ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ശനിയാഴ്ച നേരിട്ടത് മുപ്പതിലധികം ബോംബ് ഭീഷണികള്‍
- പല വിമാനങ്ങള്‍ക്കും ലക്ഷ്യസ്ഥാനത്ത് എത്താനാകുന്നില്ല
- ഭീഷണികള്‍ എത്തുന്നത് സോഷ്യല്‍ മീഡിയ വഴി
- ഈ ഭീഷണികള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു
ഇന്ത്യന്‍ എയര്‍ലൈനുകള്‍ നടത്തുന്ന വിമാനങ്ങള്‍ക്ക് ശനിയാഴ്ച ലഭിച്ചത് 30-ലധികം ബോംബ് ഭീഷണികള്‍. ഇത് സുരക്ഷാ ഏജന്‍സികളെ അമ്പരപ്പിച്ചിട്ടുണ്ട്. ഈ വ്യാജ ഭീഷണികള്‍ നൂറുകണക്കിന് യാത്രക്കാര്‍ക്കും വിമാനത്താവളങ്ങളിലെ ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഇതിനെത്തുടര്‍ന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ദേശീയ തലസ്ഥാനത്ത് സിഇഒമാരുമായും എയര്‍ലൈനുകളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, ആകാശ എയര്‍, സ്പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, അലയന്‍സ് എയര്‍ എന്നിവയുടെ വിമാനങ്ങള്‍ക്ക് ശനിയാഴ്ച ബോംബ് ഭീഷണിയുണ്ടായെന്ന് വാര്‍ത്തയുണ്ട്.
ഈ ആഴ്ച ഇതുവരെ, ഇന്ത്യന്‍ എയര്‍ലൈനുകളുടെ 70-ലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു, അവയില്‍ മിക്കതും വ്യാജമാണെന്ന് തെളിഞ്ഞു. വിസ്താരയുടെ ആറ് വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെയും ആകാശ എയറിന്റെയും അഞ്ച് വിമാനങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ലഭിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു.
ശനിയാഴ്ച രാവിലെ മുതല്‍ സോഷ്യല്‍ മീഡിയ വഴിയാണ് 30ലധികം വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. ഒരു വിമാനത്തില്‍ മാത്രം ലാവറ്ററിയില്‍ നിന്ന് വിമാനത്തില്‍ ബോംബുണ്ടെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി.
ഉദയ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര ഫ്‌ലൈറ്റ് സംബന്ധിച്ച് സുരക്ഷാ ആശങ്കയുണ്ടായിരുന്നു, ലാന്‍ഡിംഗിന് ശേഷം നിര്‍ബന്ധിത പരിശോധനകള്‍ക്കായി വിമാനം ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി.
വിമാനത്തില്‍ ബോംബ് ഉണ്ടെന്നുള്ള കുറിപ്പ് വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ അലയന്‍സ് എയര്‍ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു.