ഇന്ത്യന്‍ ബാങ്കിംഗ് മേഖല കൂടുതല്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ട്
- ആഗോളതലത്തില്‍ യുപിഐയുടെ സ്വീകാര്യത വര്‍ധിക്കുന്നു
- ഇന്ത്യന്‍ ബാങ്കുകള്‍ തങ്ങളുടെ നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചു
- വായ്പാ വളര്‍ച്ചയിലും കുതിച്ചുചാട്ടം
ഇന്ത്യന്‍ ബാങ്കിംഗ് മേഖല ഇന്ന് എന്നത്തേക്കാളും ശക്തമാണെന്ന് റിപ്പോര്‍ട്ട്. ബാങ്കിംഗ് മേഖല മൊത്തം അറ്റാദായം 3 ലക്ഷം കോടി രൂപയാണ് നേടിയത്. കുറഞ്ഞ എന്‍പിഎ, ക്രെഡിറ്റ് ഇടപാടുകള്‍ ഇരട്ടി, ആഗോളതലത്തില്‍ യുപിഐയുടെ വന്‍തോതിലുള്ള സ്വീകാര്യത, ശക്തമായ മൂലധനം എന്നിവയും മേഖലക്ക് കരുത്തുപകരുന്നു.
നിലവിലെ സാമ്പത്തിക രംഗത്ത് ബാങ്കുകളുടെ ലാഭക്ഷമതയിലും ശക്തമായ പ്രകടനത്തിലും ഇത് ഗണ്യമായ വഴിത്തിരിവാണ്.
ബിസിജി റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ബാങ്കുകള്‍ തങ്ങളുടെ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 2024 സാമ്പത്തിക വര്‍ഷത്തില്‍ 2.8% ആയി കുറച്ചു. ഇത് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരതയ്ക്കും പ്രകടനത്തിനും കാരണമായി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ക്രെഡിറ്റ് ഇടപാടുകള്‍ ഇരട്ടിയാക്കിയതായും ബിസിജി റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
വായ്പാ വളര്‍ച്ചയിലെ കുതിച്ചുചാട്ടം സാമ്പത്തിക വളര്‍ച്ചയുടെ ഒരു പ്രധാന സൂചകമാണ്, ഇത് ബിസിനസ് വിപുലീകരണത്തിനും ഉപഭോക്തൃ ചെലവുകള്‍ക്കും കാരണമാകും. യുപിഐ ഇടപാടുകളിലും നാം ഏറെ മുന്നേറി. ഇപ്പോള്‍ പ്രതിവര്‍ഷ ഇടപാടുകള്‍ 100 ബില്യണ്‍ കടന്നതായണ് റിപ്പോര്‍ട്ടുകള്‍.
ഡിജിറ്റല്‍ പേയ്മെന്റ് ഇക്കോസിസ്റ്റത്തില്‍ യുപിഐയുടെ പങ്ക് കാണിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. അതിന്റെ സൗകര്യവും മറ്റുരാജ്യങ്ങളിലെ സ്വീകാര്യതയും രാജ്യത്തിന് നേട്ടമാണ്.
ഇന്ത്യയിലെ 35 ബാങ്കുകളില്‍ 33 എണ്ണത്തിനും മൂലധനവും അപകടസാധ്യതയുള്ള ആസ്തി അനുപാതവും 15% കവിഞ്ഞു.ഇത് റെഗുലേറ്ററി ആവശ്യകതയായ 9%ത്തേക്കാള്‍ ഉയര്‍ന്നതുമാണ്. മേഖലയെ പൊതുവായി വിലയിരുത്തുമ്പോള്‍ ബാങ്കിംഗ് രംഗം കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് എന്നാണ് വിലയിരുത്തല്‍.