എൽഐസി ഐപിഒ ആരംഭിക്കാൻ മെയ് 12 വരെ സർക്കാരിന് അനുമതിയുണ്ട്

ഡെൽഹി: മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ പുതിയ പേപ്പറുകൾ ഫയൽ ചെയ്യാതെ തന്നെ എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ആരംഭിക്കാൻ മെയ് 12 വരെ സർക്കാരിന് സമയമുണ്ടെന്ന് പുതിയ റിപ്പോർട്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) ഏകദേശം 31.6 കോടി ഓഹരികൾ (5 ശതമാനം) വിൽക്കുന്നത് മാർച്ചിൽ ആരംഭിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതുവഴി സർക്കാറിലേക്ക് 60,000 കോടി രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഉക്രെയ്ൻ പ്രതിസന്ധിയെ തുടർന്ന് ഓഹരി വിപണി വളരെ അസ്ഥിരമായതിനാൽ പദ്ധതി പാളം തെറ്റി. […]

Update: 2022-03-13 06:34 GMT

ഡെൽഹി: മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ പുതിയ പേപ്പറുകൾ ഫയൽ ചെയ്യാതെ തന്നെ എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ആരംഭിക്കാൻ മെയ് 12 വരെ സർക്കാരിന് സമയമുണ്ടെന്ന് പുതിയ റിപ്പോർട്ട്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) ഏകദേശം 31.6 കോടി ഓഹരികൾ (5 ശതമാനം) വിൽക്കുന്നത് മാർച്ചിൽ ആരംഭിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതുവഴി സർക്കാറിലേക്ക് 60,000 കോടി രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഉക്രെയ്ൻ പ്രതിസന്ധിയെ തുടർന്ന് ഓഹരി വിപണി വളരെ അസ്ഥിരമായതിനാൽ പദ്ധതി പാളം തെറ്റി.

ഫെബ്രുവരി 13 ന്, ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) സർക്കാർ സെബിക്ക് സമർപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.

"സെബിയിൽ സമർപ്പിച്ച പേപ്പറുകളെ അടിസ്ഥാനമാക്കി ഐപിഒ ആരംഭിക്കുന്നതിന് മെയ് 12 വരെ ഞങ്ങൾക്ക് സമയമുണ്ട്. ഞങ്ങൾ വിപണിയിലെ ചാഞ്ചാട്ടം നിരീക്ഷിക്കുകയാണ്, പ്രൈസ് ബാൻഡ് നൽകുന്ന ആർഎച്ച്പി (RHP) ഉടൻ ഫയൽ ചെയ്യും," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സെബിയിൽ സമർപ്പിച്ച ഡിആർഎച്ച്പിയിൽ എൽഐസിയുടെ സാമ്പത്തിക ഫലങ്ങളുടെയും 2021 സെപ്റ്റംബർ വരെയുള്ള മൂല്യത്തിന്റെയും വിശദാംശങ്ങളുണ്ടായിരുന്നു. സർക്കാരിന് ലഭ്യമായ മെയ് 12 എന്ന കാലയളവ് നഷ്‌ടപ്പെടുകയാണെങ്കിൽ, സെബിയിൽ എൽഐസി ഡിസംബർ പാദത്തിലെ ഫലങ്ങൾ നൽകുന്ന പുതിയ പേപ്പറുകൾ ഫയൽ ചെയ്യുകയും, എംബഡഡ് മൂല്യം അപ്‌ഡേറ്റ് ചെയ്യുകയും വേണം.

ഒരു ഇൻഷുറൻസ് കമ്പനിയിലെ ആകെ ഓഹരി ഉടമകളുടെ മൂല്യത്തിന്റെ അളവുകോലാണ് എംബഡഡ് മൂല്യം. എൽഐസിയുടെ എംബഡഡ് മൂല്യം അന്താരാഷ്ട്ര ആക്ച്ചേറിയൽ സ്ഥാപനമായ മില്ലിമാൻ അഡൈ്വസേഴ്‌സ്, 2021 സെപ്റ്റംബർ 30 വരെ, ഏകദേശം 5.4 ലക്ഷം കോടി രൂപയായി കണക്കാക്കിയിട്ടുണ്ട്. എൽഐസിയുടെ വിപണി മൂല്യനിർണ്ണയം ഡിആർഎച്ച്പി വെളിപ്പെടുത്തുന്നില്ലെങ്കിലും, വ്യവസായ നിലവാരമനുസരിച്ച് അത് ഈ മൂല്യത്തിന്റെ ഏകദേശം 3 മടങ്ങ് വരും.

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിപണിയിലെ ചാഞ്ചാട്ടം കുറഞ്ഞിട്ടുണ്ടെങ്കിലും, ചില്ലറ നിക്ഷേപകർക്ക് സ്റ്റോക്കിൽ നിക്ഷേപിക്കാൻ ആത്മവിശ്വാസം ലഭിക്കുന്നതിനായി വിപണി കൂടുതൽ സ്ഥിരത കൈവരിക്കുന്നത് വരെ കാത്തിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എൽഐസി അതിന്റെ മൊത്തം ഐപിഒ യുടെ 35 ശതമാനം വരെ റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വർഷത്തിൽ 78,000 കോടി രൂപയുടെ വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കുന്നതിന് ലൈഫ് ഇൻഷുറൻസ് സ്ഥാപനത്തിന്റെ ഏകദേശം 31.6 കോടി, അല്ലെങ്കിൽ 5 ശതമാനം, ഓഹരികൾ വിറ്റ് 60,000 കോടി രൂപ നേടാനാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നു. മാർച്ചിനുള്ളിൽ ഓഹരി വിൽപന നടന്നില്ലെങ്കിൽ, സർക്കാരിന് നഷ്ടമുണ്ടാകുമെന്നാണ് കണക്കു കൂട്ടൽ.

5 ശതമാനം ഓഹരികൾ എന്നത്, എൽഐസി ഐപിഒ യെ ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വിപണനം ആക്കി മാറ്റും. ലിസ്റ്റുചെയ്താൽ എൽഐസിയുടെ വിപണി മൂല്യം റിലയൻസ്, ടിസിഎസ് തുടങ്ങിയ മുൻനിര കമ്പനികളുടേതുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും, പൊതു ഓഫറിൽ പോളിസി ഉടമകൾക്കോ, ​​എൽഐസി ജീവനക്കാർക്കോ നൽകുന്ന കിഴിവ് സർക്കാർ ഡിആർഎച്ച്പിയിൽ വെളിപ്പെടുത്തിയിട്ടില്ല.

മാനദണ്ഡങ്ങൾ അനുസരിച്ച്, ഇഷ്യൂ സൈസിന്റെ 5 ശതമാനം വരെ ജീവനക്കാർക്കും, 10 ശതമാനം പോളിസി ഉടമകൾക്കും സംവരണം ചെയ്യാവുന്നതാണ്.

Tags:    

Similar News