ഇന്ത്യയില്‍ ഇനി ജിന്‍ഡാല്‍-എസ്എഐസിയും എംജി മോട്ടോഴ്സ് ഡ്രൈവ് ചെയ്യും
ദീപാവലിയോടെ ഔദ്യോഗിക പ്രഖ്യാപനം
ജെഎസ്ഡബ്ല്യൂ ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലും ചൈനീസ് ഓട്ടോ കമ്പനിയും ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എഐസി മോട്ടോര്‍ കോര്‍പറേഷനും സംയുക്തമായി എംജി മോട്ടോഴ്സ് ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ ധാരണയായി.
ഇതനുസരിച്ച് 100 കോടി മൂല്യം കണക്കാക്കുന്ന എംജി മോട്ടോഴ്സില്‍ ചൈനീസ് ഓട്ടോ കമ്പനി 51 ശതമാനം നിക്ഷേപം നടത്തും. ജിന്‍ഡാലിന്റെ ഓഹരി പങ്കാളിത്തം 32-35 ശതമാനമായിരിക്കും. പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ കമ്പനി 8 ശതമാനം ഓഹരി വാങ്ങും. എംജിയുടെ ഇന്ത്യന്‍ ഡീലര്‍മാര്‍ക്കും അതിലെ ജീവനക്കാര്‍ക്കും 6-7 ശതമാനം ഓഹരി നീക്കിവയ്ക്കും. ഘട്ടംഘട്ടമായിട്ടാണ് കരാര്‍ നടപ്പാക്കുക. കരാര്‍ പൂര്‍ത്തിയാകുന്നതോടെ എംജി മോട്ടോര്‍സ്, ചൈനീസ് ഉപ കമ്പനിയായി മാറും. 2024 ജനുവരിയോടെ പുതിയ സ്ഥാപനം ഇലക്ട്രിക്ക് കാറുകള്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ്, എസ്എഐസി മോട്ടോര്‍ കോര്‍പറേഷനും ധാരണയിലെത്തിയത്. ദീപാവലിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
എംജിയുടെ നഷ്ടത്തില്‍ ഒരു ഭാഗം എസ്എഐസിയുടെ ഓഹരി മൂലധനത്തില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളും. നികുതിയാനുകൂല്യങ്ങളും മറ്റും കമ്പനിക്കു ലഭിക്കും. അതിനു ശേഷം എസ്എഐസി ഓഫര്‍ ഫോര്‍ സെയില്‍ അവതരിപ്പിക്കും. ഇതിലൂടെ എസ്എഐസിയുടെ ഓഹരി വില്‍ക്കുകയും ചൈനീസ് ഉടമസ്ഥത ഇപ്പോഴത്തെ 51 ശതമാനത്തില്‍നിന്ന് 38-40 ശതമാനമായി കുറയ്ക്കുകയും ചെയ്യും. കാലക്രമേണ ജിന്‍ഡാലിന്റെ ഉടമസ്ഥതാവകാശം 49 ശതമാനമായും പിന്നീട് അത് 51 ശതമാനമായി ഉയര്‍ത്തും. ഇതോടെ കമ്പനി ജെഎസ്ഡബ്ല്യൂവിന്റെ ഉപകമ്പനിയായി മാറുകയും ചെയ്യും.
ഗുജറാത്തിലെ ഹലോളില്‍ ഉത്പാദന യൂണിറ്റുള്ള എംജി മോട്ടോഴ്സിന് 120000 യൂണിറ്റ് ഉത്പാദിപ്പിക്കുവാനുള്ള ശേഷിയുണ്ട്. കമ്പനി ഇതുവരെ ഇന്ത്യയില്‍ 170000 യൂണിറ്റ് വിറ്റിട്ടുണ്ട്. 2028-ഓടെ ഉല്‍പ്പാദനശേഷി ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എംജി മോട്ടോഴ്‌സിന് പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 1.26 ശതമാനം വിപണി വിഹിതമുണ്ട്.