കാര്‍ വാങ്ങാന്‍ തീരുമാനിച്ചോ? ഒക്ടോബര്‍ ഒന്നു മുതല്‍ ആറ് എയര്‍ബാഗുകള്‍, വിലയേറുമോ?
പുതിയ കാര്‍ വാങ്ങാനുള്ള ആലോചനയിലാണോ നിങ്ങള്‍? എങ്കില്‍ ബജറ്റില്‍ അല്‍പം മാറ്റം വരുത്തേണ്ടി വരും. കാരണം പുതിയ കാറുകള്‍ക്ക്, അത് എത്ര ചെറുതാണെങ്കിലും, ആറ് എയര്‍ബാഗുകള്‍ വേണം എന്നാണ് നിര്‍ദേശം. എട്ട് സീറ്റ് വരെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ ആറ് എയര്‍ ബാഗുകളെങ്കിലും വേണമെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി കഴിഞ്ഞു. ആറ് എയര്‍ ബാഗ് നിലവില്‍ ചെറുകാറുകള്‍ക്ക് രണ്ട് എയര്‍ ബാഗ് നിര്‍ബന്ധമാണ്. […]
പുതിയ കാര്‍ വാങ്ങാനുള്ള ആലോചനയിലാണോ നിങ്ങള്‍? എങ്കില്‍ ബജറ്റില്‍ അല്‍പം മാറ്റം വരുത്തേണ്ടി വരും. കാരണം പുതിയ കാറുകള്‍ക്ക്, അത് എത്ര ചെറുതാണെങ്കിലും, ആറ് എയര്‍ബാഗുകള്‍ വേണം എന്നാണ് നിര്‍ദേശം. എട്ട് സീറ്റ് വരെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ ആറ് എയര്‍ ബാഗുകളെങ്കിലും വേണമെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി കഴിഞ്ഞു.
ആറ് എയര്‍ ബാഗ്
നിലവില്‍ ചെറുകാറുകള്‍ക്ക് രണ്ട് എയര്‍ ബാഗ് നിര്‍ബന്ധമാണ്. ഡ്രൈവര്‍ സീറ്റിനും മുന്‍നിര സീറ്റിനും. ഇതാണ് ഇപ്പോള്‍ ആറ് എയര്‍ ബാഗ് എന്ന നിബന്ധനയിലേക്ക് ഉയര്‍ത്തുന്നത്. യാത്രക്കാര്‍ക്ക് സുരക്ഷയുടെ കാര്യത്തില്‍ വലിയ പരിരക്ഷ നല്‍കും ഇത്. അപകടങ്ങള്‍ നിത്യ സംഭവങ്ങളാകുമ്പോള്‍ മരണ സംഖ്യയും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഒരു പരിധി വരെയെങ്കിലും നിയന്ത്രിച്ച് നിര്‍ത്താന്‍ ഇത്തരം തീരുമാനങ്ങള്‍ക്കൊണ്ട് ആകും എന്നാണ് കരുതുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നതെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തെ വാഹന നിര്‍മ്മാതാക്കളോട് തങ്ങളുണ്ടാക്കുന്ന മോഡലുകളില്‍ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അറിയിച്ചിരുന്നു.
