മോദിയുടെ ആരാധകനെന്ന് മസ്‌ക്; ടെസ്ല ഇന്ത്യയിലേക്കെത്തും

  • പുതിയ കമ്പനികളെയും നിക്ഷേപങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നു
  • മോദി ഇന്ത്യക്കുവേണ്ടി മികച്ച കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന നേതാവ്
  • മസ്‌ക് അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും

Update: 2023-06-21 05:22 GMT

താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന് ടെസ്ല സ്ഥാപകനും സിഇഒയുമായ എലോണ്‍ മസ്‌ക്. അദ്ദേഹം ഇന്ത്യക്കായി ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മസ്‌ക്.

ഇന്ത്യയില്‍ കാര്യമായ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ടെസ്ലയെ പ്രേരിപ്പിക്കുകയാണ്. അതിനാല്‍ സ്വന്തം രാജ്യത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ താല്‍പ്പര്യമുണ്ടെന്ന് മനസിലാക്കാമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ഏറ്റവും മികച്ചത് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. വിദേശ നിക്ഷേപങ്ങളോട് തികച്ചും ഉദാര സമീപനം കൈക്കൊള്ളുന്ന നേതാവാണ് മോദി.പുതിയ കമ്പനികളെ പിന്തുണയ്ക്കാനും അത് ഇന്ത്യയുടെ നേട്ടത്തിന് കാരണമാകുമെന്ന് ഉറപ്പാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. അത് അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗം തന്നെയാണ്,കോടീശ്വരനായ നിക്ഷേപകന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കായി ശരിയായ കാര്യം ചെയ്യാന്‍ അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നതായി മോദിയുടെ നേതൃത്വത്തെക്കുറിച്ച് മസ്‌ക് പറഞ്ഞു.'ഞാന്‍ മോദിയുടെ ആരാധകനാണ്. അതൊരു മികച്ച മീറ്റിംഗായിരുന്നു, എനിക്ക് അദ്ദേഹത്തെ വളരെയധികം ഇഷ്ടമാണ്' മസ്‌ക് വിശദീകരിച്ചു.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികളെക്കുറിച്ച് ടെസ്ല സ്ഥാപകന്‍ പ്രധാനമന്ത്രി മോദിയെ അറിയിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ടെസ്ല ഇന്ത്യയിലേക്ക് എത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മസ്‌ക് പറഞ്ഞു. അതിനുള്ള നടപടികള്‍ കഴിവതും വേഗത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ് മസ്‌ക്. അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനും അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്.

ഇന്ത്യയിലെ കര്‍ഷക പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കാനുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ ട്വിറ്റര്‍ അടച്ചുപൂട്ടുമെന്ന് ന്യൂഡെല്‍ഹി ഭീഷണിപ്പെടുത്തിയതായി ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇന്നാല്‍ ഇക്കാര്യം ഇന്ത്യ തള്ളിക്കളയും ചെയ്തിരുന്നു.

ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ നാഴികക്കല്ലായി വിലയിരുത്തുന്ന സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കലെത്തിയിട്ടുള്ളത്. നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കു പുറമേ മോദി നിരവധി വ്യവസായ പ്രമുഖരെയും അവിടെ കാണുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു എലോണ്‍ മസ്‌ക്.

യുഎസ് പ്രസിഡന്റിന്റെ ക്ഷണത്തെത്തുടര്‍ന്നാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. അതിനാല്‍ ഇത്തവണത്തെ യുഎസ് സന്ദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെയാണ്. നിരവധി കരാറുകള്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ കൂടിക്കാഴ്ചകളില്‍ മോദിക്കായി വന്‍ വരവേല്‍പ്പുതന്നെയാണ് യുഎസ് ഒരുക്കുന്നത്.

Tags:    

Similar News