ഒന്നുറപ്പിക്കാം; പൊതുമേഖലാ ബാങ്കുകൾ കുതിപ്പിന്റെ പാതയിൽ തന്നെ

  • കേന്ദ്ര ബജറ്റ് ദിനം ഓഹരിവിപണി ശോകമൂകമായി നിലനിന്നപ്പോഴും പൊതുമേഖലാ ബാങ്ക് ഓഹരികൾ കത്തിക്കയറി
  • ഒന്നിനോടൊന്ന് മികച്ച പാദഫലങ്ങളാണ് പൊതുമേഖലാ ബാങ്കുകൾ പുറത്തുവിട്ടത്
  • പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം 2018 മാർച്ചിലെ 14 .6 ശതമാനത്തിൽ നിന്ന് 2022 ഡിസംബറോടെ 5 .5 ശതമാനമായി കുറഞ്ഞു

Update: 2024-02-07 14:34 GMT

ഓഹരികളുടെ വില 100 രൂപയിൽ താഴെ! എന്നാൽ, കഴിഞ്ഞ ആറ് മാസത്തിനിടെ മിക്കവയും 100 ശതമാനത്തിലധികം മുന്നേറ്റം നൽകി കഴിഞ്ഞു. പറഞ്ഞു വരുന്നത് പൊതുമേഖലാ ബാങ്ക് ഓഹരികളെ കുറിച്ചാണ്.

പുനരുജ്ജീവനവും ഓഹരികളുടെ മുന്നേറ്റവും നിക്ഷേപകർക്കിടയിൽ പറഞ്ഞു പഴക്കം വന്ന കഥയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ മുന്നേറ്റങ്ങൾ ചെറുതല്ല. മിക്ക ഓഹരികളും പ്രസ്തുത കാലയളവിൽ മൾട്ടിബാഗറുകൾ ആയി മാറി. 2023 ഓഗസ്റ്റിൽ പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയം മുന്നോട്ട് വെച്ചപ്പോൾ പൊതുമേഖലാ ബാങ്ക് ഓഹരികളുടെ മുന്നേറ്റം ചൂണ്ടികാണിച്ചു പ്രധാനമന്ത്രി തിരിച്ചടിച്ചു. ഏറ്റവും അവസാനം കേന്ദ്ര ബജറ്റ് ദിനം ഓഹരിവിപണി ശോകമൂകമായി നില നിന്നപ്പോഴും പൊതുമേഖലാ ബാങ്ക് ഓഹരികൾ കത്തിക്കയറി. പഴക്കം വന്ന ചൊല്ലാണെങ്കിലും പറയാതിരിക്കാത വയ്യ; പിക്ചർ അഭി ബാക്കി ഹെ!!!! മേരെ റീഡേഴ്സ്!!!!!

നിഫ്റ്റി പിഎസ് യു ബാങ്ക് സൂചികയുടെ ഭാഗമായ 12 പൊതുമേഖലാ ബാങ്കിങ് ഓഹരികൾ പരിഗണിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആണല്ലോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ..

ലാഭക്ഷമതയിലെ മുന്നേറ്റം

ഒന്നിനോടൊന്ന് മികച്ച പാദഫലങ്ങളാണ് പൊതുമേഖലാ ബാങ്കുകൾ പുറത്തുവിട്ടത്. സ്ഥിരതയുള്ള നേട്ടം നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്ന് പാദങ്ങളിലും അവ കാഴ്ച വെച്ചു. 12 പിഎസ് യു ബാങ്ക് ഓഹരികളിൽ 8 ബാങ്കുകളും ഇരട്ടയക്ക വളർച്ച ലാഭത്തിൽ രേഖപ്പെടുത്തി. ബാങ്ക് ഓഫ് മഹാരാഷ്ട്ര 18.88 ശതമാനം നേട്ടമാണ് 9 മാസകാലയവിൽ നികുതിക്ക് ശേഷമുള്ള ലാഭമായി രേഖപ്പെടുത്തിയത്. ബാങ്ക് ഓഫ് ബറോഡ (15.54 ശതമാനം), ഇന്ത്യൻ ബാങ്ക് (14.19 ശതമാനം) എന്നിവ നേട്ടത്തിൽ മുൻപന്തിയിൽ നില്കുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര-യുടെ നെറ്റ് ഇന്ററസ്റ് മാർജിൻ 3.9 ശതമാനം എന്ന ഉയർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.

ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ 3 പാദങ്ങളിലായി 13 /28 ശതമാനം നേട്ടം നികുതിക്ക് ശേഷമുള്ള ലാഭത്തിൽ രേഖപ്പെടുത്തി. എന്നാൽ പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കുറഞ്ഞ ലാഭം രേഖപ്പെടുത്തിയ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്ന്റെ നികുതിക്ക് ശേഷമുള്ള ലാഭം 6 .64 ശതമാനം ആണ്.

