200 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് ഇന്ത്യ-ആഫ്രിക്ക വ്യാപാരം

  • ഇന്ത്യയുടെ ഡ്യൂട്ടി ഫ്രീ താരിഫ് പ്രിഫറന്‍സ് പദ്ധതിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ പങ്കാളികളാകണം
  • ഐടി മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് വലിയ അവസരങ്ങള്‍
  • നിര്‍ണായകമായ ധാതുക്കളുടെ മേഖലയുടെ ഇന്ത്യയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആഫ്രിക്കക്ക് കഴിയും

Update: 2024-08-22 04:36 GMT

ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാന്‍ വലിയ സാധ്യതയാണുള്ളതെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യക്കും ആഫ്രിക്കന്‍ മേഖലക്കും അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ യുഎസ് ഡോളറിലേക്ക് വ്യാപാരം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഐഐയുടെ ഇന്ത്യ-ആഫ്രിക്ക ബിസിനസ് കോണ്‍ക്ലേവില്‍ സംസാരിച്ച ഗോയല്‍, കൃഷി, ഫാര്‍മസ്യൂട്ടിക്കല്‍സ്, മൈനിംഗ്, ടൂറിസം, ഓട്ടോ, ക്രിട്ടിക്കല്‍ മിനറല്‍സ്, റിന്യൂവബിള്‍ എനര്‍ജി എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാന മേഖലകള്‍ എന്ന് എടുത്തുകാട്ടി.

ഈ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതുവഴി നിലവിലുള്ള വ്യാപാരം ഇരട്ടിയാക്കാന്‍ കഴിയുമെന്നാണ് ഗോയലിന്റെ വിശ്വാസം. ഇന്ത്യയുടെ ഡ്യൂട്ടി ഫ്രീ താരിഫ് പ്രിഫറന്‍സ് (ഡിഎഫ്ടിപി) പദ്ധതിയില്‍ 33 രാജ്യങ്ങള്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളെ ഈ പങ്കാളിത്തത്തിലേക്ക് ഉള്‍പ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, ആരോഗ്യം, സാമ്പത്തിക സേവന ആവശ്യങ്ങള്‍ എന്നിവയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നതിനാല്‍ ഐടി മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് അവസരങ്ങളുണ്ട്.

നമ്മുടെ പരസ്പര ശക്തികള്‍ കണക്കിലെടുത്ത് വിനോദ മേഖലയിലും ഒരു സാധ്യതയുണ്ട്. സ്പോര്‍ട്സിലും, നമുക്ക് സഹകരണം വര്‍ധിപ്പിക്കാന്‍ കഴിയും,'' അദ്ദേഹം പറഞ്ഞു.

ധാതു സമ്പന്നമായ ആഫ്രിക്കയ്ക്ക് നിര്‍ണായകമായ ധാതുക്കളുടെ, പ്രത്യേകിച്ച് ഇ.വി മേഖലയുടെ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

കോബാള്‍ട്ട്, കോപ്പര്‍, ലിഥിയം, നിക്കല്‍, തുടങ്ങിയ നിര്‍ണായക ധാതുക്കള്‍, കാറ്റാടിയന്ത്രങ്ങള്‍ മുതല്‍ ഇലക്ട്രിക് കാറുകള്‍ വരെയുള്ള ക്ലീന്‍ എനര്‍ജിയുടെ സാങ്കേതികവിദ്യാനിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

ഖനനത്തിലെ സുസ്ഥിരമായ സമ്പ്രദായങ്ങള്‍ സഹകരണത്തിന്റെ ഒരു മേഖലയായി മാറുമെന്നും ഇന്ത്യയിലെ ധാതുക്കളുടെ മൂല്യവര്‍ദ്ധന സംയുക്ത പങ്കാളിത്തത്തിലൂടെ ഏറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍, ആഫ്രിക്കയ്ക്കായി ഇന്ത്യയ്ക്ക് നിരവധി പദ്ധതികള്‍ ഉണ്ട്. എംഎസ്എംഇകളിലും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലും സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുപക്ഷവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News