ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും ശ്രദ്ധിക്കണം.
ബാങ്കുകള്‍ അവയുടെ ആസ്തി ബാധ്യത മാനേജ് (അസെറ്റ് ലയബലിറ്റി മാനേജ്‌മെന്റ്) ചെയ്യുന്നത് ശക്തിപ്പെടുത്തേണ്ടതുണ്ട്. ചില സാഹചര്യങ്ങളില്‍ റീട്ടെയില്‍, കോര്‍പറേറ്റ് വായ്പകളുടെ കാലാവധി നീളുമ്പോള്‍ ഉയര്‍ന്ന ചെലവുള്ള ബള്‍ക്ക് ഡെപ്പോസിറ്റുകളെ ആശ്രയിക്കുന്നതായി കാണാറുണ്ട്.
രണ്ടാമതായി, ബാങ്കുകളും ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം വര്‍ധിച്ചു വരുന്നതായി കാണാം. ഇത് പകര്‍ച്ച വ്യാധിപോലെ റിസ്‌കുള്ളതാണ്. ബാങ്കുകള്‍ സ്ഥിരമായി എന്‍ബിഎഫ്‌സികളുമായുള്ള അവരുടെ എക്‌സ്‌പോഷര്‍ ഇടയ്ക്കിടയ്ക്ക് വിലയിരുത്തണം. എന്‍ബിഎഫ്‌സികള്‍ അവരുടെ ഫണ്ടിംഗ് സ്രോതസുകള്‍ വിശാലമാക്കുന്നതിലും ബാങ്ക് ഫണ്ടിനെ കൂടുതലായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
മൂന്നാമതായി മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ കൊള്ളപ്പലിശ ഈടാക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പലിശ നിരക്ക് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും ചില ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും താരതമ്യേന ഉയര്‍ന്ന പലിശ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പട്ടിട്ടുണ്ട്. പക്ഷേ, ഇത്തരം സ്ഥാപനങ്ങള്‍ പലിശ നിരക്കില്‍ നല്‍കുന്ന അയവ് വിവേകപൂര്‍വ്വം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അല്‍ഗോരിതം അടിസ്ഥാനമാക്കിയുള്ള വായ്പാ മോഡലുകളെക്കുറിച്ചായിരുന്നു അദ്ദേഹം നാലാമതായി പറഞ്ഞത്. ഫിന്‍ടെക് മേഖല ഇത്തരം വായ്പകള്‍ ഇടയ്ക്കിടയ്ക്ക് പരീക്ഷിക്കുകയും അതിന്റെ അപകട സാധ്യതകള്‍ ശ്രദ്ധിക്കുകയും വേണം. ശ്രദ്ധ അര്‍ഹിക്കുന്ന മറ്റൊരു വശം അനലറ്റിക്‌സിലൂടെ നല്‍കുന്ന മോഡല്‍ അധിഷ്ടിത വായ്പകളാണ്. ഇതില്‍ മുന്‍കൂട്ടി സജ്ജീകരിച്ച അല്‍ഗോരിതങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍, ബാങ്കുകളും എന്‍ബിഎഫ്‌സികളും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മോഡലുകള്‍ ശക്തമായിരിക്കണം. കൂടാതെ, ഇടയ്ക്കിടയ്ക്ക് ഇത് പരീക്ഷിക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.