'ഹരിത നിക്ഷേപ'ങ്ങള്‍ക്ക് ചട്ടക്കൂട് തയ്യാര്‍, ജൂണില്‍ നിലവില്‍ വരും
- നിക്ഷേപകന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് ഉറപ്പാക്കും
- നിക്ഷേപങ്ങളിലെ തുക വിനിയോഗിക്കുക പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക്
- തുക അനുവദിക്കുന്നതില്‍ സ്വതന്ത്ര മൂന്നാം കക്ഷി പരിശോധന ഉണ്ടാകണം
പരിസ്ഥിതി സൗഹൃദ ധനകാര്യ ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രോല്‍സാഹന നടപടി. ഹരിത നിക്ഷേപങ്ങള്‍ (ഗ്രീന്‍ ഡെപ്പോസിറ്റ്) ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനും ഇത്തരം നിക്ഷേപങ്ങളില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ബാങ്കുകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചട്ടക്കൂടാണ് കേന്ദ്രബാങ്ക് തയ്യാറാക്കിയിട്ടുള്ളത്. ജൂണ്‍ 1 മുതല്‍ ഇത് നിലവില്‍ വരും.
ആര്‍ബിഐ ചട്ടക്കൂടിലെ മാര്‍ഗനിര്‍ദേശം അനുസരിച്ച്, ഒരു ഗ്രീന്‍ ഡെപ്പോസിറ്റ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു നിശ്ചിത കാലയളവിലേക്ക് ആര്‍ബിഐ നിയന്ത്രിത സ്ഥാപനം സ്വീകരിക്കുന്ന പലിശയുള്ള നിക്ഷേപമാണ്. ഈ നിക്ഷേപത്തില്‍ നിന്നുള്ള തുക ഗ്രീന്‍ ഫിനാന്‍സിനായി മാറ്റിവെക്കണം. അതായത് പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍, മാലിന്യ സംസ്‌കരണ പദ്ധതികള്‍, പരിസ്ഥിതി സൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി വായ്പ നല്‍കുന്നതിനും നിക്ഷേപം നടത്തുന്നതിനും ഈ തുക വിനിയോഗിക്കപ്പെടും. വിഭവ വിനിയോഗത്തിലെ ഊര്‍ജ്ജ കാര്യക്ഷമത, കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കല്‍, കാലാവസ്ഥാ പ്രതിരോധം, ജൈവ വൈവിധ്യം എന്നിവയെ പ്രോല്‍സാഹിപ്പിക്കുന്നതായിരിക്കണം പദ്ധതികളെന്ന് കേന്ദ്ര ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു.
ക്യൂമുലേറ്റിവ്, നോണ്‍-ക്യൂമുലേറ്റിവ് തരങ്ങളില്‍ ഹരിത നിക്ഷേപങ്ങള്‍ ലഭ്യമാകും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അത് പുതുക്കുന്നതിനും പിന്‍വലിക്കുന്നതിനുമുള്ള ഓപ്ഷനുകള്‍ നിക്ഷേപകന് നല്‍കണം. ഇന്ത്യന്‍ രൂപയില്‍ മാത്രമായിരിക്കണം നിക്ഷേപങ്ങള്‍ അനുവദിക്കേണ്ടത്. അര്‍ഹമായ ഹരിത പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും തുക അനുവദിക്കുന്നതിന്് ഒരു ബോര്‍ഡ് അംഗീകൃത ഫിനാന്‍സിംഗ് ചട്ടക്കൂട് ഉണ്ടായിരിക്കണമെന്നും കേന്ദ്രബാങ്ക് നിര്‍ദേശിക്കുന്നു. പദ്ധതികളുടെ തെരഞ്ഞെടുപ്പ്, വിലയിരുത്തല്‍, വായ്പ അനുവദിക്കുന്നത്, അവയുടെ റിപ്പോര്‍ട്ടിംഗ്, മൂന്നാം കക്ഷി സ്ഥിരീകരണം, ഇംപാക്റ്റ് അസെസ്‌മെന്റ് എന്നിവയെല്ലാം ഈ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയായിരിക്കണം.
ഹരിത നിക്ഷേപങ്ങളിലൂടെ ലഭിച്ച തുകയില്‍ നിന്നുള്ള വിനിയോഗം വാര്‍ഷികാടിസ്ഥാനത്തില്‍ സ്വതന്ത്ര മൂന്നാം കക്ഷി പരിശോധനയ്ക്ക് വിധേയമായിരിക്കും. ഇത് ബാങ്കുകളെ ഫണ്ട് വിനിയോഗത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കുന്നില്ലെന്നും മറ്റെല്ലാ വായ്പകളുടെ കാര്യത്തിലുമെന്ന പോലെ ആഭ്യന്തര പരിശോധനകളും വിലയിരുത്തലുകളും ഉണ്ടാകണമെന്നും ആര്‍ബിഐ നിഷ്‌കര്‍ഷിക്കുന്നു. അനുവദിക്കപ്പെട്ട ഫണ്ട് അല്ലെങ്കില്‍ നിക്ഷേപത്തിന്റെ ഫലം സംബന്ധിച്ച് ബാഹ്യ സ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഷികാടിസ്ഥാനത്തില്‍ വിലയിരുത്തി ഒരു ഇംപാക്റ്റ് അസെസ്‌മെന്റ് റിപ്പോര്‍ട്ട് തയാറാക്കണം. വായ്പാ തുകയുടെ അല്ലെങ്കില്‍ നിക്ഷേപത്തിന്റെ സ്വാധീനം കണക്കാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, അതിനു നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണെന്നും അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ എന്തെല്ലാമാണെന്നും വിശദീകരിക്കണം.
ചെറുകിട ധനകാര്യ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ഷെഡ്യൂള്‍ഡ് കൊമേര്‍സ്യല്‍ ബാങ്കുകള്‍ക്കാണ് ആര്‍ബിഐ ചട്ടക്കൂട് ബാധകമായിട്ടുള്ളത്. ഗ്രാമീണ ബാങ്കുകള്‍, പേമെന്റ് ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍ എന്നിവയ്ക്ക് ഈ ചട്ടക്കൂട് ബാധകമല്ല.