ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തകരാറിൽ സക്കർബർഗിന് നഷ്ടം 3 ബില്യൺ ഡോളർ
- സക്കർബർഗിന്റെ ആസ്തി മൂല്യം ഒരു ദിവസം കൊണ്ട് $2.79 ബില്യൺ ഇടിഞ്ഞ് 176 ബില്യൺ ഡോളറായി
- തകരാറിനെ തുടർന്ന് മെറ്റയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞു
- ലോകത്തിലെ നാലാമത്തെ വലിയ ധനികനായി തുടരുന്നു
മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ തകരാറിൽ 3 ബില്യൺ ഡോളർ നഷ്ടവുമായി മാർക്ക് സക്കർബർഗ്. മെറ്റയുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം യൂസേഴ്സിനെ ബാധിച്ച ആഗോള തകരാറിന് ശേഷം ഒരു ദിവസത്തിനുള്ളിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ ആസ്തി മൂല്യം ഏകദേശം 3 ബില്യൺ ഡോളർ ഇടിഞ്ഞു.
ഈ തകരാറിനെ തുടർന്ന് മെറ്റയുടെ ഓഹരി വില 1.6 ശതമാനം ഇടിയുകയും, ഇതോടൊപ്പം ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിൽ സക്കർബർഗിന്റെ ആസ്തി മൂല്യം ഒരു ദിവസം കൊണ്ട് 2.79 ബില്യൺ ഡോളർ ഇടിഞ്ഞ് 176 ബില്യൺ ഡോളറായി കുറഞ്ഞു. എങ്കിലും സക്കർബർഗ് ലോകത്തിലെ നാലാമത്തെ വലിയ ധനികനായി തുടരുന്നു.
ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന ആഗോള തകരാർ മെറ്റയുടെ ഓഹരി വിലയിലും സക്കർബർഗിന്റെ ആസ്തിയിലും പ്രതികൂല പ്രതിഫലനങ്ങൾ ഉണ്ടാക്കി. ഓവർനൈറ്റ് ട്രേഡിങിൽ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്.
ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ പ്രവേശിക്കുന്നതിൽ ഉപയോക്താക്കൾ ബുദ്ധിമുട്ടുകൾ നേരിട്ടു. ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന തകരാറിന് ശേഷം എല്ലാ ആപ്ലിക്കേഷനുകളും സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങി.
തകരാറിനിടെ, ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഉപയോക്താക്കൾ "failure to load" എന്ന പേജുകൾ കണ്ടതായി റിപ്പോർട്ട് ചെയ്തു. ചില ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പഴയ സ്റ്റോറികൾ മാത്രം കാണാൻ സാധിച്ചു. എന്നാൽ, തകരാറിനിടെ ധാരാളം ഫേസ്ബുക്ക് അക്കൗണ്ടുകൾ യാന്ത്രികമായി ലോഗ് ഔട്ട് ചെയ്യപ്പെട്ടു.