50 ലക്ഷം പ്രീ-ഓണ്‍ഡ് കാറുകള്‍ വിറ്റഴിച്ച് മാരുതി സുസുക്കി ട്രൂ വാല്യു
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പ്രീ-ഓണ്‍ഡ് കാര്‍ ബ്രാന്‍ഡ് എന്ന സ്ഥാനം ട്രൂ വാല്യൂ ഉറപ്പിച്ചിരിക്കുന്നു
മാരുതി സുസുക്കി ഇന്ത്യയുടെ പ്രീ-ഓണ്‍ഡ് കാര്‍ വിഭാഗം 50 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു കൊണ്ട് ഒരു സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്. 2001-ലാണ് പ്രീ-ഓണ്‍ഡ് കാര്‍ വിഭാഗമായ മാരുതി സുസുക്കി ട്രൂ വാല്യൂ ആദ്യമായി അവതരിപ്പിച്ചത്.
22 വര്‍ഷം പിന്നിടുമ്പോള്‍ മാരുതി സുസുക്കി ട്രൂ വാല്യൂ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പ്രീ-ഓണ്‍ഡ് കാര്‍ ബ്രാന്‍ഡ് എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. നിലവില്‍, 281 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൂ വാല്യൂവിന് രാജ്യത്താകെ 560-ലധികം ഔട്ട്‌ലെറ്റുകളുണ്ട്.
വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് മാരുതി സുസുക്കി നെക്‌സയും
മാരുതി സുസുക്കിയുടെ പ്രീമിയം ബ്രാന്‍ഡായ നെക്‌സ 2023 ജുലൈ മാസത്തില്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ടു. ജുലൈയില്‍ ഏകദേശം 52,450 കാറുകളാണ് നെക്‌സ ഷോറൂം വഴി വിറ്റഴിച്ചത്. 2015-ലാണ് നെക്‌സ ഷോറൂം അവതരിപ്പിച്ചത്. നിലവില്‍ നെക്‌സയ്ക്ക് 280 നഗരങ്ങളിലായി 468 ടച്ച് പോയിന്റുകള്‍ ഉണ്ട്.
ജുലൈയിലെ റെക്കോര്‍ഡ് വില്‍പ്പനയോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാര്‍ ബ്രാന്‍ഡ് എന്ന നേട്ടവും നെക്‌സ കൈവരിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ കമ്പനിയായ ജുലൈയില്‍ ഹ്യൂണ്ടായി വിറ്റത് 50,701 കാറുകളാണ്. നെക്‌സയ്ക്ക് ഈ നേട്ടം സമ്മാനിച്ചത് സമീപകാലത്ത് വിപണിയില്‍ ലോഞ്ച് ചെയ്ത ഫ്രോങ്ക്‌സ്, ജിംനി, ഇന്‍വിക്‌റ്റോ എന്നീ മോഡലുകളാണ്.
മറുവശത്ത് ഹ്യൂണ്ടായിയുടെ ലൈനപ്പിലുള്ളത് ക്രെറ്റ, എക്സ്റ്റര്‍, വെര്‍ണ, ഐ20, ഐ10, നിയോസ്, ഓറ, ടക്‌സണ്‍, അല്‍കാസര്‍, എക്‌സ്റ്റര്‍ എന്നിവയാണ്.
പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ വിപണി വിഹിതം 43.5 ശതമാനമാണ്. മുന്‍വര്‍ഷം ഇത് 41.8 ശതമാനമായിരുന്നു.
2023 ജുലൈയില്‍ മാരുതി സുസുക്കി 42,600 എസ്‌യുവി യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇതോടെ മഹീന്ദ്രയെ മറികടക്കുകയും ചെയ്തു. മഹീന്ദ്ര വിറ്റഴിച്ചത് 32,400 യൂണിറ്റുകളാണ്. മാരുതിയുടെ എസ്‌യുവി വിപണി വിഹിതം മുന്‍വർഷമിതേ കാലയളവിലെ 12.1 ശതമാനത്തില്‍നിന്ന് 24.7 ശതമാനത്തിലേയ്ക്ക് ഉയർന്നു.