വിപണിയില്‍ തുടര്‍ചലനങ്ങള്‍ പ്രതീക്ഷിക്കാം

ഇന്ത്യന്‍ വിപണിയിലെ വ്യാപാരം ഇന്ന് പോസിറ്റീവായി തുടങ്ങാനാണ് സാധ്യത. ഇന്നലെ ഉച്ചയ്ക്കുശേഷമുണ്ടായ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ലാഭത്തിലേക്ക് വന്ന വിപണി ഇന്നും ഉയരാനുള്ള അനുകൂലഘടകങ്ങള്‍ ഏറെയാണ്. ഇതുവരെ ലഭ്യമായിട്ടുള്ള ആഭ്യന്തര സാമ്പത്തിക സൂചകങ്ങള്‍ വിപണിക്ക് ഏറെ സഹായകരമാണ്. സാമ്പത്തിക വളര്‍ച്ച കുറയുന്നതിന്റെ യാതൊരു സൂചനയും കാണുന്നില്ല. ഉയര്‍ന്ന വാഹന വില്‍പ്പന കണക്കുകള്‍, വര്‍ദ്ധിച്ച ജിഎസ്ടി വരുമാനം എന്നിവയ്ക്കു പുറമേ ബാങ്കുകളുടെ ഒന്നാംപാദത്തിലെ വായ്പകളില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും സ്വകാര്യ ബാങ്കുകളുടെ വായ്പാ വിതരണം മികച്ച നിലയിലാണ്. എച്ച്ഡിഎഫ്‌സി […]

;

Update: 2022-07-04 22:32 GMT

ഇന്ത്യന്‍ വിപണിയിലെ വ്യാപാരം ഇന്ന് പോസിറ്റീവായി തുടങ്ങാനാണ് സാധ്യത. ഇന്നലെ ഉച്ചയ്ക്കുശേഷമുണ്ടായ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ലാഭത്തിലേക്ക് വന്ന വിപണി ഇന്നും ഉയരാനുള്ള അനുകൂലഘടകങ്ങള്‍ ഏറെയാണ്.

ഇതുവരെ ലഭ്യമായിട്ടുള്ള ആഭ്യന്തര സാമ്പത്തിക സൂചകങ്ങള്‍ വിപണിക്ക് ഏറെ സഹായകരമാണ്. സാമ്പത്തിക വളര്‍ച്ച കുറയുന്നതിന്റെ യാതൊരു സൂചനയും കാണുന്നില്ല. ഉയര്‍ന്ന വാഹന വില്‍പ്പന കണക്കുകള്‍, വര്‍ദ്ധിച്ച ജിഎസ്ടി വരുമാനം എന്നിവയ്ക്കു പുറമേ ബാങ്കുകളുടെ ഒന്നാംപാദത്തിലെ വായ്പകളില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും സ്വകാര്യ ബാങ്കുകളുടെ വായ്പാ വിതരണം മികച്ച നിലയിലാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൊത്തം വായ്പകള്‍ 21 ശതമാനം ഉയര്‍ന്നു. ഇതു കാണിക്കുന്നത് രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നുവെന്നാണ്. ഇത് വിപണിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ഇന്ന് വിപണിയെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങളിലൊന്ന് സര്‍വീസസ് പിഎംഐ ഫലമാണ്.

വളര്‍ച്ചയ്ക്ക് തടസമാകുന്ന പ്രധാനഘടകം വര്‍ദ്ധിക്കുന്ന വ്യാപാര കമ്മിയാണ്. ക്രൂഡോയില്‍, സ്വര്‍ണം, കല്‍ക്കരി എന്നിവയുടെ ഉയരുന്ന ഇറക്കുമതിയാണ് ഇതിനു പ്രധാന കാരണം. കൂടാതെ, ഇന്ത്യയില്‍ നിന്നുള്ള കറ്റുമതിയില്‍ നേരിയ വര്‍ദ്ധനവു മാത്രമേ ഉണ്ടാകുന്നുള്ളു. പതിനേഴ് ശതമാനം വര്‍ദ്ധനവാണ് കയറ്റുമതിയില്‍ ഒന്നാംപാദത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, ഇറക്കുമതിയിലെ വര്‍ദ്ധനവ് 51 ശതമാനമായി. ഇതോടൊപ്പം, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വര്‍ദ്ധിച്ച ഓഹരി വില്‍പ്പനയും കൂടിയാകുമ്പോള്‍ രൂപയുടെ മേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടാകും. ഇന്നലെ, രൂപ നേരിയ നേട്ടത്തില്‍ 78.95 ലാണ് ക്ലോസ് ചെയ്തത്.

