7.5% ഓഹരികൾ ടാറ്റ മ്യൂച്വൽ ഫണ്ടിന് വിൽക്കാൻ ഡിസിബി ബാങ്കിന് ആർബിഐ അനുമതി
- ജൂലൈ 5ന് നല്‍കി അനുമതിയുടെ സാധുത ഒരു വര്‍ഷം
- ഓഹരി ഉടമസ്ഥത 7.5% കവിയുന്നില്ലെന്ന് ടിഎഎംപിഎൽ ഉറപ്പാക്കണം
- ബാധകമായ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയം
ബാങ്കിന്റെ 7.5 ശതമാനം വരെ ഓഹരികൾ ടാറ്റ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് (ടിഎഎംപിഎൽ) വിൽക്കാൻ ആർബിഐയുടെ അനുമതി ലഭിച്ചതായി ഡിസിബി ബാങ്ക് അറിയിച്ചു. ബാങ്കിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി മൂലധനത്തിന്റെ 7.5 ശതമാനം വരെ ഓഹരികൾ ഏറ്റെടുക്കുന്നത് ടാറ്റ മ്യൂച്വൽ ഫണ്ടിന്റെ സ്കീമുകളിലൂടെയായിരിക്കുമെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി. 2023 ജൂലൈ 5ലെ ആർബിഐ കത്തിന്റെ തീയതി മുതലുള്ള ഒരു വർഷത്തേക്ക് ഈ അംഗീകാരത്തിന് സാധുതയുണ്ടാകുമെന്നും ഫയലിംഗില്‍ പറയുന്നു.
"ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് 1949, ബാങ്കിംഗ് കമ്പനികളിലെ ഓഹരികൾ അല്ലെങ്കിൽ വോട്ടിംഗ് അവകാശങ്ങൾ ഏറ്റെടുക്കുന്നതിനും കൈവശം വയ്ക്കുന്നതിനും ആർബിഐ 2023 ജനുവരി 16-ന് പുറപ്പെടുവിച്ച മാസ്റ്റർ ഡയറക്ഷന്‍റെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പ്രസക്തമായ വ്യവസ്ഥകൾ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവുകള്‍, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 ന്റെ വ്യവസ്ഥകൾ, ബാധകമായ മറ്റേതെങ്കിലും മാർഗ്ഗനിർദ്ദേശങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും എന്നിവയ്ക്കെല്ലാം വിധേയമായിട്ടാണ് ആർബിഐ മേൽപ്പറഞ്ഞ അംഗീകാരം നല്‍കിയിട്ടുള്ളത് ," സ്വകാര്യ മേഖലയിലെ ബാങ്ക് ഫയലിംഗില്‍ വ്യക്തമാക്കി.
ബാങ്കിലെ തങ്ങളുടെ മൊത്തത്തിലുള്ള ഓഹരി ഉടമസ്ഥത ഒരു ഘട്ടത്തിലും ബാങ്കിന്റെ പെയ്ഡ്അപ് മൂലധനത്തിന്റെ 7.5 ശതമാനത്തിൽ കവിയുന്നില്ലെന്ന് ഉറപ്പാക്കാൻ ടിഎഎംപിഎൽ-നോട് ആർബിഐ നിര്‍ദേശിച്ചിട്ടുണ്ട്.