വശത്തും സുരക്ഷ
മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാര്‍ക്ക് ഒരു പോലെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നത്. മുന്‍പില്‍ നിന്ന് മാത്രമല്ല വശത്ത് നിന്ന് കൂട്ടിയിടിയുണ്ടായാല്‍ പോലും സുരക്ഷ ലഭിക്കുന്ന വിധത്തില്‍ എയര്‍ ബാഗുകള്‍ സജ്ജീകരിക്കണം. വാഹനത്തിന്റെ വശത്ത് നിന്നുമുള്ള ടോര്‍സോ എയര്‍ബാഗുകള്‍, ട്യൂബ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് സുരക്ഷ ഉറപ്പാക്കുന്നത്. എം വണ്‍ വിഭാഗത്തില്‍ പെട്ട വാഹനങ്ങള്‍ക്കാണ് ഇത് നിര്‍ബന്ധമാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നാലു ചക്രങ്ങളുള്ള, ഡ്രൈവര്‍ സീറ്റിന് പുറമേ എട്ട് സീറ്റില്‍ കവിയാത്ത വാഹനങ്ങളെയാണ് എം വണ്‍ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഘാതവും അപായവും
ചെറു കാറുകള്‍ മുതല്‍ ഇന്നോവ പോലുള്ള വാഹനങ്ങള്‍ എം വണ്‍ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ക്ക് വീതിയേറിയ ഡാഷ് ബോര്‍ഡ്, കനമേറിയ സ്റ്റിയറിംഗ് വീല്‍, മുന്നിലും വിന്‍ഡോയിലും നല്‍കിയിരിക്കുന്ന വലിയ ഗ്ലാസ് തുടങ്ങി കൂട്ടയിടി ഉണ്ടായാല്‍ അപായ സാധ്യത വര്‍ധിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അപകടം നടക്കുമ്പോള്‍ ഇവയില്‍ ഇടിച്ചുണ്ടാകുന്ന ആഘാതം കുറയ്ക്കുകയാണ് ലക്ഷ്യം. 2020ല്‍ ഉണ്ടായ 1,16,496 വാഹനാപകടങ്ങളിലായി 47,984 മരണങ്ങള്‍ സംഭവിച്ചുവെന്നും 2019ല്‍ മരണ സംഖ്യ 53,872 ആയിരുന്നുവെന്നും ഇക്കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കിയിരുന്നു. എയര്‍ബാഗുകളുടെ അഭാവം മരണ നിരക്ക് ഉയരാന്‍ കാരണമാകുന്നുണ്ട്.
15,000 രൂപ വരെ
അപകടം ഒഴിവാക്കാന്‍ സഹായകരമാകുമെങ്കിലും വാഹന വിലയില്‍ ഇത് വര്‍ധനയുണ്ടാക്കുമെന്ന ആശങ്കയുണ്ട്. ഇപ്പോള്‍ തന്നെ കോവിഡിനെ അതിജീവിച്ച് വന്ന വിപണിക്ക് വില വര്‍ധന താങ്ങാനാകുമോ എന്നും സംശയമുയരുന്നുണ്ട്. ചുരുക്കം ചില ജനപ്രിയ ബ്രാന്‍ഡുകള്‍ ഒഴിച്ച് ചെറു കാറുകള്‍ക്ക് ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കുമ്പോള്‍ വാഹന വിലയില്‍ 10,000 മുതല്‍ 15,000 രൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സെമികണ്ടക്ടര്‍ ക്ഷാമം
എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമ്പോള്‍ ആദ്യം നേരിടുന്ന പ്രശ്നം സെമികണ്ടക്ടര്‍ ക്ഷാമം മൂലമുള്ള പ്രശ്നങ്ങളാണ്. നിലവില്‍ സെമികണ്ടക്ടര്‍ ലഭ്യതയിലെ അഭാവം മൂലം വാഹന കമ്പനികള്‍ക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിര്‍മ്മാണത്തിലും വില്‍പനയിലും ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എയര്‍ബാഗുകള്‍ സജ്ജീകരിക്കണമെങ്കില്‍ സെമികണ്ടക്ടര്‍ ചിപ്പുകള്‍ ധാരാളമായി വേണ്ടി വരും. അങ്ങനെയെങ്കില്‍ വാഹനങ്ങള്‍ക്ക് ഈ നിലയിലും അധിക ചെലവ് വരും.
