ഹീറോ മോട്ടോര്‍സ്

  സൈക്കിള്‍ പാര്‍ട്‌സുകള്‍ നിര്‍മിച്ചുകൊണ്ട് ഇരുചക്ര വാഹന വിപണിയിലേക്ക് പ്രവേശിച്ച ഇന്ത്യന്‍ കമ്പനിയാണ് ഡോക്ടര്‍ ബ്രിജ്‌മോഹന്‍ ലാല്‍ മുഞ്ജാല്‍ സ്ഥാപിച്ച ഹിറോ മോട്ടോര്‍കോര്‍പ്പ്. 1983 ല്‍ ജപ്പാന്‍ കമ്പനിയായ ഹോണ്ട മോട്ടോര്‍ ലിമിറ്റഡുമായി കരാറിലേര്‍പ്പെട്ടതോടെ പിറവികൊണ്ട ഹിറോ ഹോണ്ട കമ്പനിയാണ് ഇന്ത്യയില്‍ ഇരുചക്രവാഹന വിപണിയില്‍ ചരിത്രമായ നിരവധി മോഡലുകള്‍ ഇറക്കിയത്. 1985 ല്‍ ഹിറോ ഹോണ്ട പുറത്തിറക്കിയ സി ഡി 100 എസ് എസ് ആണ് ആദ്യത്തെ വാഹനം. ആദ്യവാഹനം തന്നെ ഇരുചക്ര വാഹന പ്രേമികളുടെ സ്വപ്ന […]

;

Update: 2022-01-10 03:47 GMT

 

സൈക്കിള്‍ പാര്‍ട്‌സുകള്‍ നിര്‍മിച്ചുകൊണ്ട് ഇരുചക്ര വാഹന വിപണിയിലേക്ക് പ്രവേശിച്ച ഇന്ത്യന്‍ കമ്പനിയാണ് ഡോക്ടര്‍ ബ്രിജ്‌മോഹന്‍ ലാല്‍ മുഞ്ജാല്‍ സ്ഥാപിച്ച ഹിറോ മോട്ടോര്‍കോര്‍പ്പ്. 1983 ല്‍ ജപ്പാന്‍ കമ്പനിയായ ഹോണ്ട മോട്ടോര്‍ ലിമിറ്റഡുമായി കരാറിലേര്‍പ്പെട്ടതോടെ പിറവികൊണ്ട ഹിറോ ഹോണ്ട കമ്പനിയാണ് ഇന്ത്യയില്‍ ഇരുചക്രവാഹന വിപണിയില്‍ ചരിത്രമായ നിരവധി മോഡലുകള്‍ ഇറക്കിയത്. 1985 ല്‍ ഹിറോ ഹോണ്ട പുറത്തിറക്കിയ സി ഡി 100 എസ് എസ് ആണ് ആദ്യത്തെ വാഹനം. ആദ്യവാഹനം തന്നെ ഇരുചക്ര വാഹന പ്രേമികളുടെ സ്വപ്ന വാഹനമാക്കി മാറ്റി മാസ് എന്‍ട്രിയാണ് ഹീറോ ഹോണ്ട നടത്തിയത്.

ഒരു പതിറ്റാണ്ടിന് ശേഷം ഇറക്കിയ സ്‌പ്ലെണ്ടര്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബൈക്കെന്ന ബഹുമതി കരസ്ഥമാക്കിയതോടെ ഇന്ത്യയുടെ ഇരുചക്ര വാഹന വിപണിയുടെ വലിയ ഭാഗവും ഹീറോ ഹോണ്ട സ്വന്തമാക്കി. എല്ലാ ഇന്ത്യന്‍ ഇരുചക്രവാഹന നിര്‍മാതാക്കളും ടു സ്‌ട്രോക്ക് എഞ്ചിന്‍ സാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചിരുന്ന 80 കളില്‍ ഫോര്‍ സ്‌ട്രോക്ക് എഞ്ചിന്‍ ഉപയോഗിച്ച് വിപ്ലവകരമായ മാറ്റമാണ് ഈ രംഗത്ത് ഹിറോ കൊണ്ടുവന്നത്. 26 വര്‍ഷം നീണ്ടുനിന്ന സഖ്യം അവസാനിപ്പിച്ച് 2011 ല്‍ ഹിറോ മോട്ടോര്‍ കോര്‍പ്പും ഹോണ്ട മോട്ടോഴ്‌സും വേര്‍പിരിഞ്ഞതോടെ ഹീറോ ഹോണ്ട എന്നത് ഹീറോ എന്ന് പുനര്‍നാമകരണം ചെയ്തു. അന്നുമുതല്‍ ഹോണ്ടയും ഹീറോയും വെവ്വേറെ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുകയും ചെയ്തു.

