സര്‍ക്കാര്‍ ഇന്‍ഷുറന്‍സുകളുടെ വില്‍പ്പനയ്ക്ക് ലക്ഷ്യം നിശ്ചയിച്ച് പൊതുമേഖലാ ബാങ്കുകള്‍
- കൂടുതല്‍ വര്‍ഷങ്ങള്‍ക്ക് പോളിസി തെരഞ്ഞെടുക്കുന്നതിന് പ്രേരണ നല്‍കും
- കഴിഞ്ഞ വര്‍ഷം ഇരു പദ്ധതികളിലെയും നിരക്ക് ഉയര്‍ത്തിയിരുന്നു
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് ഇന്‍ഷുറന്‍സ് പദ്ധതികളായ പ്രധാനമന്ത്രി ജീവന്‍ജ്യോതി ബിമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബിമ യോജന എന്നിവയുടെ വില്‍പ്പനയ്ക്കായി പൊതുമേഖലാ ബാങ്കുകള്‍ വില്‍പ്പന ലക്ഷ്യം നിശ്ചയിച്ചു. ഇതിനു പുറമേ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളായ മുദ്ര യോജന, സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ സ്‌കീം എന്നിവയ്ക്കുള്ള ലക്ഷ്യവും നിശ്ചയിച്ചിട്ടുണ്ട്.
ഓരോ വര്‍ഷവും പുതുക്കുന്ന തരത്തില്‍ പോളിസി എടുക്കുന്നതിനു പകരം കൂടുതല്‍ വര്‍ഷങ്ങള്‍ക്കായി പോളിസി തെരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ജ്യോതി ബിമ യോജനയുടെ നിരക്ക് 12 രൂപയില്‍ നിന്ന് 330 രൂപയായും സുരക്ഷ ബിമ യോജനയുടെ നിരക്ക് 20 രൂപയില്‍ നിന്ന് 436 രൂപയായും ഉയര്‍ത്തിയിരുന്നു.
നിലവില്‍ ജ്യോതി ബിമ യോജനയ്ക്കു കീഴില്‍ 8.3 കോടി ഗുണഭോക്താക്കളാണുള്ളത്. 23.9 കോടി പേര്‍ സുരക്ഷ ബിമ യോജനയ്ക്കു കീഴിലുമുണ്ട്. ബാങ്കിലോ പോസ്റ്റ് ഓഫിസിലോ എക്കൗണ്ടുള്ള, പ്രീമിയം ഓട്ടോ-ഡെബ്റ്റ് ആയി അടയ്ക്കാന്‍ സമ്മതിച്ചിട്ടുള്ള 18-50 വയസിനും ഇടയിലുള്ളവര്‍ക്കാണ് ജ്യോതി ബിമ യോജനയില്‍ അംഗമാകാനാകുക. ഇന്‍ഷുറന്‍സ് എടുത്ത വ്യക്തി ഏതു കാരണം കൊണ്ട് മരിച്ചാലും ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ലഭിക്കുക.
സുരക്ഷ ബിമ യോജനയില്‍ ഇന്‍ഷുറന്‍സ് ചെയ്യപ്പെട്ട വ്യക്തിക്ക് അപകട മരണമോ പൂര്‍ണവും സ്ഥിരവുമായ അംഗവൈകല്യമോ സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ വരെ ലഭിക്കും. ഭാഗികമായ സ്ഥിരം അംഗവൈകല്യം സംഭവിച്ചാല്‍ 1 ലക്ഷം രൂപ വരെ ലഭിക്കും.