ഓഗസ്റ്റ് മാസത്തില്‍ പ്രതീക്ഷയുമായി വാഹന വ്യവസായം
- ജുലൈ മാസം എല്ലാ സെഗ്മെന്റുകളിലുമായി 17,70,181 യൂണിറ്റുകള്‍ വിറ്റു
- ടൂവീലര്‍ വില്‍പ്പന 8.15 ശതമാനം വര്‍ധിച്ച് 12,28,139 യൂണിറ്റിലെത്തി
- പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) മേഖലയും ഉത്സവസീസണില്‍ നേട്ടം പ്രതീക്ഷിക്കുന്നു
ഉത്സവകാലവും മണ്‍സൂണിനു ശേഷമുള്ള ഡിമാന്‍ഡും ഇരുചക്ര വാഹന വിഭാഗത്തില്‍ കാണുന്ന ഉണര്‍വും വാഹന വ്യവസായത്തിനു ഓഗസ്റ്റില്‍ പ്രതീക്ഷ ഉയര്‍ത്തുകയാണ്.
' പ്രതീക്ഷ ജനിപ്പിക്കുന്ന പോസിറ്റീവ് സൂചകങ്ങളുണ്ട്. വരാനിരിക്കുന്ന ഉത്സവങ്ങള്‍, വിതരണ-ഡിമാന്‍ഡ് സന്തുലിതാവസ്ഥ, പുതിയ മോഡലുകളുടെ ലോഞ്ച് എന്നിവ ഇരുചക്ര വാഹന വ്യവസായത്തിനു ഗുണകരമായി തീരും. ത്രീ വീലര്‍ വിഭാഗത്തിലും ഇലക്ട്രിക് വേരിയന്റുകളോടുള്ള താല്‍പര്യം കുതിച്ചുയരുകയാണ് ' , ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (എഫ്എഡിഎ) പ്രസിഡന്റ് മനീഷ് രാജ് പറഞ്ഞു.
അതുപോലെ, പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) സെഗ്മെന്റിനും ഉത്സവ ആഘോഷങ്ങളില്‍ നിന്നും പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം വെല്ലുവിളികളും മറുവശത്തുണ്ട്. ഓഗസ്റ്റില്‍ ശരാശരിയിലും താഴെ മാത്രമായിരിക്കും മഴ ലഭിക്കുകയെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രം (ഐഎംഡി) പ്രവചിച്ചിരിക്കുകയാണ്. ഇത് വിളവ് കുറയാന്‍ ഇടയാകും. അതാകട്ടെ വാങ്ങല്‍ ശേഷിയെ ബാധിച്ചേക്കാം. പ്രത്യേകിച്ച്, ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ.
എഫ്എഡിഎയുടെ പ്രതിമാസ കണക്കുകളനുസരിച്ച്, പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പ്പന ജുലൈയില്‍ നാല് ശതമാനം വര്‍ധിച്ച് 2,84,064 യൂണിറ്റിലെത്തിയെന്നാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 2,73,055 യൂണിറ്റായിരുന്നു. ജുലൈയില്‍ ടൂവീലര്‍ റീട്ടെയില്‍ വില്‍പ്പന 8.15 ശതമാനം വര്‍ധിച്ച് 12,28,139 യൂണിറ്റിലെത്തി.
വാണിജ്യ വാഹന വില്‍പ്പന ജുലൈയില്‍ രണ്ട് ശതമാനം വര്‍ധിച്ച് 73,065 യൂണിറ്റിലെത്തി. മുന്‍വര്‍ഷം ഇത് 71,619 യൂണിറ്റായിരുന്നു.
ത്രീ-വീലര്‍ റീട്ടെയില്‍ വില്‍പ്പന വര്‍ഷാടിസ്ഥാനത്തില്‍ 74.35 ശതമാനം ഉയര്‍ന്ന് ജുലൈയില്‍ 94,148 യൂണിറ്റുകളായി. മുന്‍വര്‍ഷം 54,000 യൂണിറ്റുകളായിരുന്നു വില്‍പ്പന.
മൊത്തത്തില്‍, ജുലൈ മാസം എല്ലാ സെഗ്മെന്റുകളിലുമായി 17,70,181 യൂണിറ്റുകള്‍ വിറ്റു. മുന്‍വര്‍ഷം വില്‍പ്പന 16,09,217 യൂണിറ്റുകളായിരുന്നു. 10 ശതമാനത്തിന്റെ വര്‍ധന കൈവരിച്ചതായി എഫ്എഡിഎ കണക്കുകള്‍ പറയുന്നു.