ബോര്‍ഡിംഗ് പാസ് വേണ്ട, 'മുഖം തിരിച്ചറിഞ്ഞാല്‍' വിമാനത്താവളത്തില്‍ പ്രവേശിക്കാം
രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിലാണ് ഡിജിയാത്ര സേവനം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
ഡെല്‍ഹി: വിമാനത്താവളങ്ങളില്‍ ഇനി പേപ്പര്‍ ബോര്‍ഡിംഗ് പാസിന് പകരം ഡിജിറ്റലായി വിവരങ്ങള്‍ നല്‍കി യാത്രക്കാരന് പ്രവേശിക്കാം. യാത്രക്കാരന്റെ മുഖം തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന ഫേസ് റെക്കഗ്നീഷന്‍ സാങ്കേതികവിദ്യ വരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തടസങ്ങളില്ലാതെയും, വേഗത്തിലും വിമാനത്താവളങ്ങളിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനം ഉപകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഡിജിയാത്ര സേവനം പ്രയോജനപ്പെടുത്തുന്ന യാത്രക്കാര്‍ ഐഡന്റിറ്റി കാര്‍ഡോ, ബോര്‍ഡിംഗ് പാസോ കയ്യില്‍ കരുതേണ്ടതില്ല. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിലാണ് ഡിജിയാത്ര സേവനം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. അതില്‍ ഡെല്‍ഹി, ബെംഗളുരു, വാരണാസി വിമാനത്താവളങ്ങളില്‍ സേവനം നിലവില്‍ വന്നു കഴിഞ്ഞു. ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, വിജയവാഡ വിമാനത്താവളങ്ങളില്‍ 2023 മാര്‍ച്ചോടെ സേവനം നിലവില്‍ വരും.
അധികം വൈകാതെ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം ഡിജിയാത്ര സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെടുന്നു. ഡിജിയാത്ര പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് ഡിജിയാത്ര ഫൗണ്ടേഷനാണ്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ബെംഗളൂരു, ഡെല്‍ഹി, ഹൈദരാബാദ്, മുംബൈ, കൊച്ചി വിമാനത്താവളങ്ങള്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് ഡിജിയാത്ര. ഈ സംയുക്ത സംരംഭത്തില്‍ എയര്‍പോര്‍ട്ട് അതോറ്റി ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അഞ്ച് വിമാനത്താവളങ്ങള്‍ക്കാണ് 74 ശതമാനം ഓഹരി പങ്കാളിത്തം.
നിലവില്‍ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ സ്പൈസ്ജെറ്റ്, ഗോഫസ്റ്റ്, ആകാശ എയര്‍ എന്നീ കമ്പനികള്‍ ഇതുവരെ ഈ സേവനം ലഭ്യമാക്കിയിട്ടില്ല.
ഡിജിയാത്ര സേവനം എങ്ങനെ ലഭ്യമാകും?
ഡിജിയാത്ര സൗകര്യം പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഡിജിയാത്ര ആപ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ സേവനം ലഭ്യമാണ്. അതിനുശേഷം വ്യക്തി വിവരങ്ങള്‍ ആധാര്‍ വഴിയോ അല്ലെങ്കില്‍ ഡിജിലോക്കര്‍ ഉപയോഗിച്ചോ രജിസ്റ്റര്‍ ചെയ്യണം.
യാത്രക്കാരന്റെ സെല്‍ഫി അപ് ലോഡ് ചെയ്യുകയാണ് അടുത്ത പടി. ഇത്രയും ചെയ്തതിനു ശേഷം ബോര്‍ഡിംഗ് പാസ് അപ് ലോഡ് ചെയ്യണം. ഈ വിവരങ്ങളെല്ലാം വിമാനത്താവളത്തിന്റെ സെര്‍വറിലേക്ക് എത്തും.
യാത്രയ്ക്കായി വിമാനത്താവളത്തിലെത്തുമ്പോള്‍ ഡിജിയാത്രക്കാര്‍ക്കുള്ള ഇ-ഗേറ്റില്‍ ബോര്‍ഡിംഗ് പാസിന്റെ ബാര്‍കോഡ് അല്ലെങ്കില്‍ മൊബൈല്‍ ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യണം. ഇ-ഗേറ്റ് ക്യാമറയിലെ ഫേസ് റെക്കഗിനിഷന്‍ സിസ്റ്റം (യാത്രക്കാരന്റെ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനം) വഴി യാത്രക്കാരന്റെ മുഖം തിരിച്ചറിയും.
ഇത്രയും കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഇ-ഗേറ്റ് തുറക്കും. സുരക്ഷ പരിശോധനസ്ഥലത്തും ഇ-ഗേറ്റാണുള്ളത്. അവിടെയും യാത്രക്കാരന്റെ മുഖം ഫേസ് റെക്കഗ്‌നിഷന്‍ സംവിധാനം വഴി തിരിച്ചറിഞ്ഞാല്‍ മാത്രമേ ഗേറ്റ് തുറക്കു.
ഡിജിയാത്ര വിമാനത്താവളത്തിലെ പ്രവേശന നടപടികള്‍ ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. ദുബായ്, സിംഗപ്പൂര്‍, അറ്ലാന്റ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിലവില്‍ ഇത്തരം സംവിധാനം ഉപയോഗിക്കുന്നുണ്ട്.