യുഎസ്-ഏഷ്യന്‍ വിപണികള്‍
ഏഷ്യന്‍ വിപണികളില്‍ ഇന്നു രാവിലെ സമ്മിശ്ര പ്രതികരണമാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി, ജപ്പാനിലെ നിക്കി, ഹോംകോംഗിലെ ഹാങ്‌സെങ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ ലാഭത്തിലാണ്. എന്നാല്‍, ഷാങ്ഹായ് കോംപസിറ്റ്, ചൈന എ50, തായ്‌വാന്‍ വെയിറ്റഡ് എന്നീ സൂചികകള്‍ നഷ്ടത്തിലാണ്. ചൈനീസ് കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ചില തീരുവകള്‍ എടുത്തു കളയുവാന്‍ ബൈഡന്‍ ഭരണകൂടം ആലോചിക്കുന്നുവെന്ന വാര്‍ത്ത ഏഷ്യന്‍ വിപണികളില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. ഉയരുന്ന പണപ്പെരുപ്പത്തെ നേരിടാനുള്ള അമേരിക്കയുടെ പല നടപടികളില്‍ ഒന്നാണിത്. അമേരിക്കന്‍ വിപണികളും ഇന്നലെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ക്രൂഡോയില്‍
ക്രൂഡോയില്‍ വില ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സിന്റെ വില 114 ഡോളറിനടുത്താണ്. നോര്‍വീജിയന്‍ ഓഫ്‌ഷോര്‍ തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചതിനാല്‍ എണ്ണയുടെ വിതരണത്തില്‍ തടസങ്ങളുണ്ടാകുമെന്ന കണക്കുകൂട്ടലാണ് വില ഉയരാനുള്ള കാരണം. മാന്ദ്യ ഭീതിയേക്കാളുപരി വിതരണ തടസങ്ങളും ഉത്പാദനക്കുറവും വിപണിയില്‍ മേല്‍ക്കൈ നേടുന്നതിന്റെ സൂചനയാണിത്.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റയനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,149.56 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,688.39 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "വിപണിക്ക് കൃത്യമായ ഒരു ദിശയില്ല. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥകള്‍ പരിഗണിക്കുമ്പോള്‍ ഈ സാഹചര്യം കുറച്ചുകാലത്തേക്ക് തുടരാനാണിട. അമേരിക്കന്‍ സമ്പദ്ഘടന ഒരു മാന്ദ്യത്തിലേക്ക് വീഴുമോയെന്ന കാര്യത്തിലും ആഗോള സാമ്പത്തിക മാന്ദ്യം എത്രമാത്രം രൂക്ഷമാണെന്നതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഉയരുന്ന ക്രൂഡോയില്‍ വിലകളും പണപ്പെരുപ്പവും ഓഹരി വിപണികളെ പിന്നോട്ടടിച്ചേക്കാം. വിപണിയിലെ വിലയിടിവ് ഓഹരികളുടെ മൂല്യ നിര്‍ണയത്തില്‍ ഏറെക്കുറെ മിതത്വം കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും അവ ഇപ്പോഴും ആകര്‍ഷകമായിട്ടില്ല. പ്രമുഖ ധനകാര്യ ഓഹരികള്‍ സുരക്ഷിതമായ നിക്ഷേപമാണ്."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,790 രൂപ (ജൂലൈ 05)
ഒരു ഡോളറിന് 78.98 രൂപ (ജൂലൈ 05)
ബ്രെന്റ് ക്രൂഡ് ബാരലിന് 113.56 ഡോളര്‍ (8.35 am)
ഒരു ബിറ്റ് കോയിന്റെ വില 16,25,699 രൂപ (8.35 am)

Tags:    

Similar News