അതെ സമയം 2023 സാമ്പത്തിക വർഷത്തിൽ ഏറ്റവും അധികം ഉയർച്ച ലാഭത്തിൽ രേഖപ്പെടുത്തിയത് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (16.43 ശതമാനം) ആയിരുന്നു. തൊട്ടുപുറകേ ബാങ്ക് ഓഫ് മഹാരാഷ്ട്രയും (16.37 ശതമാനം) ബാങ്ക് ഓഫ് ബറോഡയും (15.75 ശതമാനം) സ്ഥാനം പിടിച്ചിട്ടുണ്ട്.

താഴുന്ന കിട്ടാക്കടം

2015 ലെ അസ്സെറ്റ് ക്വാളിറ്റി റിവ്യൂ (AQR -2015) സെക്ടറിനെയും ബാങ്കുകളെയും മാറ്റി മറിച്ച ഗെയിം ചെയിഞ്ചിങ് നീക്കമായിരുന്നു. ഇതോടെ പൊതു മേഖല ബാങ്കുകളുടെ കിട്ടാക്കടം 2018 മാർച്ചിലെ 14 .6 ശതമാനത്തിൽ നിന്ന് 2022 ഡിസംബറോടെ 5 .5 ശതമാനമായി കുറഞ്ഞു. 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങൾ പിന്നിടുമ്പോൾ 12 പി എസ് യു ബാങ്കുകളയുടെയും സംയുത എൻ പി എ (NPA) 0.96 ശതമാനം ആണ്.

ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പന്ത്രണ്ടിൽ ഏഴ് ബാങ്കുകളുടെയും അറ്റ എൻപിഎ ഒരു ശതമാനത്തിനു താഴെ ആയിരുന്നു. മൂന്നാം പാദത്തിൽ ഏറ്റവും കുറവ് കിട്ടാക്കടം ബാങ്ക് ഓഫ് മഹാരാഷ്ട്ര (0.22 ശതമാനം) ഇന്ത്യൻ ബാങ്ക് (0.53 ശതമാനം), ഇന്ത്യൻ ഓവർസീസ് ബാങ്ക് (0.62 ശതമാനം) എന്നിവയാണ് റിപ്പോർട്ട് ചെയ്തത്. 2022 സാമ്പത്തിക വർഷത്തിൽ ഒരു ശതമാനത്തിനു താഴെ എൻപിഎ നില നിർത്താൻ സാധിച്ച ഒരേ ഒരു ബാങ്ക് കൂടിയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര.

കിട്ടാക്കടത്തിന്റെ കാര്യത്തിൽ ഗണ്യമായ പുരോഗതി മിക്ക ബാങ്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ 2023 സാമ്പത്തിക വർഷത്തിലെ NET NPA 2.72 ശതമാനം ആയിരുന്നു. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒമ്പത് മാസങ്ങളിൽ NET NPA 0.96 ശതമാനം ആയി കുറക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്കിനും സമാനമായ പുരോഗതി നല്കാൻ കഴിഞ്ഞിട്ടുണ്ട് (9MFY24-0.62 ശതമാനം v/s FY23-1.83 ശതമാനം).

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസറ്റ് ക്വളിറ്റി സ്ഥിരതയാർന്നതാണെങ്കിലും ഒരു ശതമാനത്തിനു താഴെ ആയി നില നിർത്താൻ കഴിഞ്ഞിട്ടുണ്ട് (9MFY24-0.64% v/s FY23-0.67 ശതമാനം). എന്നാൽ അസറ്റ് ക്വാളിറ്റിയുടെ കാര്യത്തിൽ ഏറ്റവും പുറകിൽ നില്കുന്നത് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കാണ് (9MFY24- 1.80 ശതമാനം v/s FY23-1.84 ശതമാനം).

ലോണുകൾ കൂടുന്നത് ബാങ്കിന് നേട്ടം?

വായ്പ്പയെടുക്കുന്നവർക്ക് ബാധ്യത ആണെങ്കിലും വായ്പാദാതാക്കൾക്കു അതായത് ബാങ്കുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കു ലോണുകൾ അസറ്റാണ്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര , യുക്കോ ബാങ്ക് എന്നിവയാണ് 2023 സമ്പത്തിക വർഷത്തിലും നടപ്പു സാമ്പത്തിക വർഷത്തിലും ഇക്കാര്യത്തിൽ മുന്നിട്ട് നില്കുന്നത്. 2023 ൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര 30.53 ശതമാനം ഉയർച്ച ലോൺ വളർച്ചയിൽ രേഖപ്പെടുത്തിയപ്പോൾ , 2024 ന്റെ ആദ്യ മൂന്ന് പാദങ്ങളിലായി 21.01 ശതമാനം ഉയർച്ച രേഖപ്പെടുത്തി. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഇതേ കാലയളവുകളിൽ യഥാക്രമം 23.44 ശതമാനം, 26.85 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 

Tags:    

Similar News