ഇന്ത്യന്‍ ഇവി വിപണി 20 ലക്ഷം കോടി രൂപയിലെത്തും:ഗഡ്കരി

  • മേഖലയിലുടനീളം 5 കോടി തൊഴിലവസരങ്ങള്‍
  • വായു മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖല മൂലം
  • 22 ലക്ഷം കോടി രൂപയുടെ ഫോസില്‍ ഇന്ധനങ്ങളാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്

Update: 2024-12-19 10:51 GMT

2030-ഓടെ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി 20 ലക്ഷം കോടി രൂപയിലെത്താന്‍ സാധ്യതയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത് ഇവി ആവാസവ്യവസ്ഥയിലുടനീളം 5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഇ-വാഹന വ്യവസായത്തിന്റെ സുസ്ഥിരതയെക്കുറിച്ചുള്ള എട്ടാമത് കാറ്റലിസ്റ്റ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വായു മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖല മൂലമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി പറഞ്ഞു.

' നാം 22 ലക്ഷം കോടി രൂപയുടെ ഫോസില്‍ ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. അത് വലിയ സാമ്പത്തിക വെല്ലുവിളിയാണ്. ഫോസില്‍ ഇന്ധനങ്ങളുടെ ഈ ഇറക്കുമതി നമ്മുടെ രാജ്യത്ത് വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു,' ഗഡ്കരി പറഞ്ഞു.

ഇന്ത്യയുടെ പവര്‍ ബാസ്‌ക്കറ്റിന്റെ 44 ശതമാനവും സൗരോര്‍ജ്ജമായതിനാല്‍ സര്‍ക്കാര്‍ ഹരിത ഊര്‍ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു. 'നമ്മുടെ ജലവൈദ്യുതി, പിന്നെ സൗരോര്‍ജ്ജം, ഹരിത ഊര്‍ജ്ജം, പ്രത്യേകിച്ച് ജൈവവസ്തുക്കളില്‍ നിന്നുള്ള വികസനത്തിന് സര്‍ക്കാര്‍ ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നു. ഇപ്പോള്‍ സൗരോര്‍ജ്ജം നമ്മുടെ എല്ലാവരുടെയും പ്രധാന സ്രോതസ്സുകളില്‍ ഒന്നാണ്,' അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് ബസുകളുടെ കുറവ് ഇന്ത്യ നേരിടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

'നമ്മുടെ രാജ്യത്തിന് ഒരു ലക്ഷം ഇലക്ട്രിക് ബസുകള്‍ ആവശ്യമാണ്. എന്നാല്‍ ഞങ്ങളുടെ ശേഷി 50,000 ബസുകളാണ്. നിങ്ങളുടെ ഫാക്ടറി വിപുലീകരിക്കാന്‍ ഇത് ഉചിതമായ സമയമാണെന്ന് ഞാന്‍ കമ്പനികളോട് അഭ്യര്‍ത്ഥിക്കുന്നു,' അദ്ദേഹം പറഞ്ഞു.അതേസമയം ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ഗഡ്കരി ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു.

2014ല്‍ ഗതാഗത മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വലുപ്പം 7 ലക്ഷം കോടി രൂപയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ന് (ഓട്ടോമൊബൈല്‍ മേഖലയുടെ വലിപ്പം) 22 ലക്ഷം കോടി രൂപയാണ്.

Tags:    

Similar News