കിയ മോട്ടോഴ്സ് കോര്‍പ്പറേഷന്‍

കൊറിയന്‍ വാഹനപ്രമുഖരായ കിയ 1944 ലാണ് സ്ഥാപിതമായത്. കിം ചിയോ ആണ് കിയ മോട്ടോര്‍സ് സ്ഥാപിച്ചത്. ചൈന-കൊറിയന്‍ പ്രതീകങ്ങളില്‍ നിന്നെടുത്ത കിയ എന്നതിനര്‍ത്ഥം 'ഏഷ്യയില്‍ നിന്ന് ഉയരുന്ന' എന്നതാണ്. ഹ്യൂണ്ടായിക്ക് പിന്നില്‍ ദക്ഷിണ കൊറിയയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കുന്ന കാര്‍ നിര്‍മാതാക്കാണ് ഇപ്പോള്‍ കിയ. ഉയര്‍ച്ചയ്‌ക്കൊപ്പം തന്നെ വീഴ്ച്ചയുടെ കഥയും പറയാനുണ്ട് കിയക്ക്. 1997 ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധികാലത്ത് പാപ്പരരായി പ്രഖ്യാപിച്ച കിയയുടെ രക്ഷക്കെത്തിയത് ഹ്യൂണ്ടയ് ആണ്. കിയയില്‍ താല്‍പര്യമുണ്ടായിരുന്ന അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ […]

Update: 2022-01-10 06:33 GMT

കൊറിയന്‍ വാഹനപ്രമുഖരായ കിയ 1944 ലാണ് സ്ഥാപിതമായത്. കിം ചിയോ ആണ് കിയ മോട്ടോര്‍സ് സ്ഥാപിച്ചത്. ചൈന-കൊറിയന്‍ പ്രതീകങ്ങളില്‍ നിന്നെടുത്ത കിയ എന്നതിനര്‍ത്ഥം 'ഏഷ്യയില്‍ നിന്ന് ഉയരുന്ന' എന്നതാണ്. ഹ്യൂണ്ടായിക്ക് പിന്നില്‍ ദക്ഷിണ കൊറിയയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കുന്ന കാര്‍ നിര്‍മാതാക്കാണ് ഇപ്പോള്‍ കിയ.

ഉയര്‍ച്ചയ്‌ക്കൊപ്പം തന്നെ വീഴ്ച്ചയുടെ കഥയും പറയാനുണ്ട് കിയക്ക്. 1997 ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധികാലത്ത് പാപ്പരരായി പ്രഖ്യാപിച്ച കിയയുടെ രക്ഷക്കെത്തിയത് ഹ്യൂണ്ടയ് ആണ്. കിയയില്‍ താല്‍പര്യമുണ്ടായിരുന്ന അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിനെ മറികടന്നാണ് അന്ന് കിയയെ ഹ്യൂണ്ടായി ഏറ്റെടുത്തത്. 86 മുതല്‍ കിയയില്‍ നിക്ഷേപതാല്‍പര്യമുണ്ടായിരുന്ന ഫോര്‍ഡിനെ മറികടന്ന് കിയയെ സ്വന്തമാക്കിയതോടെ കൊറിയന്‍ വിപണിയില്‍ ഹ്യൂണ്ടായിയുടെ സ്വാധീനം കൂടുതല്‍ ശക്തമാകുകയായിരുന്നു. തുടര്‍ന്നുള്ള ഓഹരി വിറ്റഴിക്കലുകള്‍ക്ക് ശേഷം, കിയ മോട്ടോര്‍ കോര്‍പ്പറേഷന്റെ മൂന്നിലൊന്ന് ഭാഗവും ഹ്യൂണ്ടായ് മോട്ടോര്‍ കമ്പനി സ്വന്തമാക്കി. നിലവില്‍ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി കിയയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി തുടരുമ്പോള്‍, കിയ മോട്ടോര്‍ കമ്പനി 20തിലധികം ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളിലും ഉടമസ്ഥാവകാശം നിലനിര്‍ത്തുന്നു.

ഡൈനാമിക് ഡിസൈനും പേര്‍ഫോമന്‍സും ചേര്‍ത്ത് വാഹന പ്രേമികളുടെ ഹൃദയം കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയ മോട്ടോഴ്സ് ഇന്ത്യയിലെത്തിയത്. സെല്‍ട്ടോസ്, കാര്‍ണിവല്‍, സോണറ്റ് എന്നീ മോഡലുകളിലൂടെ കിയ ഏവരേയും അത്ഭുതപ്പെടുത്തുകയും ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. എസ് യു വി കാറുകളുടെ രംഗത്ത് ഹ്യൂണ്ടായി അടക്കമുള്ളവരുടെ മോഡലുകളെ വെല്ലുവിളിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിയ കിയയുടെ കാറുകള്‍ക്ക് മികച്ച ഫീച്ചറുകള്‍ക്കൊപ്പം താരതമ്യേന വില കുറവായിരുന്നു എന്നത് വിപണിയിലെ മുഖ്യ ആകര്‍ഷണമായി. 2017 ഏപ്രിലില്‍, പ്രതിവര്‍ഷം ഏകദേശം 3,00,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ 2 ബില്യണ്‍ യുഎസ് ഡോളറിന്റെ മൂലധന നിക്ഷേപത്തോടെ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് കിയ ഇന്ത്യയില്‍ പുതിയ നിര്‍മ്മാണ കേന്ദ്രം ആരംഭിച്ചത്.

നിലവിലല്‍ അഞ്ച് രാജ്യങ്ങളിലായി 14 നിര്‍മ്മാണ-അസംബ്ലി യൂണിറ്റുകളില്‍ നിന്ന് പ്രതിവര്‍ഷം 3 ദശലക്ഷത്തിലധികം വാഹനങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നു. കിയ മോട്ടോഴ്സ് കോര്‍പ്പറേഷന്‍ 180 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന വിതരണക്കാരുടെയും ഡീലര്‍മാരുടെയും ശൃംഖലയിലൂടെ കാറുകള്‍ വില്‍ക്കുകയും സര്‍വീസ് ചെയ്യുകയും ചെയ്യുന്നു. 2021 ആയപ്പോഴേക്കും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രധാന സ്‌പോണ്‍സറും ഫിഫയുടെ ഔദ്യോഗിക ഓട്ടോമോട്ടീവ് പങ്കാളിയുമാണ് കിയ. 'ദി പവര്‍ ടു സര്‍പ്രൈസ്' എന്നതാണ് കിയ മോട്ടോഴ്സ് കോര്‍പ്പറേഷന്റെ ടാഗ്‌ലൈന്‍. പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് സാധ്യമായ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്താന്‍ ചുരുങ്ങിയ കാലംകൊണ്ട് കിയ മോട്ടോഴ്‌സിനു കഴിഞ്ഞു.

Tags:    

Similar News