എൽഐസി ഐപിഒ മാർച്ച് 11-നു സാധ്യത; ഡീമാറ്റ് അക്കൗണ്ടിൽ വൻ കുതിപ്പ് പ്രതീക്ഷിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയുടെ ഗതി മാറ്റിയേക്കാവുന്ന രീതിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) മെഗാ ഐപിഒ മാർച്ച് 11-നു വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഓഹരി വിപണിയിലെ  റീട്ടെയിൽ പങ്കാളിത്തം വർധിപ്പിക്കാൻ ഐപിഒയുടെ 10% എൽഐസിയുടെ പോളിസി ഉടമകൾക്കായി നീക്കിവെയ്ക്കാൻ  ഗവണ്മെന്റ് തീരുമാനിച്ചു എന്നതാണ് ഇതിനെ മറ്റെല്ലാ പ്രാഥമിക ഓഹരികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കൂടാതെ, വരാനിരിക്കുന്ന ഐപിഒയിൽ പോളിസി ഉടമകൾക്ക് ഇഷ്യൂ വിലയിൽ 5% കിഴിവും ലഭിച്ചേക്കാം. ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു പുത്തൻ ഉണർവ്വിനുള്ള  സാധ്യതയാണ് […]

Update: 2022-02-18 08:30 GMT

ഇന്ത്യൻ ഓഹരി വിപണിയുടെ ഗതി മാറ്റിയേക്കാവുന്ന രീതിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) മെഗാ ഐപിഒ മാർച്ച് 11-നു വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

ഓഹരി വിപണിയിലെ റീട്ടെയിൽ പങ്കാളിത്തം വർധിപ്പിക്കാൻ ഐപിഒയുടെ 10% എൽഐസിയുടെ പോളിസി ഉടമകൾക്കായി നീക്കിവെയ്ക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു എന്നതാണ് ഇതിനെ മറ്റെല്ലാ പ്രാഥമിക ഓഹരികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കൂടാതെ, വരാനിരിക്കുന്ന ഐപിഒയിൽ പോളിസി ഉടമകൾക്ക് ഇഷ്യൂ വിലയിൽ 5% കിഴിവും ലഭിച്ചേക്കാം.

ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു പുത്തൻ ഉണർവ്വിനുള്ള സാധ്യതയാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിക്ക് 29 കോടിയിലധികം പോളിസി ഉടമകളുണ്ട്. എന്നാൽ രാജ്യത്താകമാനമുള്ളതാകട്ടെ ഏകദേശം 8 കോടി ഡിമാറ്റ് അക്കൗണ്ടുകളാണ്. എൽഐസി പോളിസി ഉടമകൾക്ക് ഐപിഒയിൽ പങ്കെടുക്കുന്നതിന് ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

എൽഐസിയുടെ പോളിസി ഉടമകൾ ഐപിഒ യ്ക്ക് അപേക്ഷിക്കുന്നതിന് വേണ്ടി ഏതാനും ആഴ്ചകൾക്കകം കൂടുതൽ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുമെന്ന് വിപണി വിദഗ്ദ്ധന്മാർ കണക്കുകൂട്ടുന്നു. ഇതോടെ ആദ്യമായി ഓഹരി വിപണിയിൽ എത്തുന്ന നിക്ഷേപകരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകും.

എൽഐസിയുടെ പ്രാരംഭ പബ്ലിക് ഓഫറിന് കഴിഞ്ഞ വർഷം ജൂലൈയിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) കോർപറേഷന്റെ പ്രാഥമിക ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ) നിർദ്ദേശം അംഗീകരിച്ചു. എൽഐസി കഴിഞ്ഞാഴ്ച സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയൽ ചെയ്യുകയുമുണ്ടായി.

ഏകദേശം 65,000 കോടി രൂപയാണ് ഐപിഒ-യിൽ നിന്ന് എൽഐസി പ്രതീക്ഷിക്കുന്നത്.

വിദഗ്ധരുടെ അഭിപ്രായത്തിൽ ലിസ്റ്റിംഗിനു ശേഷം എൽഐസിക്ക് 13-15 ലക്ഷം കോടി രൂപയുടെ വിപണി മൂലധനം ലഭിക്കും.

എൽഐസി ജീവനക്കാർ, പോളിസി ഉടമകൾ, റീട്ടെയിൽ വ്യാപാരികൾ എന്നിവർക്ക് 5 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

2021 സാമ്പത്തിക വർഷത്തിൽ 44 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എൽഐസിയുടെ 100 ശതമാനം ഓഹരിയും ഇപ്പോൾ സർക്കാരിന്റെ കൈവശമാണ്. നിലവിൽ, 34.3 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 29 കോടി ലൈഫ് പോളിസി ഉടമകൾ എൽഐസിക്കുണ്ട്.

കോര്പറേഷന് ഇപ്പോൾ 2,048 ബ്രാഞ്ച് ഓഫീസുകളും എട്ട് സോണൽ ഓഫീസുകളും 113 ഡിവിഷണൽ ഓഫീസുകളും 11.48 ലക്ഷം ഏജന്റുമാരുമുണ്ട്.

ഈ ഐപിഓയ്ക്ക് അപേക്ഷിക്കണമെങ്കിൽ പാൻ കാർഡ് ലൈഫ് ഇൻഷുറൻസ് പോളിസിയുമായി ലിങ്ക് ചെയ്തിരിക്കണം എന്നൊരു നിബന്ധനകൂടിയുണ്ട്.

"എൽഐസി ഐപിഒയിൽ പങ്കെടുക്കാൻ ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്ത ലൈഫ് ഇൻഷുറൻസ് പോളിസി ഉടമകളുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ, എൽഐസി സബ്‌സ്‌ക്രിപ്‌ഷൻ തുറക്കുന്നതിന് മുമ്പ് ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു,” ഐഐഎഫ്എൽ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് അനൂജ് ഗുപ്ത പറഞ്ഞു.

“മാത്രമല്ല, ലൈഫ് ഇൻഷുറൻസ് പോളിസിയുമായി പാൻ ലിങ്ക് ചെയ്യാത്ത നിരവധി പോളിസി ഉടമകൾ ഉണ്ട്. അത്തരം പോളിസി ഉടമകൾക്ക് ഐപിഒയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല. അതിനാൽ, എൽഐസി പോളിസി ഉടമകൾ അവരുടെ പാൻ അവരുടെ ലൈഫ് ഇൻഷുറൻസ് പോളിസിയുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശിക്കുന്നു,” അനൂജ് ഗുപ്ത, തുടർന്നു.

ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം:

ലൈഫ് ഇൻഷുറൻസ് പോളിസി ഉടമകൾ തങ്ങളുടെ എൽഐസി പോളിസിക്കൊപ്പം പാൻ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു നോക്കാവുന്നതാണ്.

https://licindia.in/Home/Online-PAN-Registration

Tags:    

Similar News