സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മിനിമം മൂലധനം 200 കോടി രൂപയാക്കണം: ആര്‍ബിഐ
- എസ്എഫ്ബികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്
- നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എസ്എഫ്ബികളുടെയും ആസ്തി 200 കോടി രൂപയിലധികമുണ്ട്
- പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ അനുവാദമില്ല എന്നതാണ് എസ്എഫ്ബികളും പേയ്‌മെന്റ് ബാങ്കുമായുള്ള വ്യത്യാസം
ജനുവരി 8 തിങ്കളാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ (എസ്എഫ്ബി) മിനിമം മൂലധനം 200 കോടി രൂപയായി ഉയര്‍ത്തുകയും പേയ്‌മെന്റ് ബാങ്കിന് എസ്എഫ്ബികളായി അപ്‌ഗ്രേഡ് ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എസ്എഫ്ബികളുടെയും ആസ്തി 200 കോടി രൂപയിലധികമുണ്ട്.
എസ്എഫ്ബികളിലേക്ക് സ്വമേധയാ മാറാന്‍ ആഗ്രഹിക്കുന്ന പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകള്‍ക്ക് (യുസിബി) പ്രാരംഭ ആസ്തി 100 കോടി രൂപയായിരിക്കുമെന്നും അത് 200 കോടി രൂപയായി ഉയര്‍ത്തണമെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പറഞ്ഞു.
ബിസിനസ് ആരംഭിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 കോടി രൂപയായി ഉയര്‍ത്തിയാല്‍ മതി.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് യോഗ്യരാണെങ്കില്‍ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം എസ്എഫ്ബിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അപേക്ഷിക്കാവുന്നതാണ്.
അതേസമയം, എസ്എഫ്ബി ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ടെന്നു ഫിനോ പേയ്‌മെന്റ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. പേയ്‌മെന്റ് ബാങ്ക് എസ്എഫ്ബിയിലേക്ക് മാറ്റുന്നതിനുള്ള റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് അപേക്ഷിച്ചതെന്നും ഫിനോ പേയ്‌മെന്റ് ബാങ്ക് അറിയിച്ചു.
2014 നവംബര്‍ 27 നാണ് സ്വകാര്യ മേഖലയിലെ ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവസാനമായി ആര്‍ബിഐ പുറത്തിറക്കിയത്.
എസ്എഫ്ബികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഏറ്റവും പുതിയതായി ഐപിഒ നടത്തിയത്. 2023 നവംബറിലായിരുന്നു ഇസാഫ് ബാങ്കിന്റെ ഐപിഒ നടന്നത്.
പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ അനുവാദമില്ല എന്നതാണ് എസ്എഫ്ബികളും പേയ്‌മെന്റ് ബാങ്കുമായുള്ള വ്യത്യാസം.