ഡിസൈന്‍
രണ്ടാമതായി നേരിടുന്ന പ്രശ്നം വാഹനങ്ങളുടെ മുന്‍ ഭാഗത്ത് മാത്രമല്ല ഇരു വശങ്ങളിലും എയര്‍ബാഗുകള്‍ സജ്ജീകരിക്കുമ്പോള്‍ വാഹനത്തിന്റെ ഡിസൈനില്‍ ഉള്‍പ്പടെ മാറ്റം വരുത്തേണ്ടി വരും എന്നതാണ്. ഇത് വാഹനത്തിന്റെ നിര്‍മ്മാണ ചെലവ് വീണ്ടും ഉയര്‍ത്തുമെന്നുറപ്പ്. നിലവിലെ സ്ഥിതി പരിശോധിച്ചാല്‍ ഇത്തരത്തില്‍ ഒരു മാറ്റം വരുത്തണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമയത്തേക്കാള്‍ കുറച്ചുകൂടി സാവകാശത്തിനായി കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചേക്കും. എന്നാല്‍ വാഹന വിലയേക്കാള്‍ വലുതാണ് ജീവന്റെ വില എന്ന തിരിച്ചറിവിലേക്ക് ജനം എത്തുക എന്നതാണ് മുഖ്യമെന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എയര്‍ ബാഗിന്റെ സ്പീഡ് എത്ര?
എയര്‍ബാഗ് എന്നത് ആഡംബരമായിട്ടാണ് ആദ്യം കണ്ടിരുന്നത്. പിന്നീട് ഇത് അത്യാവശ്യമായ ഒന്നാണെന്ന തിരിച്ചറിവിലേക്ക് മാറിയിട്ടുണ്ട്. മണിക്കൂറില്‍ 200 മൈല്‍ (മണിക്കൂറില്‍ 322 കിലോമീറ്റര്‍) വേഗത്തില്‍ വരെയാണ് എയര്‍ ബാഗുകള്‍ വികസിക്കുന്നത്. അപകടമുണ്ടാകുമ്പോള്‍ ഒരു സെക്കന്റിന്റെ 25 ല്‍ ഒരംശം സമയം മാത്രം മതി ഒരു എയര്‍ബാഗിന് വികസിക്കുവാന്‍. കൃത്യമായ സെന്‍സറുകളുടെ പ്രവര്‍ത്തനം കൂടി ആകുമ്പോള്‍ സുരക്ഷ വര്‍ധിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.
നിശബ്ദ വിപ്‌ളവം
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ കഴിഞ്ഞ രണ്ട് ടേമിലെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ നിശബ്ദ വിപ്‌ളവം നടക്കുന്ന ഒന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. റോഡ് സുരക്ഷയും ഗതാഗത മേഖലയിലെ വികസനവും ഉറപ്പാക്കുന്ന ഒട്ടേറെ മികച്ച പദ്ധതികള്‍ നടപ്പാക്കിയിരുന്നു. വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി ബി എസ് 4 (ഭാരത് സ്റ്റേജ് 4) വാഹനങ്ങളില്‍ നിന്നും ബി എസ് 6 ലേക്ക് മാറ്റാനുള്ള നീക്കം, ടോള്‍ ബൂത്തുകള്‍ ഡിജിറ്റലൈസ് ചെയ്തത്, 20 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുന്ന (വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസി), 2019 ജൂലൈ മുതല്‍ ഡ്യുവല്‍ ബാഗുകള്‍ നിര്‍ബന്ധമാക്കുവാനുള്ള തീരുമാനം, ഇരു ചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്, രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഇലക്ട്രിക്ക് വാഹനം ഉപയോഗിക്കണമെന്ന ആഹ്വാനം, 2022 ആകുന്നതോടെ രാജ്യത്തെ ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം (ഫാസ്റ്റര്‍ അഡോപ്റ്റേഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്) തുടങ്ങി ഗതാഗത രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സാധിച്ചു. ഇതിന്റെ തുടര്‍ച്ചയെന്ന വണ്ണം എയര്‍ബാഗ് സുരക്ഷയിലും ഊന്നല്‍ കൊടുക്കുകയാണ് കേന്ദ്രം.