ടാറ്റയുടെ ചിപ്പ് പ്ലാന്റുകളിൽ 72,000 തൊഴിലവസരങ്ങള്‍
- ടാറ്റ ചിപ്പ് പ്ലാന്റുകള്‍ വഴി 72,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: എന്‍ ചന്ദ്രശേഖരന്‍
- 91,000 കോടിയുടെ നിര്‍മ്മാണ പ്ലാന്റിന്റെയും 27,000 കോടിയുടെ അസംബ്ലിങ് പ്ലാന്റിന്റേയും തറക്കല്ലിട്ടു
- വിപുലീകരണം അടുത്ത ഘട്ടത്തിൽ
ടാറ്റ ഇലക്ട്രോണിക്സ് പ്ലാന്റുകള്‍ ഘട്ടം ഘട്ടമായി ചിപ്പുകള്‍ വിതരണം ചെയ്യുന്നതിലൂടെ എല്ലാ മേഖലകളിലും ക്രമേണ സേവനം നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. വാര്‍ഷികാടിസ്ഥാനത്തില്‍ 72,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ടാറ്റ ഇലക്ട്രോണിക്സിന്റെ 91,000 കോടി രൂപയുടെ ചിപ്പ് നിര്‍മ്മാണ പ്ലാന്റിന്റെയും അസമില്‍ 27,000 കോടി രൂപയുടെ ചിപ്പ് അസംബ്ലിങ് പ്ലാന്റിന്റേയും തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓട്ടോമോട്ടീവ്, പവര്‍, ഇലക്ട്രോണിക്സ്, മെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളുടെ ആവശ്യങ്ങള്‍ ടാറ്റ ഇലക്ട്രോണിക്സ് ചിപ്പുകള്‍ നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാലിത് ഇത് ഘട്ടം ഘട്ടമായാവും സംഭവിക്കുകയെങ്കിലും എല്ലാ മേഖലകളിലും സേവനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ടാറ്റയുടെ ചിപ്പ് പ്ലാന്റിന് 28 നാനോമീറ്റര്‍ മുതല്‍ 110 നാനോമീറ്റര്‍ നോഡുകള്‍ വരെ വേഫറുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഹൈടെക് ഗാഡ്ജെറ്റുകള്‍ക്ക് പ്രധാനമായും 3 nm, 7 nm, 14 nm തുടങ്ങിയ ചെറിയ നോഡുകളില്‍ ചിപ്പുകള്‍ ആവശ്യമാണ്.
പ്ലാന്റുകള്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.
ഇത് ഒരു തുടക്കം മാത്രമാണ്. വിപുലീകരണം പിന്നീട് ഉണ്ടാകും. അസമില്‍ കുറഞ്ഞത് 20,000- 22,000 ജോലികള്‍ സൃഷ്ടിക്കപ്പെട്ടേക്കും. എന്നാല്‍ ഇതിന് കൂടുതല്‍ സമയമെടുക്കും. ആദ്യകാല നാഴികക്കല്ലുകള്‍ മറികടക്കുമ്പോള്‍ കമ്പനി കൂടുതല്‍ വിപുലീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സാധാരണയായി, ഒരു ഫാബിന് ഏകദേശം 4 വര്‍ഷമെടുക്കും. 2026 കലണ്ടര്‍ വര്‍ഷത്തില്‍ ചിപ്പുകള്‍ നിര്‍മ്മിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 2025-ന്റെ അവസാനത്തില്‍ ചിലപ്പോള്‍ അസമില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചേക്കാമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.