ന്യൂഡല്‍ഹി ആസ്ഥാനമായ ഹീറോ മോട്ടോകോര്‍പ്പ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കായി സാങ്കേതികമായി നൂതനമായ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും രൂപകല്‍പ്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ്. വാര്‍ഷിക യൂണിറ്റ് വില്‍പ്പനയുടെ കാര്യത്തില്‍, 2001-ല്‍ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ഹീറോ മോട്ടോര്‍സ് മാറി. കഴിഞ്ഞ 20 വര്‍ഷമായി ഈ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുന്നു. ആഭ്യന്തര മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ 50% വിഹിതവുമായി ഹീറോ മോട്ടോകോര്‍പ്പാണ് ഇന്ത്യയിലെ പ്രമുഖ വിപണി നേതാവ്.

രാജസ്ഥാനിലെ ജയ്പൂരിലുള്ള അത്യാധുനിക, ലോകോത്തര ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സെന്റര്‍ (സി ഐ ടി) ഹീറോയുടെ ഗവേഷണ വികസനങ്ങളുടെ ആഗോള കേന്ദ്രമാണ്. മൊബിലിറ്റി സൊല്യൂഷനുകളുടെ പുതിയ ശ്രേണി വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലോകമെമ്പാടുമുള്ള 700-ലധികം എഞ്ചിനീയര്‍മാര്‍ സി ഐ ടിയിലുണ്ട്. ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ-വികസന കേന്ദ്രത്തില്‍ ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയ്ക്കും വികസനത്തിനും ടെസ്റ്റിംഗിനുമുള്ള മികച്ച ആഗോള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു.

ആഗോള തലത്തില്‍ തന്നെ ശക്തമായ ഒരു ഗവേഷണ-വികസന സംരംഭം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, ഹീറോ മോട്ടോകോര്‍പ്പ് മ്യൂണിക്കിനടുത്തുള്ള സ്റ്റെഫന്‍സ്‌കിര്‍ച്ചനില്‍ 'ഹീറോ ടെക് സെന്റര്‍ ജര്‍മ്മനി സ്ഥാപിച്ചു. ഹീറോ മോട്ടോകോര്‍പ്പിന്റെ ഉപസ്ഥാപനമായ ജര്‍മ്മനിയിലെ ഹീറോ ടെക് സെന്റര്‍, ജയ്പൂരിലെ സിഐടിയിലെ ടീമുമായി സഹകരിച്ച് പുതിയ ആശയങ്ങളും ഭാവി- സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇന്ത്യയില്‍ ഹരിയാനയിലെ ധരുഹേരയിലും ഗുരുഗ്രാമിലും ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍, ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍, രാജസ്ഥാനിലെ നീമ്രാനയിലും ഗുജറാത്തിലെ ഹലോലിലും ആയാണ് പ്ലാന്റുകള്‍ ഉള്ളത്. 2016-ല്‍ കൊളംബിയയിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ലാറ്റിനമേരിക്കയില്‍ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്ന ഏക ഇന്ത്യന്‍ ഇരുചക്രവാഹന കമ്പനിയായി ഹീറോ മാറി.

Tags:    

Similar News