സ്വതന്ത്ര വ്യാപാര കരാര്‍ അതിവേഗമാക്കാന്‍ ഇന്ത്യ

  • ജി7 വ്യാപാര മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നത്
  • ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള എഫ്ടിഎയുടെ ഒമ്പതാം റൗണ്ട് ചര്‍ച്ചകള്‍ സെപ്റ്റംബറില്‍

Update: 2024-07-18 04:54 GMT

സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചയുമായി ഇന്ത്യ മുന്നോട്ട്. യൂറോപ്യന്‍ കമ്മീഷന്‍ (ഇയു) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായും യുകെയിലെ ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറിയുമായും വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ട്ട ചെയ്തതായി മന്ത്രാലയം അറിയിച്ചു. ആഗോള വ്യാപാര ബന്ധങ്ങളും സാമ്പത്തിക സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇറ്റലിയില്‍ നടന്ന ജി7 വ്യാപാര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഗോയല്‍. സമ്മേളനത്തോടനുബന്ധിച്ചാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്.

എഫ്ടിഎ ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഇന്ത്യ-ഇയു വ്യാപാര, സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പരസ്പര താല്‍പ്പര്യമുള്ള വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ ഇരുപക്ഷവും പരിശോധിച്ചതായി മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇയു) തമ്മിലുള്ള നിര്‍ദിഷ്ട എഫ്ടിഎയുടെ ഒമ്പതാം റൗണ്ട് ചര്‍ച്ചകള്‍ സെപ്റ്റംബറില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുതായി നിയമിതനായ യുണൈറ്റഡ് കിംഗ്ഡം (യുകെ) ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറിയുമായും ഗോയല്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള എഫ്ടിഎ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പദ്ധതികളും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടു.

നിര്‍ണായകമായ ധാതുക്കള്‍, അര്‍ദ്ധചാലകങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗ്രീന്‍ എനര്‍ജി എന്നിവയുടെ സുഗമമായ വിതരണത്തിനായി വിശ്വസനീയ പങ്കാളി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ഗോയല്‍ ആഹ്വാനം ചെയ്തു.

Tags:    

Similar News