ഇന്ത്യയുടെ വിവരങ്ങൾ ചോർത്തി ചൈനീസ് ഹാക്കിങ് കമ്പനി
- ഇന്ത്യയടക്കം 80 ലധികം രാജ്യങ്ങളുടെ വിവരങ്ങൾ ചോർത്തി
- 570 ഫയലുകളും ചിത്രങ്ങളും ചാറ്റ് ലോഗുകളും അടങ്ങിയ ഡാറ്റാ സ്പ്രെഡ് ഷീറ്റ് പുറത്ത്
- ചാരപ്രവർത്തന സേവനങ്ങൾ നൽകാൻ നൂറുകണക്കിന് സ്വകാര്യ കമ്പനികൾ
ഇന്ത്യയുടെ വിവരങ്ങൾ ചോർത്തി ചൈനീസ് ഹാക്കിങ് കമ്പനി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചൈന ആസ്ഥാനമായ ഐസൂൺ എന്ന ഹാക്കിങ് കമ്പനി ഇന്ത്യയടക്കം 80 ലധികം രാജ്യങ്ങളുടെ വിവരങ്ങൾ ചോർത്തി, ചൈനീസ് സർക്കാരിനും സുരക്ഷാ ഏജൻസികൾക്കും കൈമാറിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ചൈനയുടെ ചാരപ്രവർത്തനങ്ങളുടെയും സൈബർ നിരീക്ഷണത്തിന്റെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ചൈനീസ് സ്റ്റേറ്റ്-ലിങ്ക്ഡ് ഹാക്കിങ് ഗ്രൂപ്പ് ഐസൂൺ ഇന്ത്യയുടെ 95.2 ജി ബി കുടിയേറ്റ വിവരങ്ങൾ ചോർത്തിയതായും വാഷിങ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നു. ഈ റിപ്പോർട്ട് ഇന്ത്യയിലെ സൈബർ സുരക്ഷാ മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായി തീർന്നിരിക്കുകയാണ്.
ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്കും സൈനിക ഗ്രൂപ്പുകൾക്കും വേണ്ടി ഡാറ്റാ ശേഖരണ സേവനങ്ങൾ നൽകുന്ന ഷാങ്ഹായി ആസ്ഥാനമായ ഐസൂൺ എന്ന കമ്പനിയിൽ നിന്നാണ് രേഖകൾ പുറത്ത് വന്നത്. മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികളുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലെ പോരായ്മകൾ മുതലെടുത്താണ് ഹാക്കർമാർ ഡാറ്റ ചോർത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് സർക്കാരിന് ചാരപ്രവർത്തന സേവനങ്ങൾ നൽകുന്ന "നൂറുകണക്കിന് സ്വകാര്യ കമ്പനികളിൽ" ഒന്ന് മാത്രമാണ് ഐ-സൂൺ എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു സ്പ്രെഡ്ഷീറ്റിൽ ഐ-സൂൺ ഹാക്കർമാർ വിജയകരമായി ഭേദിച്ച വിദേശ ലക്ഷ്യസ്ഥാനങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. 80 ഓളം വിദേശ രാജ്യങ്ങളെ കുറിച്ചുള്ള ലക്ഷ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്‌ക്കൊപ്പം ഹോങ്കോങ്ങ്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിങ്ഡം, തായ്‌വാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു. ഇന്ത്യയുടെ 95.2 ജി ബി കുടിയേറ്റ വിവരങ്ങൾക്കു പുറമേ ദക്ഷിണ കൊറിയൻ ടെലികോം കമ്പനിയായ എൽ ജി യു പ്ലസ്-ന്റെ 3 ടെറാബൈറ്റ് കോൾ ലോഗുകളും ചോർത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ചൈനയുടെ ചാര പ്രവർത്തനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നത്. 570 ഫയലുകളും ചിത്രങ്ങളും ചാറ്റ് ലോഗുകളും അടങ്ങിയ ഈ ഡാറ്റാ കാഷെ ചൈനീസ് സർക്കാരിന്റെ ഹാക്കിംഗ് പ്രവർത്തനങ്ങളെക്കുറിച്ച് ഇതുവരെ ലഭിച്ചിട്ടില്ലാത്ത വിവരങ്ങൾ നൽകുന്നു. ടെലിഗ്രാം, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകളിൽ നിന്നുള്ള വ്യക്തിഗത ഡാറ്റയും ചോർത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ചൈനയുടെ ഹാക്കിങ് പ്രവർത്തനങ്ങളെ കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുൻകാലങ്ങളിൽ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2020 ജൂണിൽ നടന്ന ഗൽവൻ സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.