പുതിയ ടാറ്റാ ടിയാഗോ അടുത്ത മാസം വിപണിയിൽ
- 2016-ൽ അവതരിപ്പിച്ച ടാറ്റ ടിയാഗോ മിഡിൽ ക്ലാസ് ഉപഭോകതാക്കളുടെ പ്രിയപ്പെട്ട വാഹനമായി മാറി
- ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്‌പോ 2025-ൽ പുതിയ ടിയാഗോയും, ടിഗോറും അവതരിപ്പിക്കും
അടുത്ത മാസം പുതിയ ടാറ്റ ടിയാഗോ വിപണിയിലെത്തിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. 2016-ൽ അവതരിപ്പിച്ച ടാറ്റ ടിയാഗോ ടാറ്റ മോട്ടോഴ്സിന് വലിയ വിജയമായിരുന്നു കാഴ്ച വെച്ചത്. ഇതുവരെ ആറ് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങി നിൽക്കുന്നതും, മികച്ച പ്രകടനവും, മൈലേജും നൽകുന്ന ടിയാഗോ മിഡിൽ ക്ലാസ് ഉപഭോകതാക്കളുടെ പ്രിയപ്പെട്ട വാഹനമായി മാറി. സെഡാൻ പതിപ്പായ ടാറ്റ ടിഗോർ വലിയ ഹിറ്റായില്ലെങ്കിലും, വിപണിയിൽ പിടിച്ചു നിന്നു. 2020-ൽ രണ്ട് കാറുകൾക്കും ഫേസ് ലിഫ്റ്റ് അപ്ഡേറ്റ് നൽകി. 2025-ൽ പുതിയ ടാറ്റ ടിയാഗോയും ഒപ്പം ടിഗോറും പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്.
പുതിയ ടിയാഗോയുടെ സോഫ്റ്റ് ഭാഗങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഹെഡ്‌ലൈറ്റുകൾ, റേഡിയേറ്റർ ഗ്രിൽ, എയർ ഇൻടേക്ക്, ബമ്പറുകൾ, വീലുകൾ, ടെയിൽ ലാമ്പുകൾ എന്നിവയുടെ രൂപകൽപ്പന പുതുക്കിയേക്കാം. ഷീറ്റ് മെറ്റൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സാധ്യത കുറവാണ്, കാരണം അത് ചെലവ് ഗണ്യമായി വർദ്ധിപ്പിക്കും.
അകത്ത്, അപ്‌ഹോൾസ്റ്ററിയിലും ഇൻ്റീരിയർ ഫീച്ചറുകളിലും ടാറ്റ മോട്ടോഴ്‌സ് മാറ്റം വരുത്തിയേക്കും. ഡാഷ്‌ബോർഡിന്റെ രൂപകൽപ്പന തിരുത്തി പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 2025 ടിയാഗോയിൽ ഘടിപ്പിക്കാനുള്ള സാധ്യതയുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണ നൽകുന്നു, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ എന്നിവയും പ്രതീക്ഷിക്കാം.
അതെസമയം, പുതിയ ടിയാഗോയിൽ യാതൊരു മെക്കാനിക്കൽ മാറ്റങ്ങളും പ്രതീക്ഷിക്കുന്നില്ല. ടാറ്റ മോട്ടോഴ്സ് പെട്രോളിലും ബൈ-ഫ്യുവൽ പെട്രോൾ-സിഎൻജി പതിപ്പുകളിലും ഒരേ 1.2 ലിറ്റർ റെവോട്രോൺ മൂന്ന് സിലിണ്ടർ എഞ്ചിൻ തന്നെ വാഗ്ദാനം ചെയ്യുന്നു. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ ഈ എഞ്ചിൻ 63 kW (84 hp) കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിരിക്കുന്നു. ബൈ-ഫ്യുവൽ പതിപ്പിൽ സിഎൻജിയിലേക്ക് മാറുമ്പോൾ അതിന്റെ ശക്തിയും ടോർക്കും യഥാക്രമം 54 kW (72 hp) ആയും 95 Nm ആയും കുറയുന്നു. നിലവിലെ മോഡലുകളിൽ എന്ന പോലെ, ഉപഭോക്താക്കൾക്ക് 5-സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകൾ എന്നിവ തിരഞ്ഞെടുക്കാം.
ടാറ്റ മോട്ടോഴ്സ് അടുത്ത മാസം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്‌പോ 2025-ൽ പുതിയ ടിയാഗോയും, ടിഗോറും അവതരിപ്പിക്കും. വില യഥാക്രമം 5.20 ലക്ഷം (എക്സ്-ഷോറൂം), 6.20 ലക്ഷം (എക്സ്-ഷോറൂം) എന്നിങ്ങനെയാണ് ആരംഭിക്കുന്നത്.
പുതിയ ടിയാഗോയ്ക്ക് കടുത്ത മത്സരമാണ് കാത്തിരിക്കുന്നത്. 4th ജെൻ മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ്, കിയ മോർണിംഗ് തുടങ്ങിയ മോഡലുകൾക്ക് എതിരെ ആയിരിക്കും ടിയാഗോ മത്സരിക്കുക.