പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം: എന്‍എആര്‍സിഎല്‍ തിരിച്ചുപിടിച്ചത് 0.0014% മാത്രം
- 5 വര്‍ഷത്തിനിടെ എഴുതിത്തള്ളിയതില്‍ പകുതിയിലേറെയും കോര്‍പ്പറേറ്റ് വായ്പകള്‍
- 10 പൊതുമേഖലാ ബാങ്കുകൾക്ക് മൊത്തം 3.65 ലക്ഷം കോടി രൂപയുടെ എന്‍പിഎ
- ഈ വര്‍ഷം 10 ബാങ്കുകള്‍ എന്‍എആര്‍സിഎലിന് കൈമാറിയത് 11,617 കോടി രൂപയിലധികം വരുന്ന കിട്ടാക്കടം
ഈ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മൊത്തം 10 പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) 11,617 കോടി രൂപയിലധികം രൂപയുടെ നിഷ്‌ക്രിയ ആസ്തികൾ (എന്‍പിഎ) നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന് (എന്‍എആര്‍സിഎല്‍) കൈമാറിയതായി ധനമന്ത്രാലയം അറിയിച്ചു. എന്നാല്‍ നവംബർ 30 വരെയുള്ള കാലയളവില്‍ എന്‍എആര്‍സിഎലിന് തിരികെപ്പിടിക്കാനായ കിട്ടാക്കടം 16.64 കോടി രൂപ മാത്രമാണെന്നും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് പറഞ്ഞു, അതായത് കൈമാറിയ കിട്ടാക്കടത്തിന്‍റെ 0.0014 ശതമാനം മാത്രം.
എന്‍പിഎ അക്കൗണ്ടുകളിലെ വീണ്ടെടുക്കൽ ഒരു തുടർച്ചയായ പ്രക്രിയയാണെന്നും, സർക്കാർ ഗ്യാരണ്ടിയുടെ പിന്തുണയോടെ ബാങ്കുകള്‍ക്ക് എന്‍എആര്‍സിഎല്‍ നൽകുന്ന സുരക്ഷാ രസീതുകൾ അത്തരം അക്കൗണ്ടുകളിലെ വീണ്ടെടുക്കലിന് അഞ്ച് വര്‍ഷം വരെ സമയം നല്‍കുന്നുണ്ടെന്നും മറുപടിയില്‍ പറയുന്നു.
കൂടാതെ, എന്‍എആര്‍സിഎല്‍ ഏറ്റെടുക്കുന്ന ചില അക്കൗണ്ടുകളിൽ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി കോഡിന് കീഴിലുള്ള കോർപ്പറേറ്റ് പാപ്പരത്വ പരിഹാര പ്രക്രിയകള്‍ നടക്കുന്നുണ്ട്. ഇത്തരം അക്കൗണ്ടുകളിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ പരിഹാര പദ്ധതിക്ക് അനുസരിച്ച് വീണ്ടെടുക്കൽ നടപ്പിലാക്കും. ശേഷിക്കുന്ന അക്കൗണ്ടുകളിൽ, നിന്നാണ് 16.64 കോടി രൂപ തിരിച്ചുപിടിച്ചിട്ടുള്ളത്.
കിട്ടാക്കടം കൈമാറിയതില്‍ മുന്നില്‍ എസ്ബിഐ
ബാങ്കുകളില്‍ നിന്നുള്ള കിട്ടാക്കടങ്ങള്‍ വാങ്ങുന്ന ഒരു ബാഡ് ബാങ്കായാണ് എന്‍എആര്‍സിഎല്‍ പ്രവര്‍ത്തിക്കുന്നത്. നവംബർ 30 വരെയുള്ള കണക്കനുസരിച്ച്, ഈ വര്‍ഷം എസ്ബിഐ 4,508 കോടി രൂപയുടെ കിട്ടാക്കടം കൈമാറി.പിഎൻബിയും കാനറ ബാങ്കും യഥാക്രമം 2,138 കോടി രൂപയുടെയും 1,858 കോടി രൂപയുടെയും എന്‍പിഎ കൈമാറി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 1,831 കോടി രൂപയുടെ വായ്പയാണ് കൈമാറിയത്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് എന്‍എആര്‍സിഎലിന് കിട്ടാക്കടങ്ങള്‍ കൈമാറിയ മറ്റ് പൊതുമേഖലാ ബാങ്കുകൾ.
ധനമന്ത്രാലയം രാജ്യസഭയിൽ പങ്കുവെച്ച കണക്കുകൾ പ്രകാരം 2023 സെപ്റ്റംബർ 30 വരെ ഈ 10 പൊതുമേഖലാ ബാങ്കുകൾക്ക് മൊത്തം 3.65 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമുണ്ട്.
എഴുതിത്തള്ളിയതില്‍ പകുതിയിലേറെയും കോര്‍പ്പറേറ്റ് വായ്പകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ എഴുതിത്തള്ളിയ വായ്പകളില്‍ പകുതിയിലേറെയും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയതാണെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രാലയം പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടി വ്യക്തമാക്കുന്നു. എഴുതിത്തള്ളിയ വായ്പകളില്‍ നിന്ന് വീണ്ടെടുക്കല്‍ തുടര്‍ന്നും സാധ്യമാണെന്നും ഇതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നുമാണ് നേരത്തേ വന്‍തോതില്‍ കോര്‍പ്പറേറ്റ് വായ്പകള്‍ എഴുതിത്തള്ളുന്നത് വിവാദമായ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ 2014 -15 സാമ്പത്തിക വര്‍ഷം മുതലുള്ള കാലയളവില്‍ എഴുതിത്തള്ളിയ 10.42 ലക്ഷം കോടി രൂപയുടെ കിട്ടാക്കടത്തില്‍ 1.61 ലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചു പിടിക്കാനായിട്ടുള്ളത്.