രാജാവ് എത്തുകയാണ്, പ്രൗഢിക്ക് കുറവില്ലാതെ: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 നാളെ നിരത്തില്‍
- എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350-നും ക്ലാസിക് 350-നും ഇടയിലാണു പുതിയ ബൈക്കിന്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ട്
- ബേസ്, മിഡ്, ടോപ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലായിരിക്കും പുതിയ ബുള്ളറ്റ് ലഭ്യമാവുക
- വില 1.70 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതല്
രാജാവ് എല്ലാക്കാലത്തും രാജാവ് തന്നെയായിരിക്കും. ആരൊക്കെ അവതാരമെടുത്താലും അതിന് ഒരു മാറ്റവും സംഭവിക്കില്ല. ഉദാഹരണമാണ് റോയല്‍ എന്‍ഫീല്‍ഡ്. എത്രയോ കാലമായി എന്‍ഫീല്‍ഡിനെ തറപറ്റിക്കുമെന്ന് വീരവാദം മുഴക്കി ഓരോ മോഡലുകള്‍ എത്തുന്നു. പക്ഷേ, ഇതുവരെ എന്‍ഫീല്‍ഡിന്റെ സ്വീകാര്യതയ്ക്ക് കോട്ടമുണ്ടാക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
നിരത്തിലെ രാജകീയ ബൈക്കെന്ന് പേരെടുത്ത റോയല്‍ എന്‍ഫീല്‍ഡ് സെപ്റ്റംബര്‍ ഒന്നിന് പുതിയ തലമുറ ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിള്‍ (2023 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350) നിരത്തില്‍ എത്തിക്കുകയാണ്. വില 1.70 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതല്‍.
എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350-നും ക്ലാസിക് 350-നും ഇടയിലാണു പുതിയ ബൈക്കിന്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി മോട്ടോര്‍സൈക്കിളാണു ഹണ്ടര്‍ 350.
ബേസ്, മിഡ്, ടോപ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് പുതിയ ബുള്ളറ്റ് ലഭ്യമാവുക. നിലവില്‍, ബുള്ളറ്റ് 350 സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണുള്ളത്.
റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ജെ സീരീസ് എന്‍ജിനായിരിക്കും 2023 മോഡല്‍ ബുള്ളറ്റ് 350-ന്‍റേത്. ഈ എന്‍ജിന്‍ മീറ്റിയോര്‍ 350, ക്ലാസിക് 350 എന്നിവയിലുള്ളതാണ്. കുറഞ്ഞ വൈബ്രേഷനും സുഗമമായ പവര്‍ ഡെലിവറിയുമാണ് ജെ സീരീസിന്റെ പ്രത്യേകത.
ഈ സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ് 349 സിസി എന്‍ജിന്‍ 6100 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി പവറും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 5-സ്പീഡ് ഗിയര്‍ ബോക്‌സാണ് ബുള്ളറ്റിനുള്ളത്.
ഡിസ്‌ക് ബ്രേക്കുകളും, സിംഗിള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് ഓപ്ഷനുകളും പുതിയ ബുള്ളറ്റ് 350-ല്‍ ഉണ്ടായിരിക്കും. മുന്‍പിലുള്ള വീല്‍ 19 ഇഞ്ചും പിന്നിലുള്ളത് 18 ഇഞ്ചുമായിരിക്കും.
വിപണിയില്‍ ഹോണ്ട ഹൈനെസ് സിബി350, ജാവ 42 എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.