ശതാബ്ദിയാഘോഷവുമായി കര്‍ണാടക ബാങ്ക്
- ഏറ്റവും പഴക്കംചെന്ന സ്വകാര്യ ബാങ്കുകളില്‍ ഒന്ന്
- മാറ്റങ്ങളെ സ്വീകരിച്ചുള്ള മുന്നേറ്റം നടത്തി
മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ണാടക ബാങ്ക്, സേവനത്തിന്റെ നൂറുവര്‍ഷങ്ങള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നാണ് കര്‍ണാടക ബാങ്ക്. പാരമ്പര്യത്തിന്റെ ഒരു നൂറ്റാണ്ടിനെ അനുസ്മരിച്ച് കാലത്തിനനുസരിച്ചുള്ള മാറ്റവുമായാണ് ബാങ്ക് മുന്നോട്ടുപോകുന്നത്.
മാറ്റങ്ങളെ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതാണ് യഥാര്‍ത്ഥ പൈതൃകമെന്ന് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കര്‍ണാടക ബാങ്ക് സ്വന്തമായി ഒരു പാരമ്പര്യം സൃഷ്ടിക്കുക മാത്രമല്ല അതിന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ എല്ലാഭാഗത്തേക്കും വ്യാപിപ്പിക്കുകയും ചെയ്തു. ഭാരത് കാ കര്‍ണാടക ബാങ്ക് എന്ന കാമ്പെയ്‌നും ശതാബ്ദിയോടനുബന്ധിച്ച് അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഹവാസ് മീഡിയ ഇന്ത്യയും ഹവാസ് വേള്‍ഡ് വൈഡ് ഇന്ത്യയും സംയുക്തമായാണ് ഈ കാമ്പെയ്ന്‍ നടപ്പാക്കുന്നത്. മാറുന്ന കാലഘട്ടവുമായി പൊരുത്തപ്പെടാനുള്ള ബാങ്കിന്റെ കഴിവിനെ ഇത് അടിവരയിടുന്നു.
ബാങ്ക് അതിന്റെ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുക മാത്രമല്ല, ഭാരത് കാ കര്‍ണാടക ബാങ്ക് എന്നതിലേക്കുള്ള യാത്രയില്‍ അതിന്റെ ഭാഗമായ എല്ലാ സംസ്ഥാനങ്ങളുടെയും സംസ്‌കാരവും ധാര്‍മ്മികതയും സ്വാംശീകരിക്കുകയും ചെയ്തുതായി പ്രസ്താവനയില്‍ പറയുന്നു.
ബാങ്കിന്റെ കാമ്പെയ്ന്‍, രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കുമുള്ള അത്യാധുനിക പരിഹാരങ്ങളുമായി പാരമ്പര്യത്തെ സമന്വയിപ്പിച്ച്, സാങ്കേതികവിദ്യാധിഷ്ഠിത ഭാവിയിലേക്കുള്ള ബാങ്കിന്റെ യാത്രയെ സൂചിപ്പിക്കുന്നതായി കര്‍ണാടക ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശേഖര്‍ റാവു പറഞ്ഞു.