വാഹന നിര്‍മ്മാതാക്കള്‍ കാര്‍ വില വര്‍ധിപ്പിക്കാന്‍ കാരണം?

  • പല പ്രധാന കമ്പനികളും വില വര്‍ധനവ് പ്രഖ്യാപിച്ചു
  • ചില കമ്പനികള്‍ വര്‍ധനവ് പരിഗണിക്കുന്നു
  • കമ്പനികളുടെ ലാഭക്ഷമതയിലുണ്ടായ ഇടിവ് വില വര്‍ധനക്ക് വഴിതെളിച്ചു

Update: 2024-12-08 11:39 GMT

ജനുവരി മുതല്‍ വിവിധ കമ്പനികളുടെ കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണ്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ മുതല്‍ ഉയര്‍ന്ന ആഡംബര വിഭാഗത്തില്‍ ഉള്‍പ്പെട്ട വിഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വില വര്‍ധന നടപ്പാക്കാനുള്ള പ്രധാന കാരണമായി കാര്‍ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളുമാണ്. എന്നിരുന്നാലും, എല്ലാ വര്‍ഷവും ഡിസംബറില്‍ വാഹന നിര്‍മ്മാതാക്കള്‍ വര്‍ഷത്തിന്റെ അവസാന മാസത്തെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഇക്കാര്യങ്ങള്‍ പറയാറുണ്ട്. ഇത് അവസാന മാസത്തെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ഒരു തന്ത്രം കൂടിയാണ്. പുതിയ വര്‍ഷം നിര്‍മ്മിച്ച യൂണിറ്റുകള്‍ ലഭിക്കുന്നതിന് ചില ഉപഭോക്താക്കള്‍ വാങ്ങലുകള്‍ പിന്നീടുള്ള മാസങ്ങളിലേക്ക് മാറ്റിവയ്ക്കുന്നു.

വിലവര്‍ദ്ധനവിന് ഒന്നിലധികം ഘടകങ്ങള്‍ ഉണ്ടാകാമെങ്കിലും, രണ്ടാം പാദത്തില്‍ ഏതാനും വലിയ ഓട്ടോ ഒഇഎമ്മുകളുടെ ലാഭക്ഷമതയിലുണ്ടായ ഇടിവാണ് പ്രധാന കാരണമെന്ന് ഡിലോയിറ്റ് ഇന്ത്യ പാര്‍ട്ണര്‍ രജത് മഹാജന്‍ പറഞ്ഞു.ഉത്സവ സീസണില്‍, വില പരിഷ്‌കരണങ്ങള്‍ നടത്തിയില്ല. അത് വ്യാപാരത്തെ ദോഷകരമായി ബാധിക്കുമായിരുന്നു.

പണപ്പെരുപ്പ സമ്മര്‍ദവും ചരക്ക് വിലയും കാരണം പ്രവര്‍ത്തന ചെലവ് വര്‍ധിക്കുന്നതുപോലുള്ള ഘടകങ്ങള്‍ നികത്താന്‍ വാഹന നിര്‍മാതാക്കള്‍ പൊതുവെ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ വില വര്‍ധിപ്പിക്കാറുണ്ടെന്ന് ഇക്ര വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡും - രോഹന്‍ കന്‍വര്‍ ഗുപ്ത പറഞ്ഞു.

'വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ പ്രഖ്യാപിച്ച വില വര്‍ധനയും ഇതേ കാരണത്താലാണ്. പാസഞ്ചര്‍ വാഹന വ്യവസായത്തിലെ വിവിധ മോഡലുകളില്‍ ഇതിനകം തന്നെ ആരോഗ്യകരമായ കിഴിവുകള്‍ ഉണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. വ്യവസായം ഇന്‍വെന്ററി ലെവലുകള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, എതിരാളിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എന്നിവര്‍ കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് നേരത്ത പ്രഖ്യാപിച്ചിരുന്നു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ എസ്യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില ജനുവരി മുതല്‍ 3 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. JSW MG മോട്ടോര്‍ ഇന്ത്യ അതിന്റെ മുഴുവന്‍ മോഡല്‍ ശ്രേണിയുടെയും വില അടുത്ത മാസം മുതല്‍ 3 ശതമാനം വരെ ഉയര്‍ത്തും. ഹോണ്ട കാര്‍സ് ഇന്ത്യയും വില വര്‍ദ്ധനവ് പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ആഡംബര കാര്‍ വിപണിയിലെ മുന്‍നിരക്കാരായ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ ജനുവരി മുതല്‍ വില 3 ശതമാനം വരെ വര്‍ധിപ്പിക്കും.അതുപോലെ, അടുത്ത വര്‍ഷം ജനുവരി മുതല്‍ ബിഎംഡബ്ല്യു ഇന്ത്യ അതിന്റെ മോഡല്‍ ശ്രേണിയുടെ വില 3 ശതമാനം വരെ വര്ഞധിപ്പിക്കാനൊരുങ്ങുകയാണ്. 

Tags:    

Similar News