ഇന്ത്യയില്‍ ഇവികളുമായി ഫോക്സ് വാഗണെത്തുന്നു

  • കമ്പനി ലക്ഷ്യമിടുന്നത് 10-15 ശതമാനം വളര്‍ച്ച
  • ആഗോളതലത്തില്‍ ഫോക്സ് വാഗണിന്റെ ഇവി വില്‍പ്പന 21% വര്‍ധിച്ചു
  • പുതിയ വിപണികളിലേക്കുള്ള പ്രവേശനത്തിന് കമ്പനിയുടെ മുന്‍ഗണന

Update: 2024-03-21 09:48 GMT

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍  ഇന്ത്യയില്‍ തങ്ങളുടെ വൈദ്യുതീകരണ സംരംഭത്തിന് തുടക്കം കുറിക്കുന്നു. വര്‍ഷാവസാനം ഇലക്ട്രിക് കാര്‍ ഐഡി. 4 അവതരിപ്പിക്കുന്നതോടെയാണ് പുതിയ ചുവടുവെയ്പ്പിന് തുടക്കമാകുക യെന്ന് കമ്പനിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഈ വര്‍ഷം ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണി 5-7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന്കമ്പനി പ്രതീക്ഷിക്കുന്നു. എന്നാല്‍ ലക്ഷ്യമിടുന്നത് 10-15 ശതമാനം വളര്‍ച്ചയാണ്.

'ഇന്ത്യയിലെ വൈദ്യുതീകരണ യാത്രയിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവെപ്പ് ആരംഭിക്കുന്നത് ഐഡി. 4-മായാണ്', ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് സെയില്‍സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ മേയര്‍ ഫോക്സ്വാഗണ്‍ വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.

കമ്പനിയുടെ ആഗോളതലത്തിലുള്ള ജനകീയ വൈദ്യുതീകരണത്തിന്റെ ഭാഗമായാണ് ഐഡി.4 അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ആഗോളതലത്തില്‍, വൈദ്യുതീകരണ യാത്രയില്‍ ഫോക്സ്വാഗണ്‍ മുന്നിട്ട് നില്‍ക്കുന്നു.പാരീസ് കാലാവസ്ഥാ ഉടമ്പടി 2030-ലേക്കുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ഇവികളുടെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം ഉള്‍പ്പെടെ വിവിധ മേഖലകളിലെ ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ഫോക്സ്വാഗണിന്റെ ഇലക്ട്രിക് വാഹന വില്‍പ്പന 21 ശതമാനം വര്‍ധിച്ച് 2023ല്‍ ഏകദേശം 4 ലക്ഷം യൂണിറ്റുകളായിരുന്നു. ഈ വിജയം മറ്റ് വിപണികളിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു.

എന്നിരുന്നാലും, 'ഇത് ഘട്ടം ഘട്ടമായുള്ള സമീപനമായിരിക്കും, അതില്‍ മാര്‍ക്കറ്റിനുള്ള ബ്രാന്‍ഡ് സ്ഥാനനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ നിലവിലെ പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്തും.' ഇന്ത്യ ഇപ്പോള്‍ 4 ദശലക്ഷം കാര്‍ വിപണിയാണ്, ഈ വര്‍ഷം 5-7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായം ഇപ്പോള്‍ ജപ്പാനെ മറികടന്ന് ലോകത്ത് മൂന്നാം സ്ഥാനത്താണ്. പത്ത് വര്‍ഷം മുമ്പ് ഇങ്ങനെയൊരു വളര്‍ച്ച ആരും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ഫോക്സ്വാഗണ്‍ പ്രതിജ്ഞാബദ്ധമാണെന്നും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ കമ്പനി പ്രീമിയം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് തുടരുമെന്നും മേയര്‍പറഞ്ഞു. 2023ല്‍ കമ്പനിയുടെ വില്‍പ്പന 8 ശതമാനം വര്‍ധിച്ചതായി ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.ഏകദേശം 44,000 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2024ല്‍ ഇത് 10-15 ശതമാനം വര്‍ധിപ്പിക്കുക എന്നതാണ് ഈ വര്‍ഷം ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News